”എന്റെ മകള്‍ക്ക് ബ്രെയിനില്‍ മള്‍ട്ടിപ്പിള്‍ സിറോസീസ് ബാധിച്ച് ഏറെ ദുരിതമനുഭവിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എറണാകുളത്തെ ഒരു പ്രസിദ്ധമായ ആശുപത്രിയിലായിരുന്നു ചികിത്സ. സ്‌കാനിങ്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വച്ച് കരയാത്ത ദിവസമുണ്ടായിരുന്നില്ല. ചില സുഹൃത്തുക്കളാണ് കാലടിക്കടുത്ത് കാഞ്ഞൂരിലെ ആയുര്‍വേദ രംഗത്തെ പ്രഗത്ഭനായ ശശിധരന്‍ ഡോക്ടറെക്കുറിച്ച് പറഞ്ഞത്. ആയുര്‍വേദത്തോട് മകള്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും നിര്‍ബന്ധത്തിനുവഴങ്ങി ഇവിടെയെത്തി. സ്‌കാനിങ്, മറ്റ് മെഡിക്കല്‍ ടെസ്റ്റുകളെല്ലാം നോക്കിയശേഷം ഡോ. ശശിധരന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ. മാസമുറ കൃത്യമാണോ? അല്ലെന്നായിരുന്നു മറുപടി. ഇതെല്ലാം യന്ത്രങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ്, നമുക്ക് ചികിത്സ തുടങ്ങാമെന്ന് പറയുകയും ചെയ്തു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ എഴുപതുശതമാനം രോഗമുക്തി നേടി. മകളുടെ വിവാഹം കഴിഞ്ഞു. ഒരുകുട്ടി ജനിക്കുകയും ചെയ്തു.” കഴിഞ്ഞമാസം നടന്ന ശശിധരന്‍ ഡോക്ടറുടെ സപ്തതി ആഘോഷവേളയില്‍ നാഗചൈതന്യം നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു മനയിലെ നമ്പൂതിരിയാണ് തന്റെ അനുഭവം വേദിയില്‍ പങ്കുവച്ചത്.
മൂന്നര പതിറ്റാണ്ടായി തുടരുന്ന ആയുര്‍വേദ ചികിത്സയിലൂടെ ശശിധരന്‍ ഡോക്ടര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവര്‍ നിരവധിയാണ്. ഒരേസമയം അധ്യാപകനും ചികിത്സകനുമായിട്ടുള്ള അപൂര്‍വ്വം ആയുര്‍വേദ ഭിക്ഷഗ്വരന്മാരില്‍ ഒരാളാണ് ഇദ്ദേഹം. കേരളത്തിനുപുറത്തുനിന്നും വിദേശത്തുനിന്നും ചികിത്സതേടി ഡോക്ടറുടെ അടുത്ത് എത്തുന്നവര്‍ നിരവധിയാണ്. പുതുതലമുറയിലെ പ്രസിദ്ധരായ പല ആയുര്‍വേദ ഡോക്ടര്‍മാരും ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. അതുകൊണ്ടുതന്നെയാണ് സപ്തതി ആഘോഷം ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഗമമായി മാറിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ആദരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും ആയുര്‍വേദത്തിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ മത്സരിക്കുകയായിരുന്നു. തന്റെ മകളെയും ശശിധരന്‍ ഡോക്ടറുടെ കീഴിലാണ് പഠിപ്പിക്കാന്‍ അയച്ചതെന്ന് അഭിമാനപൂര്‍വ്വം പറയാനും പലരും മടികാണിച്ചില്ല.
ദേശത്തിന്റെ വൈദ്യ പാരമ്പര്യം
കൊച്ചി രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന കാഞ്ഞൂര്‍-ശ്രീമൂലനഗരം ദേശത്തിന്റെ വൈദ്യപാരമ്പര്യവുമായി ഇഴപിരിഞ്ഞുകിടക്കുന്നതാണ് കളരിക്കല്‍ കുടുംബം. ഒരു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ തറവാട് രാജവാഴ്ചക്കാലം മുതല്‍ കളരിപ്പയറ്റിന്റെയും വൈദ്യത്തിന്റെയും ഈറ്റില്ലമായിരുന്നു. വൈദ്യ പ്രതിഭകളാല്‍ സമ്പന്നമായ തറവാടിന്റെ ചികിത്സാനുഭവങ്ങളുടെ രേഖകള്‍ ഇന്നും താളിയോലകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ വൈദ്യപരമ്പരയിലെ ഇപ്പോഴത്തെ കാരണവരാണ് അധ്യാപകനും വൈദ്യനുമായ ഡോ. കെ. ശശിധരന്‍.
വടക്കന്‍ മലബാറില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെയെത്തിയതാണ് ഡോക്ടറുടെ കുടുംബമെന്നാണ് കരുതപ്പെടുന്നത്. നാട്ടുരാജ്യങ്ങള്‍ക്കു കീഴിലായിരുന്നു ഇവിടം. തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും ആക്രമണങ്ങള്‍ കൊച്ചിയിലേക്കുണ്ടാവാറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പടയാളികള്‍ക്ക് പരിശീലനവും ഒപ്പം ചികിത്സയും നല്‍കുന്നതിനായിട്ടാണ് ശശിധരന്‍ ഡോക്ടറുടെ പൂര്‍വ്വികര്‍ ഇവിടെയെത്തിയത്. അങ്ങനെയാണ് കാഞ്ഞൂരില്‍ കളരികളും ചികിത്സയും ആരംഭിക്കുന്നത്. പയറ്റ് പഠിപ്പിക്കുകയും യുദ്ധത്തിനു പോയി പരിക്കേല്‍ക്കുന്നവരെ ചികിത്സയ്‌ക്കുമായിരുന്നു ചെയ്തിരുന്നത്. അതുപോലെ പ്രീ പ്രൈമറി വിദ്യാഭ്യാസരംഗത്തും വലിയ സംഭാവനകള്‍ കളരിക്കല്‍ തറവാടിന്റേതായിട്ടുണ്ട്.
ശശിധരന്‍ ഡോക്ടറുടെ അച്ഛന്റെ അച്ഛനും വൈദ്യരംഗത്തുണ്ടായിരുന്നു. മര്‍മ്മ ചികിത്സകളായിരുന്നു അന്നുണ്ടായിരുന്നത്. കൈ ഒടിഞ്ഞത് പിടിച്ചിട്ട് നേരെയാക്കുമായിരുന്നു. അതുപോലെ രക്തമോക്ഷ ചികിത്സ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ടെന്ന് ശശിധരന്‍ ഡോക്ടര്‍ സ്മരിക്കുന്നു. ഞവരവള്ളി കാലില്‍ കെട്ടിയിട്ട് അശുദ്ധ രക്തം കൊത്തികളയുന്ന രീതിയുണ്ടായിട്ടുണ്ട്. ത്വക്ക് രോഗ ചികിത്സാ രംഗത്ത് ഏറെ ഫലപ്രദമായിരുന്നു ഇത്. വളരെ ഗുരുതരമായ സോറിയാസിസിനൊക്കെ ഇത് ഫലപ്രദമായിരുന്നു. അന്നു മുത്തച്ഛന്‍ കൃഷ്ണക്കുറുപ്പ് മാത്രമാണ് ഈ നാട്ടില്‍ ഇത് ചെയ്തിരുന്നത്. മുതുമുത്തച്ഛനും വളരെ പ്രഗത്ഭനായിരുന്നുവെന്നാണ് കേട്ടിരുന്നത്.
ഡോക്ടറുടെ അച്ഛന്‍ ശ്രീധരക്കുറുപ്പ് മരുന്നുണ്ടാക്കി വീടുകളില്‍ കൊണ്ടെത്തിക്കുമായിരുന്നു. 1944ല്‍ കാഞ്ഞൂര്‍ പുതിയേടം ക്ഷേത്രത്തിനുസമീപം വൈദ്യരത്‌നം ഔഷധശാലയും നടത്തിയിരുന്നു. നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ വൈദ്യശാല. അച്ഛന്‍ ഗുരുകുല സമ്പ്രദായത്തിലാണ് പഠിച്ചത്. റാന്തല്‍ വെളിച്ചത്തിലിരുന്നാണ് അഷ്ടാംഗഹൃദയം പഠിച്ചതെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതായി ശശിധരന്‍ ഡോക്ടര്‍ പറയുന്നു. വൈദ്യപഠനത്തോടൊപ്പം ചികിത്സയും നടത്തിയിരുന്നു. വലിയ ദേവി ഭക്തനായിരുന്നു ഇദ്ദേഹം. പുതിയേടം ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദേവിയെ തൊഴുതതിനുശേഷം മാത്രമേ രോഗികളെ നോക്കിയിരുന്നുള്ളൂ. തന്നെയും അങ്ങനെ കൊണ്ടുപോകുമായിരുന്നുവെന്നും ശശിധരന്‍ ഡോക്ടര്‍ പറയുന്നു. ആ ഒരു സങ്കല്‍പ്പം ചികിത്സയില്‍ പ്രധാനപ്പെട്ടതായിരുന്നു.
വൈദ്യശാസ്ത്ര മേഖലയിലേക്ക്
കാലടിയിലെ പ്രശസ്തരായ രണ്ടു വൈദ്യന്‍മാരായിരുന്നു സോമശേഖരന്‍ വൈദ്യനും കുഞ്ഞന്‍ വൈദ്യനും. ഇവര്‍ക്ക് ശശിധരന്‍ ഡോക്ടറുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞെങ്കിലും ആയുര്‍വേദത്തിലേക്ക് തിരിയുന്ന കാര്യം തീരുമാനിക്കപ്പെട്ടിരുന്നില്ല. സോമശേഖരന്‍ വൈദ്യന്റെ മരുമകന്‍ ദത്തന്‍ അന്ന് തിരുവനന്തപുരത്തായിരുന്നു. ഇദ്ദേഹമാണ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ ശശിധരനെ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ബിഎഎം അവിടെ നിന്ന് നേടി. തുടര്‍ന്ന് തിരുവനന്തപുരം കോളജില്‍ ട്യൂട്ടറായി ജോലി നോക്കി. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് എംഡി കോഴ്‌സിന് പ്രവേശനം വരുന്നത്. വളരെ കുറച്ച് സീറ്റുകള്‍ മാത്രമേയുള്ളൂ. അന്ന് തിരുവനന്തപുരത്ത് മാത്രമേ എംഡിയുള്ളൂ. പത്ത് സീറ്റില്‍ അഞ്ച് സീറ്റ് കേരളത്തിന് പുറത്തുള്ളവര്‍ക്കായിരുന്നു. കേരളത്തിന് പുറത്തുള്ളവര്‍ ചേര്‍ന്നില്ലെങ്കില്‍ ആ സീറ്റ് മലയാളികള്‍ക്ക് ലഭിക്കുമായിരുന്നു. അങ്ങനെയാണ് എംഡിക്ക് പ്രവേശനം ലഭിക്കുന്നതും ആയുര്‍വേദത്തില്‍ എംഡി നേടുന്നതും.
ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ സമാജത്തിലൂടെയാണ് ചികിത്സാരംഗത്തെ പ്രാഗത്ഭ്യം വളര്‍ത്തിയെടുക്കാനായത്. അവിടെ ഒരുപാട് വൈദ്യന്മാരുമായി ബന്ധപ്പെടാനായി. അഷ്ടവൈദ്യന്മാരും മറ്റ് പ്രസിദ്ധരായ വൈദ്യന്മാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം കൂടെയിരുന്ന് ചികിത്സിക്കാനായത് വലിയൊരു അനുഭവമായിരുന്നു. ചികിത്സയുടെ കാര്യത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ലഭിച്ചതവിടെ നിന്നായിരുന്നു. പൂമുള്ളി തമ്പുരാന്‍ (ആറാം തമ്പുരാന്‍), ആര്യന്‍ മൂസ് തുടങ്ങി ഈ രംഗത്തെ മഹത്തുക്കളായിരുന്നു അവര്‍. അവരുടെ ഔഷധനിശ്ചയം എഴുതിക്കൊടുക്കലായിരുന്നു ആദ്യം. വൈദ്യത്തില്‍ പ്രാവിണ്യമുണ്ടായത് ആയുര്‍വേദ സമാജത്തില്‍ നിന്നായിരുന്നു. ആധികാരികമായ ശാസ്ത്രപാണ്ഡിത്യവും ലഭിച്ചതും ഇവിടെ നിന്നായിരുന്നു.
കോയമ്പത്തൂര്‍ കോളജില്‍
ആയുര്‍വേദ സമാജത്തില്‍ നിന്നുള്ള അനുഭവ സമ്പത്തുമായിട്ടായിരുന്നു കോയമ്പത്തൂര്‍ കോളജില്‍ അധ്യാപകനാവുന്നത്. അവിടുത്തെ അധ്യാപനവും മഹത്തരമായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ എങ്ങനെ ആയുര്‍വേദം പഠിപ്പിക്കാമെന്ന ഒരു കോയമ്പത്തൂര്‍ മാതൃക തന്നെ അന്ന് ഉണ്ടാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ വലിയൊരു മാതൃകയായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ ഗുരുകുല സമ്പ്രദായത്തിലുള്ള ആയുര്‍വേദ കോളജായിരുന്നു കോയമ്പത്തൂര്‍ കോളജ്. പത്ത് കൊല്ലത്തോളം അവിടെയുണ്ടായിരുന്നു. അതിനുശേഷമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപകനായി.
രണ്ടുതരത്തിലുള്ള ഗുണം ജീവതത്തില്‍ ലഭിച്ചു. ചികിത്സാപരമായി ആയുര്‍വേദസമാജത്തില്‍ നിന്നും ലഭിച്ച പരിജ്ഞാനവും, അധ്യാപനരംഗത്ത് കോയമ്പത്തൂര്‍ കോളജിലെ അനുഭവവും ജീവിതത്തില്‍ വലിയൊരു നേട്ടമായിരുന്നു. അന്ന് പഠിപ്പിച്ചതുപോലെ പു
തിയ തലമുറ ആയുര്‍വേദ ഡോക്ടര്‍മാരെ പഠിപ്പിക്കുന്നില്ലെന്ന് ശശിധരന്‍ പറയുന്നു. നിരവധി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരുന്നിട്ടുണ്ട്. പിന്നീട് നങ്ങേലി കോളജില്‍ അധ്യാപകനായി അവിടെ നിന്നും വിരമിക്കുകയായിരുന്നു. ചികിത്സയും അധ്യാപനവും ഒരുപോലെ കൊണ്ടുനടക്കുന്ന ഡോക്ടര്‍മാര്‍ കുറവായിരിക്കും. എന്നാല്‍ രണ്ടും ഒരുപോലെ കൈകാര്യം ചെയ്യുവാന്‍ സാധിച്ചു.
ആയുര്‍വേദവുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങള്‍ രാജ്യത്തും പുറത്തും അവതരിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെയും മറ്റു വിദേശരാജ്യങ്ങളിലേയും അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ ക്ഷണിച്ചിട്ടാണ് അവിടെ പോകാറ്. ഭാരതീയ ശാസ്ത്രങ്ങള്‍ക്കെല്ലാം പൊതുവായ ബന്ധമുണ്ട്. ഈ ബന്ധം വരുന്നത് വേദങ്ങളില്‍ നിന്നാണ്. ഭാരതീയ അറിവുകളെല്ലാം ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയിരിക്കുകയാണ്. ഭാരതീയ വൃക്ഷശാസ്ത്രത്തിന്റെ ഒറിജിനല്‍ ഗ്രന്ഥം ഇപ്പോഴുള്ളത് വിദേശ യൂണിവേഴ്‌സിറ്റിയിലാണ്. ആവശ്യപ്പെട്ടതിനാല്‍ അവര്‍ അതിന്റെ കോപ്പി അയച്ചു തന്നു. ആയുര്‍വേദം അതിന്റെതായ രീതിയില്‍ പഠിക്കുന്ന രീതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.
സപ്തതിയുടെ നിറവില്‍
സപ്തതിയുടെ നിറവിലാണ് ഡോ. ശശിധരന്‍. സപ്തി ആഘോഷവേളയില്‍ പങ്കെടുത്ത് വൈദ്യന്മാരും പ്രമുഖരും ഡോക്ടറെക്കുറിച്ചുള്ള ചികിത്സാനുഭവങ്ങളാണ് പങ്കുവെച്ചത്. നടക്കാന്‍ ബുദ്ധിമുട്ടി ഇവിടെയെത്തിയവര്‍ നടന്നുപോയ നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലെ വലിയ വ്യവസായ പ്രമുഖന്‍മാരെ ചികിത്സിച്ചിട്ടുണ്ട്. തന്റെ ചികിത്സ തികച്ചും ഈശ്വരീയമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം ഇവ കൊട്ടിഘോഷിക്കാന്‍ തയ്യാറല്ല.
ആയുര്‍വേദത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ തറന്നെഴുതുവാനും ഡോ. ശശിധരന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. അതേക്കുറിച്ചുള്ള ലേഖനങ്ങള്‍ ആരോഗ്യമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുള്ളതായും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഈ രംഗത്ത് സംഭവിക്കുന്ന കച്ചവടപ്രവണതകളെ തുറന്നുകാണിക്കുന്നുമുണ്ട്. ആയുര്‍വേദരംഗം പാരമ്പര്യ തനിമയോടെ ഉത്തരോത്തരം വളരണമെന്നാഗ്രഹം കൊണ്ടുതന്നെയാണ് ഇവയെല്ലാം തുറന്നുപറയുന്നതും.
തലമുറകളായി ലഭിച്ച ആയുര്‍വേദ പാരമ്പര്യം ഈശ്വരാനുഗ്രഹമായി കണ്ട് മകനിലൂടെയും മഹത്തായ സപര്യ തുടരുകയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: