റായ്പൂര്‍: ഭാരതത്തിലെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നെന്ന് ആര്‍എസ്എസ്. എന്നാല്‍ അത് വെറുപ്പിന്റെയോ സ്നേഹത്തിന്റെയോ അടിസ്ഥാനത്തിലെന്നതാണ് പ്രശ്നമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. റായ്പൂരില്‍ ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോടു പങ്കുവയ്ക്കുന്നതിനിടെയാണ് ഡോ. മന്മോഹന് വൈദ്യയുടെ പ്രതികരണം.
കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവര്‍ ആര്‍എസ്എസിനെതിരേ വിദ്വേഷം പ്രചരിപ്പിച്ചു ജനങ്ങളെ ഒരുമിപ്പിച്ചു ചേര്‍ക്കാമെന്നാണ് കരുതുന്നത്. അത്തരം ഗിമ്മിക്കുകള്‍ കൊണ്ട് നേട്ടമുണ്ടാകുമെന്നു തോന്നുന്നില്ല, അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഏകാത്മകമാക്കുന്ന സത്ത ആത്മീയതയാണ്. അതിന്റെ പേര് ഹിന്ദുത്വമെന്നാണ്. അതൊരു മതമല്ല. ഈ സത്യം മനസ്സിലാക്കി രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.
അല്ലാതെ നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരേ വിദ്വേഷം പരത്തി അതിന്റെ പേരില്‍ ജനങ്ങളെ കൂട്ടാമെന്നു കരുതുന്നത് വെറും രാഷ്ട്രീയ ഗിമ്മിക്കായേ കാണാനാകൂ. ആര്‍എസ്എസിനെതിരേ വിദ്വേഷ പ്രചാരണം അവര്‍ ഇപ്പോള്‍ തുടങ്ങിയതല്ല. പാരമ്പര്യമായി ചെയ്തുവരുന്നതാണ്. സംഘത്തെ അവര്‍ നിരോധിച്ചു നോക്കി. എന്നിട്ടും സംഘം വളരുകയായിരുന്നു. അതിന്റെ കാരണം സംഘം പ്രവര്‍ത്തിക്കുന്നത് സത്യത്തെ ആധാരമാക്കിയാണ് എന്നതാണ്. സമാജത്തിന്റെയും സമര്‍പ്പിതരായ സ്വയംസേവകരുടെയും കരുത്തില്‍ സംഘം കൂടുതല്‍ വളരുകയാണ്. ആര്‍എസ്എസ് ഗണവേഷത്തിന്റെ ഭാഗമായിരുന്ന കാക്കി നിക്കര്‍ കത്തിക്കുന്ന ചിത്രം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് അതവരുടെ വെറുപ്പിന്റെ അടയാളമാണെന്നും അത്തരം കാര്യങ്ങളില്‍ കൂടുതല്‍ അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: