ഡോ. എല്‍.മുരുകന്
പരിണാമ ചക്രത്തില്‍ മാത്രമല്ല, എല്ലാ പ്രധാന പുരാതന നാഗരികതകളുടെ കഥകളിലും ‘മത്സ്യം’ അദ്വിതീയമായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പ്രഥമാവതാരമായ മത്സ്യാവതാരത്തെക്കുറിച്ച് നമ്മുടെ പുരാണങ്ങളില്‍ പ്രതിപാദ്യമുണ്ട്. പുരാതന തമിഴ്നാട്ടിലെ മനോഹരമായ സംഘ സാഹിത്യ കൃതികളില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും കൊതുമ്പു വള്ളങ്ങളെയും കുറിച്ച് (അകനാനൂറു) വ്യക്തമായി വിവരിക്കുന്നു. സിന്ധുനദീതട ഉത്ഖനനങ്ങള്‍ പുരാതന ഇന്ത്യയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു നടന്നിരുന്ന വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. വിശാലമായ കടല്‍ത്തീരങ്ങളും വന്‍ നദികളുമുള്ള ഇന്ത്യ വൈവിദ്ധ്യമാര്‍ന്ന മത്സ്യവിഭവങ്ങളാല്‍ സമ്പന്നമാണ്. മത്സ്യവും മത്സ്യത്തൊഴിലാളികളും തുടക്കം മുതല്‍ തന്നെ നമ്മുടെ സംസ്കാരത്തില്‍ ഒരു സുപ്രധാന സ്ഥാനം നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ മത്സ്യബന്ധന മേഖല അതാത് സംസ്ഥാനങ്ങളുടെ പരിഗണനകളും മുന്‍ഗണനകളും വിഭവങ്ങളും അനുസരിച്ച് വ്യത്യസ്ത വേഗതയിലും ദിശകളിലും വികസിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ചെറിയ പങ്കാളിത്തമോ നിക്ഷേപമോ ലഭ്യമാകാതെ (സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെ മത്സ്യമേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ആകെ അനുവദിച്ചത് 3682 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു) ഇന്ത്യന്‍ മത്സ്യബന്ധന മേഖല വലിയ അവഗണനയില്‍ തുടര്‍ന്നു. ഇന്‍ഷുറന്‍സ്, സേഫ്റ്റി കിറ്റ്, വായ്പാ സൗകര്യം, വിളവെടുപ്പിന് ശേഷമുള്ള വിപണന സഹായം തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ പിന്തുണയില്ലാതെ തന്നെ ധീരരായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ഉപജീവനത്തിന്റെയും പ്രധാന സ്രോതസ്സായിരുന്ന ഈ മേഖല 67 വര്‍ഷം വിശാലമായ കടലില്‍ ചുക്കാന്‍ ഇല്ലാത്ത കപ്പല്‍ പോലെ ഒഴുകി നടന്നു.
പ്രശ്നങ്ങള്‍ അനവധിയായിരുന്നു, തീര്‍ത്താല്‍ തീരാത്തവയുമായിരുന്നു.അന്നത്തെ ഗവണ്മെന്റിന്റെ അഴിമതിയിലും നയ സ്തംഭനത്തിലും മടുത്ത ഇന്ത്യയിലെ ജനങ്ങള്‍ 2014ല്‍ ഒരു തീരുമാനമെടുക്കുകയും കേന്ദ്രത്തില്‍ നിര്‍ണ്ണായകമായ ഭരണമാറ്റം സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്പന്ദനവും മത്സ്യബന്ധന മേഖലയുടെ വേദനകളും മനസ്സിലാക്കാന്‍ കഴിയുന്ന നേതാവായ നരേന്ദ്ര മോദിയുടെ ചടുലമായ നേതൃത്വത്തില്‍ പുതിയ ഗവണ്മെന്റ് അധികാരത്തില്‍ വന്നു.
മത്സ്യമേഖലക്കായി നിരവധി പദ്ധതികള്‍
കേന്ദ്രത്തിന്റെ ശ്രദ്ധ വീണ്ടും മത്സ്യമേഖലയിലേക്ക് കൊണ്ടുവന്നു എന്നതാണ് മോദിജി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ എട്ട് വര്‍ഷമായി, നീല വിപ്ലവ പദ്ധതി, ഫിഷറിഅക്വാകള്ച്ചര് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്, പ്രധാന് മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) എന്നിവയുടെ രൂപത്തില്‍ 32,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ നടത്തി.
ഈ മേഖലയിലെ തടസ്സങ്ങള്‍ നീക്കി, ‘പരിഷ്ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക’ എന്ന മന്ത്രം പിന്തുടര്ന്ന് വന്‍ മുന്നേറ്റത്തിന് ഈ നടപടികള്‍ വഴിതെളിച്ചു. ഇത് ഇന്ത്യയുടെ മത്സ്യ ഉത്പാദനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച ഉറപ്പാക്കി. മത്സ്യ ഉത്പാദനം 201415 ലെ 102 ലക്ഷം ടണ്ണില്‍ നിന്ന് 202122ല്‍ 161 ലക്ഷം ടണ്ണായി ഉയര്‍ന്നു. 200910 മുതല്‍ 201314 വരെയുള്ള കാലയളവില്‍ മത്സ്യമേഖല 5.27 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് മാത്രം നേടിയിടത്ത്, മോദി ഗവണ്മെന്റിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ തന്നെ 10% വളര്‍ച്ച രേഖപ്പെടുത്തി.
തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട്, മത്സ്യമേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയും സമഗ്ര വികസനത്തിനായി മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന മേഖലകള്‍ക്കുള്ള പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 2020ല്‍ കൊണ്ടുവന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) മുഖേന ഇന്ത്യന്‍ മത്സ്യബന്ധന മേഖലയിലെ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമായ 20050 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രധാന പ്രേരകശക്തിയാണ് (PMMSY)യെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനം വേഗത്തില്‍
പരിഷ്കാരങ്ങളും സംരംഭങ്ങളും ഇന്ത്യന്‍ മത്സ്യബന്ധനത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും , പ്രത്യേകിച്ച് പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍/ലാന്‍ഡിംഗ് കേന്ദ്രങ്ങള്‍, പരമ്പരാഗത മത്സ്യ ബന്ധന വസ്തുക്കളുടെ നവീകരണവും മോട്ടോറൈസേഷനും, ആഴക്കടലില്‍ പോകുന്ന കപ്പലുകള്‍, മത്സ്യബന്ധനത്തിന് ശേഷമുള്ള സൗകര്യങ്ങള്‍, ശീതീകരിച്ച ശൃംഖലകള്‍, ശുചിത്വമുള്ള മത്സ്യമാര്‍ക്കറ്റുകള്‍, ഐസ് ബോക്സുകളുള്ള ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയില്‍ പ്രകടമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സാമ്പത്തിക സഹായവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യവും നല്കുന്നു.
ലളിതമായ ബിസിനസ്സ് നടപടികള്‍ (ease of doing business) കര്‍ശനമായി പിന്തുടരുന്നു. ഡിജിറ്റല്‍ ഇന്ത്യ സംവിധാനം, സാനിറ്ററി ഇംപോര്‍ട്ട് പെര്‍മിറ്റുകള്‍ (എസ്ഐപി) നേടുന്നതിനുള്ള സമയ പരിധി 45 ദിവസത്തില്‍ നിന്ന് 48 മണിക്കൂറായി ഗണ്യമായി കുറച്ചിരിക്കുന്നു. അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് എസ്പിഎഫ് ചെമ്മീന്‍ ബ്രൂഡ്സ്റ്റോക്ക് ഇറക്കുമതി ചെയ്യുന്നതിന് എസ് ഐ പി കളുടെ ആവശ്യകത ഇല്ലാതാക്കി,ഇത് നൂറുകണക്കിന് ചെമ്മീന്‍ ഹാച്ചറികളെ സഹായിക്കുന്നു. ചെമ്മീന്‍ അക്വാകള്‍ച്ചറിന് ആവശ്യമായ നിരവധി വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഗവണ്മെന്റ് കുറച്ചു, അങ്ങനെ അവരുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചു.
വൈവിധ്യവല്‍ക്കരണം
നമ്മുടെ മത്സ്യത്തൊഴിലാളികള്‍ നമ്മുടെ അഭിമാനമാണ്. മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ‘സേവ, സുശാസന്‍, ഗരീബ് കല്യാണ്‍’ എന്ന മുദ്രാവാക്യവുമായി മോദി ഗവണ്മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഈ മേഖല വൈവിധ്യവത്കരിക്കപ്പെടുന്നു. ഇപ്പോള്‍, തമിഴ്നാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ കടല്‍പ്പായല്‍ കൃഷിക്കായി പ്രവര്‍ത്തിക്കുന്നു, അതേസമയം ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ അലങ്കാര മത്സ്യബന്ധനം വികസിപ്പിക്കുന്നു. നമ്മുടെ ആസാമീസ് മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രഹ്മപുത്രയില്‍ നദീതട മീന്‍ വളര്‍ത്തല്‍ വികസിപ്പിക്കാന്‍ കഴിയും. അതേസമയം ആന്ധ്രാ സംരംഭകര്‍ അക്വാകള്‍ച്ചറില്‍ മികച്ച ശ്രമങ്ങള്‍ നടത്തുന്നു. ഓരോ തുള്ളിയില്‍ നിന്നും കൂടുതല്‍ വിളവെടുക്കുന്നു. കാശ്മീര്‍ താഴ്വരയിലെ യുവ വനിതാ സംരംഭകര്‍ ശുദ്ധ ശീതജല മത്സ്യ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. ഹരിയാനയിലെ ഉപ്പുരസമുള്ള ഭൂമി മത്സ്യബന്ധനത്തിനായി ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കുകയും തരിശുഭൂമിയെ ഉല്‍പ്പാദനക്ഷമതയുള്ള ഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു.
അക്വാകള്‍ച്ചറിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മത്സ്യ മേഖലയിലേക്ക് കഴിവുള്ളവര്‍ , സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വ മനോഭാവം എന്നിവയെ ആകര്‍ഷിക്കുന്നു. അത് വഴി ഒരു നിശബ്ദ സാമൂഹിക വിപ്ലവത്തിനും തുടക്കമിടുന്നു. അക്വാകള്‍ച്ചറിന്റെ രൂപത്തില്‍ ഇന്ത്യന്‍ മത്സ്യബന്ധനത്തിന്റെ ഒരു ഉപമേഖല നിലവില്‍ രൂപപ്പെട്ടിരിക്കുന്നു. ഇത് ആഗോള ചെമ്മീന്‍ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ മുന്‍നിര സ്ഥാനത്തേക്ക് എത്തിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ അക്വാകള്‍ച്ചര്‍ നിര്‍മ്മാതാവ്, മൂന്നാമത്തെ വലിയ മത്സ്യ ഉല്‍പ്പാദകര്‍ , മത്സ്യ, മത്സ്യബന്ധന ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ നാലാമത്തെ വലിയ രാജ്യം എന്നിങ്ങനെ ഇന്ത്യ മാറി. ബ്രാന്‍ഡ് ഇന്ത്യയെ പ്രാദേശിക തലത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് എത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: