തിരുവനന്തപുരം: കേരളത്തിന്റെ അഭിമാ പദ്ധതിയായ വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വെയ്‌ക്കാന്‍ രാഹുല്‍ ഗാന്ധി. പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ അദേഹം കണ്ട് പിന്തുണ അര്‍പ്പിക്കും. ‘ഭാരത് ജോഡോ’ യാത്രയുടെ ഭാഗമായാണ് രാഹുല്‍ വിഴിഞ്ഞം സമരക്കാരെ കാണുന്നത്. അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത നിലപാടെടുത്തു.
വിഴിഞ്ഞത്ത് ബഹുജന സമരത്തിന് ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസം പിന്നിട്ടിട്ടും അനുകൂല നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് അതിരൂപതയുടെ പുതിയ നീക്കം.
ഇന്നത്തെ കുര്‍ബാനയ്‌ക്കിടയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചത്. ബഹുജന സമരത്തിന് വിവിധ സംഘടനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ മാസം പതിനാലിന് മൂലമ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് രൂപതകളോട് കെസിബിസി അധ്യക്ഷനും സീ റോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാല്‍ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തിരുന്നു. 18ന് മാര്‍ച്ച് വിഴിഞ്ഞത്തെത്തും. ഇതിനിടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍ യൂജിന്‍ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിന്‍ പെരേര പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന് സമരസമിതിക്കാരോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ആശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതിനാല്‍ തന്നെ രാഹുലിനെ സമരം നടക്കുന്ന സ്ഥലത്തേക്ക് കേരള പോലീസ് അടുപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: