അഡ്വ. മുരളി.സി.എസ്
രാത്രി എട്ട് മണിയായതോടെ ഒറ്റപ്പാലം പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ആള്‍ത്തിരക്കു കുറഞ്ഞു. മാധവന് പത്താം ക്ലാസ് കഴിഞ്ഞ് നില്ക്കുന്ന തന്റെ ഏക മകന് കൃഷ്ണനുണ്ണിയോട് പൂക്കട അടയ്ക്കുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ പറഞ്ഞു. അവനും ഇവിടത്തെ കാര്യങ്ങള്‍ എല്ലാം ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്നു കരുതിയാണ് മാധവന് അങ്ങിനെ പറഞ്ഞത്.
അര മണിക്കൂര്‍ കൊണ്ട് തന്നെ വരാന്തയില്‍ തൂക്കിയിട്ടിരുന്ന വലുതും ചെറുതുമായ ഹാരങ്ങളും ബൊക്കെകളും വരാന്തയിലിട്ടിരുന്ന മേശയും വട്ടികളിലുള്ള പൂക്കളും എല്ലാം ഓരോന്നായി അകത്ത് അടുക്കി വച്ച് തറ കഴുകി വൃത്തിയാക്കി മേശയിലെ കാശ് എണ്ണി തിട്ടപ്പെടുത്തി ബാഗുമെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ഷട്ടര്‍ പൂട്ടി പടിയില്‍ കര്‍പ്പൂരം കത്തിച്ച് തൊഴുത് ഇരുവരും ഇറങ്ങി.
മാധവന് ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്ത് മകനെയും കയറ്റി ബസ് സ്റ്റാന്റില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ തന്നെ പതിവ് പോലെ കാഞ്ഞിരപ്പുഴയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ്സും വന്നു കഴിഞ്ഞു. ഇതേ റൂട്ടില്‍ തന്നെ നാല് കിലോമീറ്റര്‍ അപ്പുറമുള്ള ചുനങ്ങാട് ആണ് മാധവന്റെ വീട്. മകന് പത്ത് കഴിഞ്ഞ് ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ്ങ് ടെക്നോളജിയില്‍ ഡിപ്ലോമയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.
പകുതി ദൂരം എത്തിയപ്പോഴാണ് ബുള്ളറ്റിന്റെ ഹാലൊജന്‍ വെളിച്ചത്തില്‍ വഴിയരികില്‍ ഒരു കൊച്ചു നായക്കുട്ടി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ടത്. അവന്റെ ആഗ്രഹപ്രകാരം അയാള്‍ വണ്ടി നിറുത്തി. കൃഷ്ണനുണ്ണി ഇറങ്ങി ചെന്ന് നോക്കി. നിറുത്താതെ കരഞ്ഞിരുന്ന അതിന്റെ കരച്ചിലിന് ഒരു ചെറിയ ശമനം വന്നു. ‘അച്ഛാ ഇതിന്റെ കാല് ഒടിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. നമുക്കിതിനെ വീട്ടിലോട്ട് കൊണ്ടുപോയാലോ?’ തന്റെ സമ്മതം കിട്ടിയ പാടെ അവന് അതിനെയും എടുത്ത് വണ്ടിയില്‍ കയറി.
ബുള്ളറ്റിന്റെ ശബ്ദം കേട്ട പാടെ മാലതി വാതില്‍ തുറന്ന് പുറത്തു വന്ന് ഗേറ്റ് തുറന്നു കഴിഞ്ഞു. ആദ്യമായി കടയില്‍ അച്ഛനെ സഹായിക്കുവാന്‍ പോയ മോന്റെ വിശേഷങ്ങള്‍ അറിയാനുള്ള വെമ്പലില്‍ നില്‍ക്കുമ്പോഴാണ് മാലതി മോന്റെ കയ്യിലെ നായക്കുട്ടിയെ കാണുന്നത്. വിവരങ്ങളറിഞ്ഞ്, അവള് അടുക്കളയില്‍ ചെന്ന് കുറച്ച് പാല് തിളപ്പിച്ചെടുത്ത് ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ചെറുതായി തണുപ്പിച്ച് കൊണ്ടുവന്നു. അപ്പോഴേക്കും മോന് രണ്ട് ചാക്കുകള്‍ കൊണ്ട് വന്ന് നാലായി മടക്കി അതിനുള്ള മെത്തയും ഒരുക്കിക്കഴിഞ്ഞു. പാല് കുടിച്ചതോടെ അത് കരച്ചില് നിറുത്തി പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് മാധവന് നിറഞ്ഞ മനസ്സോടെ കണ്ടുനിന്നു.
അത്താഴം കഴിഞ്ഞ് മൂവരും ഉമ്മറത്ത് വന്ന് ശാന്തമായി ഉറങ്ങുന്ന നായക്കുട്ടിയെ നോക്കിയിരുന്നു. കണ്ണുകളടച്ച് ചാരു കസേരയില്‍ കിടന്ന മാധവന്റെ മനസ്സ് പുറകോട്ട് ഓടുകയായിരുന്നു. ‘ചരിത്രം ആവര്‍ത്തിക്കുകയാണോ?’ മാധവന്റെ ആത്മഗതം അയാളറിയാതെ പുറത്ത് വന്നു പോയി. മാലതിയും മകനും ഒന്നും മനസ്സിലാവാതെ കണ്ണില്‍ ചോദ്യവുമായി മാധവനെ ഉറ്റു നോക്കി.
അയാള്‍ കഥ തുടങ്ങി. ‘അന്ന് ഞാന്‍ പത്തില്‍ തോറ്റ് നില്ക്കുന്ന സമയം. അച്ഛന് ഒരു സൈക്കിള്‍ ഷാപ്പ് നടത്തിയാണ് കുടുംബം നടത്തിയിരുന്നത്. സ്കൂട്ടറുകള് സാധാരണമായിത്തുടങ്ങിയപ്പോള് സൈക്കിള്‍ ഷാപ്പ് വരുമാനം കുറഞ്ഞു. എനിക്ക് തുടര്‍ന്നു പഠിക്കാനുള്ള താല്പര്യം ഇല്ലാത്തതിനാല്‍ ഇനി എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്നതാണ് നല്ലത് എന്ന അച്ഛന്റെ അഭിപ്രായം അമ്മയും ശരിവച്ചു.’
‘ഒറ്റപ്പാലത്തെ വളരെ അടുപ്പമുള്ള മൂന്ന് കച്ചവടക്കാരുടെ പേരും വിലാസവും അച്ഛന് കുറിച്ചു തന്നത് വച്ച് ഞാന്‍ അവരെ പോയി കണ്ടു. ഒന്ന് അരിക്കട. മറ്റൊന്ന് പഴം-പച്ചക്കറിക്കട, പിന്നെയൊന്ന് ഒരു ബാര്‍ ഹോട്ടല്‍. തല്ക്കാലം ഇപ്പോള്‍ ആളെ ആവശ്യമില്ല എന്നും പിന്നീട് അറിയിക്കാമെന്നും അവര്‍ പറഞ്ഞു. പിറ്റേന്ന് ഞാന്‍ കടയില്‍ അച്ഛനെ സഹായിച്ചു കൊണ്ടിരിക്കെ ചെറിയ പനിക്കോള് തോന്നി അച്ഛന് നേരത്തെ വീട്ടിലേക്ക് പോയി.’
‘ഞാന്‍ പതിവു പോലെ എട്ട് മണിക്ക് തന്നെ കടയടച്ച് സൈക്കിളില്‍ വീട്ടിലേക്ക് വരുന്ന വഴി ഇന്ന് നായ്ക്കുട്ടിയെ കണ്ട അതേ സ്ഥലമെത്തിയതും എതിരെ നിന്നും പാഞ്ഞു വന്ന ഒരു കാറിന്റെ പ്രകാശത്തില്‍ എന്റെ കണ്ണു മഞ്ഞളിച്ചു പോയി. സൈക്കിള്‍ ഇടത്തോട്ട് വെട്ടിത്തിരിച്ചുവെങ്കിലും ഒരു കുഴിയില്‍ ഇറങ്ങിക്കയറിയപ്പോള് എന്റെ ബാലന്‍സ് പോയി ഞാന്‍ കൈകുത്തി മുട്ടിടിച്ച് താഴെ വീണു. കാര്‍ നിറുത്താതെ പാഞ്ഞു പോയി.’
‘ഇതെല്ലാം കണ്ട് എന്റെ പുറകില്‍ വന്നിരുന്ന ഒരു സൈക്കിള്‍ നിറുത്തി, എന്നോളം തന്നെ പ്രായം തോന്നുന്ന കറുത്ത് മെലിഞ്ഞ ഒരു ചെക്കന് ഇറങ്ങി വന്ന് എന്നെ ഒരു വിധം പൊക്കി എഴുന്നേല്‍പ്പിച്ചു നിറുത്തി. എനിക്ക് സൈക്കിള്‍ ചവിട്ടുവാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി വീടുവരെ അവനും സൈക്കിള്‍ ഉരുട്ടിക്കൊണ്ട് കൂടെ വന്നു.’
‘ഇതിനിടെ ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. റോഡില്‍ നിന്ന് നമ്മുടെ വീട്ടിലേക്കുള്ള വഴിയുടെ എതിരെ കാണുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണത്രെ അവന്റെ വീട്. വീട്ടിലും പരിചയക്കാരുമെല്ലാം ഉണ്ണിയെന്നാണ് വിളിക്കാറെന്നും മുഴുവന്‍ പേരു് കൃഷ്ണനുണ്ണിയെന്നാണെന്നും പറഞ്ഞു.
‘ആഹാ ! എന്റെ പേരു തന്നെയാണല്ലോ’ മോന്റെ മുഖം വികസിച്ചു. മാധവന് തുടര്‍ന്നു.
‘എനിക്ക് ഏതെങ്കിലും ഒരു കടയില്‍ ജോലിയ്ക്ക് ശ്രമിക്കുന്നതായി ഞാന്‍ പറഞ്ഞപ്പോഴാണ് അവന്റെ വീട്ടിലേയ്ക്കുള്ള വഴിയിലെ പൂക്കടയില്‍ സഹായത്തിന് ഒരാളെ വേണമെന്ന് പൂക്കടക്കാരന് മണിച്ചേട്ടന് അവനോട് പലവട്ടം പറഞ്ഞിരുന്നുവെന്ന് അറിഞ്ഞത്. അപ്പോഴേക്കും ഞങ്ങള്‍ക്ക് പരസ്പരം പിരിയേണ്ട വഴിയെത്തി. നാളെത്തന്നെ പോയി കടക്കാരനെ കാണണമെന്നും പറഞ്ഞിട്ടാണ് അവന് പിന്നെ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞത്. അവന് പോയിക്കഴിഞ്ഞിട്ടാണ് അവനെന്തു ചെയ്യുന്നു എന്ന കാര്യം ചോദിക്കുവാന്‍ വിട്ടു പോയി എന്നതോര്ത്തത്.’
‘ഞാന്‍ മുടന്തി മുടന്തി സൈക്കിള്‍ ഉന്തിക്കൊണ്ട് പതിയെ വീട്ടിലെത്തി അച്ഛനോടും അമ്മയോടും കാര്യമെല്ലാം പറഞ്ഞു. അപ്പോള്‍ തന്നെ കൊട്ടന് ചുക്കാദി കുഴമ്പിട്ട് ഉഴിഞ്ഞ് അല്പനേരം ഇരുന്ന് വെള്ളം ചൂടാക്കിക്കുളിച്ചപ്പോള് നല്ല ആശ്വാസം തോന്നി. പൂക്കടക്കാരനെ പിറ്റേന്ന് തന്നെ കാണുന്നതിന് അച്ഛന് അമ്മയെ ചട്ടം കെട്ടി.’
‘പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് തലേന്നത്തെ വീഴ്ചയുടെ കടുപ്പം ശരിക്കും അനുഭവപ്പെട്ടത്. ഒന്നും വക വയ്ക്കാതെ കുളിച്ച് അമ്മയുടെ ഒപ്പം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുതു തിരിച്ചു വരുമ്പോള്‍ മണിച്ചേട്ടന്റെ പൂക്കടയില്‍ കയറി. അമ്മയാണ് ജോലിക്കാര്യം സംസാരിച്ചത്. അയാളും കുറച്ച് നാളായി സഹായത്തിന് ഒരാളെ വേണമെന്ന് വിചാരിച്ച് തുടങ്ങിയിട്ട് എന്ന് പറഞ്ഞപ്പോള്‍ വലിയ ആശ്വാസമായി. പറ്റുമെങ്കില്‍ പോയി പ്രാതല്‍ കഴിച്ചിട്ട് ഇന്ന് തന്നെ വന്ന് പണിക്ക് കയറിക്കോളൂ എന്നും ഇന്ന് നല്ല ദിവസമാണെന്നും കേട്ടതോടെ മനസ്സ് നിറഞ്ഞു.’
‘എന്നിട്ടോ അച്ഛാ?’ മോന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ട് മാധവന് മിഴി തുറന്നു. മാലതിയും മുന്നോട്ടാഞ്ഞു തന്നെയാണിരുപ്പ്. നായ്ക്കുട്ടി ശാന്തമായുറങ്ങുന്നു. മോന് ഇതിനിടെ ഒരു തുണിയെടുത്ത് അതിനെ കഴുത്തു വരെ പുതപ്പിച്ചും കഴിഞ്ഞു.
‘അന്ന് ഉണ്ണിയെ കണ്ടുവോ?’ മാലതിയും അല്പം അക്ഷമയായി. മാധവന്റെ മനസ്സില്‍ പോയ കാലം വീണ്ടും തിരയിളകി. മാധവന് തുടര്‍ന്നു.
‘പൂക്കടയിലെ ജോലികള്‍ ഓരോന്നായി ഞാന്‍ പഠിച്ചു കൊണ്ടിരുന്നു. എന്നും ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുതാണ് ജോലിക്ക് കടയില്‍ കയറാറുള്ളത്. എല്ലാ ദിവസവും ഞാന്‍ ഉണ്ണിയെ കാണുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ഒരിക്കല്‍ പോലും ഉണ്ണി വന്നില്ല. ഇതിനിടെ മാല കെട്ടുന്നതും ബൊക്കെ തയ്യാറാക്കുന്നതും കച്ചവടം ചെയ്യുന്നതും പാലക്കാടും ചിലപ്പോള്‍ കോയമ്പത്തൂരും പൊള്ളാച്ചായിലും വരെ പോയി പൂക്കള്‍ കൊണ്ടുവരുന്നതും എല്ലാം പഠിച്ചു. എന്നിട്ടും ഉണ്ണിയെ മാത്രം കണ്ടില്ല.’
‘പൂവിന് ക്ഷാമമുണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് പൂക്കള്‍ കൊണ്ടുവരുന്ന പെട്ടി ഓട്ടോറിക്ഷക്കാര്‍ക്ക് കൈമടക്ക് നല്കി മറ്റുള്ളവര്‍ക്കുള്ള പൂക്കളില്‍ നിന്ന് കുറച്ച് ഇങ്ങോട്ട് മറിക്കുന്നതടക്കമുള്ള തന്ത്രങ്ങളും മണിച്ചേട്ടന് പഠിപ്പിച്ചു തന്നു. വലിയവരും സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരു പാട് പേരുമായി ചങ്ങാത്തത്തിലായി. എന്റെ സൗഹൃദത്തിന്റെ ചക്രവാളങ്ങള്‍ പതിയെ വികസിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴും ഉണ്ണിയെ മാത്രം കണ്ടില്ല.’
‘ആ പൂക്കട ഇപ്പോഴും അവിടെയുണ്ടോ അച്ഛാ’ മോന് ഇടയില്‍ക്കയറി തിരക്കു കൂട്ടി.
നീ തിരക്കു വയ്ക്കാതെ, ഞാനവിടേയ്ക്കാണ് വരുന്നത് എന്ന് പറഞ്ഞ് മാധവന് തുടര്‍ന്നു. ‘ഞാന്‍ പത്തു വര്‍ഷം ആ കടയില്‍ ജോലി ചെയ്തപ്പോഴേയ്ക്കും ആ കച്ചവടത്തിന്റെ എല്ലാ വശങ്ങളും പഠിച്ചു കഴിഞ്ഞിരുന്നു. അപ്പോഴും എന്റെ ഒപ്പം പഠിച്ചിരുന്നവര്‍ ഒരു ജോലിയും വരുമാനവും ഇല്ലാതെ വെറുതെ നില്‍ക്കുകയായിരുന്നു. അപ്പോഴെല്ലാം എന്റെ വഴി ശരിയാണ് എന്ന് എനിക്ക് തന്നെ സ്വയം ബോധ്യപ്പെടുകയായിരുന്നു.’
‘ഒരു ദിവസം മണിച്ചേട്ടന് തന്നെയാണ് ഒറ്റപ്പാലം ടൗണില്‍ ഒരു പൂക്കട ഞാന്‍ സ്വന്തമായി നടത്തണമെന്നും അതിന് എന്തു സഹായവും ചെയ്തു തരാമെന്നും പറഞ്ഞത്. ഈ പൂക്കടയിലെ വരുമാനം കൊണ്ടാണ് വീട് പുതുക്കിപ്പണിതതും അച്ഛനും അമ്മയ്ക്കും സ്വസ്ഥമായ ജീവിതം കൊടുത്തു കൊണ്ട് അല്ലലില്ലാതെ അക്കാലം കഴിഞ്ഞതും എന്നതിനാല്‍ ഞാന്‍ ആ ഉപദേശത്തെ കാര്യമായിത്തന്നെ എടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ബസ് സ്റ്റാന്റില്‍ ഒരു കട കണ്ടുപിടിച്ച് മണിച്ചേട്ടനെക്കൊണ്ടു തന്നെ അത് ഉദ്ഘാടനവും ചെയ്യിപ്പിച്ചു. അതാണ് ഇന്ന് പതിനേഴ് വര്‍ഷം പഴക്കമുള്ള നമ്മുടെ ‘മാധവ ഫ്ളവേഴ്സ് ‘. മണിച്ചേട്ടന്റെ അന്നത്തെ പൂക്കട ഇന്ന് പുള്ളിയുടെ മരുമകന് നടത്തുന്നു.’
‘ഉണ്ണിയെ പിന്നീട് എപ്പോഴെങ്കിലും കാണാന്‍ പറ്റിയോ?’ മാലതിയ്ക്ക് വെമ്പലായി.
‘ആ അങ്കിളിനെപ്പറ്റി ആരോടും പിന്നീട് അന്വേഷിച്ചില്ലേ അച്ഛാ?’ മോന്റെ മുഖത്ത് വിഷാദം നിഴലിച്ചു.
‘അന്നേക്ക് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്ഒരു രാത്രി, റോഡില്‍ നിന്ന് എന്നെ കൈ പിടിച്ച് ഉയര്‍ത്തി എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ ഉണ്ണിയെപ്പറ്റി അന്നാണ് ഞാന്‍ മണിച്ചേട്ടനോട് ആദ്യമായി ചോദിച്ചത്. ഉണ്ണിയെന്ന് വിളിക്കുന്ന, കൃഷ്ണനുണ്ണിയെന്ന് പേരുള്ള ആരും തന്നെ ആ വഴിയിലുള്ള ഒരു വീട്ടിലും ഇല്ലത്രെ…! ഇതു കേട്ടപ്പോള്‍ അന്നെനിക്ക് അല്പനേരം സമനില തെറ്റിയ പോലെ തോന്നി എന്റെ മാലതി….!’
‘ഞാന്‍ മനോനില വീണ്ടെടുത്തു കൊണ്ട്, കടയിലേയ്ക്ക് സഹായത്തിന് ആളെ വേണമെന്ന് മണിച്ചേട്ടന് പലവട്ടം ഉണ്ണിയോട് പറഞ്ഞിരുന്നതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തി. അങ്ങിനെയൊരാളെ തനിക്ക് അറിയില്ലെന്നും താന്‍ അങ്ങിനെ മനസ്സില്‍ കുറച്ച് നാളായി ആഗ്രഹിച്ചിരുന്നു എന്നതും സത്യസന്ധനായ ഒരു കുട്ടിയെ കടയിലേക്ക് കിട്ടണേയെന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നു എന്നതും ഒഴിച്ചാല്‍ ആരോടും അക്കാര്യം സൂചിപ്പിച്ചിട്ടില്ലായിരുന്നു എന്നും മണിച്ചേട്ടന് തറപ്പിച്ചു പറഞ്ഞു….!’
‘പുള്ളിയുടെ എല്ലാ വളര്‍ച്ചയ്ക്കും കാരണം ഞാനാണെന്നും ദൈവമാണ് എന്നെ പുള്ളിയുടെ അരികിലെത്തിച്ചത് എന്നും അപ്പോള്‍ പുള്ളി തൊണ്ടയിടറിക്കൊണ്ട് കൂട്ടിചേര്‍ത്തിരുന്നു….!’
കഥയെല്ലാം കേട്ടുകഴിഞ്ഞ് ഇനിയെന്തു പറയണമെന്നറിയാതെ കഥയില്‍ തന്നെ ലയിച്ചിരുന്നുപോയ മാലതിയുടെയും മകന്റെയും മുഖത്തു നിന്ന് കണ്ണെടുത്തു കൊണ്ട്, നീലരാവില്‍, അങ്ങകലെ മാഘ പൗര്‍ണ്ണമി നീഹാരഹാരമണിയിച്ച് ഒരുക്കിയ അമ്പലപ്പാറയിലെ മലനിരകളിലേക്ക് നോക്കി മാധവന് തന്റെ ഗതകാല സ്മരണകളിലെ ആ അദ്ധ്യായത്തിന് പതിയെ തിരശ്ശീല താഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: