പൂര്‍ണിമ എസ്. നായര്‍
കവിത അവളുടെ അമ്മയാണെന്ന്
അവളെക്കൊരുത്തത് വാക്കിലാണെന്ന്
അനഘയുടെ തൂലികത്തുമ്പില്‍ ജനിച്ചു വീണ വരികളാണിത്. യാഥാര്‍ത്ഥ്യത്തിനപ്പുറം വാക്കുകളുടെ ചിറകിലേറി സ്വപ്നങ്ങളിലേക്കുള്ള പാതയൊരുക്കാന്‍ അര്‍ത്ഥവത്തായ വരികള്‍ക്ക് സാധിക്കും. അസാധ്യമായതും സാധ്യമാക്കാന്‍ കാവ്യസൃഷ്ടിക്കുള്ള മികവ് ചെറുതല്ല. കവികള്‍ തങ്ങളുടെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും വേദനയും നഷ്ടസ്വപ്നങ്ങളും പ്രതിഷേധവും എല്ലാം കവിതയെന്ന മാധ്യമത്തിലൂടെ തുറന്നുകാട്ടുന്നു. ബാല്യകാലം മുതലുള്ള സ്വപ്നസങ്കല്പ്പങ്ങളുടെ ചിറകിലേറി അക്ഷരങ്ങളാല്‍ വിസ്മയം സൃഷ്ടിച്ച യുവകവയിത്രിയാണ് അനഘ ജെ. കോലത്ത്.
അനഘയുടെ വലിയച്ഛന്റെ മകള്‍ ആര്യാംബികയ്ക്ക് 2015ല്‍ ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു. അനഘയുടെ അച്ഛന് കെ.എന്‍ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരനാണ് അക്ഷരശ്ലോക ആചാര്യനായിരുന്ന കെ.എന്‍ വിശ്വനാഥന് നായര്‍; ആര്യാംബികയുടെ അച്ഛന്. വലിയച്ഛന്റെ ശിഷ്യത്വം സ്വീകരിക്കുമ്പോള്‍ അനഘ കരുതിയിരുന്നില്ല തന്റെ സൃഷ്ടിയായ ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കാവ്യസമാഹാരത്തെ തേടി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എത്തുമെന്ന്. 2013 മുതല്‍ 2019 വരെ രചിച്ച 36 കവിതകള്‍ കോര്‍ത്തിണക്കിയതാണ് ഈ കവിതാ സമാഹാരം. മെഴുകുതിരിയുടെയും തീപ്പെട്ടിയുടെയും പ്രണയത്തിന്റെ കഥ വിളിച്ചോതുന്ന ചെറുകവിത 2013ലാണ് അനഘയുടെ തൂലികത്തുമ്പില്‍ പിറവിയെടുത്തത്. പിന്നീട് ഇതേ പേര് തന്റെ കവിതാ സമാഹാരത്തിന് നല്‍കുകയായിരുന്നു. മലയാള സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അനഘയുടെ ഇഷ്ട മേഖല കവിതയാണ്. കുട്ടികള്‍ക്ക് ഭാഷയുമായി ബന്ധപ്പെട്ട അനുബന്ധ പ്രഭാഷണവും ക്ലാസുകളും എടുക്കാറുമുണ്ട്.
കഥയും കവിതയും കൂടിക്കലര്‍ന്ന ശൈലിയിലാണ് അനഘയുടെ കൃതികള്‍. രണ്ടിന്റെയും ആസ്വാദ്യതയും സൗന്ദര്യവും രചനകളില്‍ നിറഞ്ഞു നില്ക്കുന്നു. അനഘയുടെ രണ്ടാം കവിതാ സമാഹാരമാണ് ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’. ആദ്യ സമാഹാരം ‘ഞാനറിഞ്ഞ കടല്‍’ ആയിരുന്നു. 2019ല്‍ ഒ.എന്‍.വി സാഹിത്യ പുരസ്കാരം, 2020 വാഗ്രൂപം എന്ന കവിത പുനലൂര്‍ ബാലന് പുരസ്കാരം, 2015ലെ അങ്കണം കവിതാ പുരസ്കാരം എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
ജില്ലാ സഹകരണ ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇടനാട് കോലത്ത് കെ.എന്‍ ജയചന്ദ്രന്റെയും റിട്ട.അധ്യാപിക ശ്യാമള ദേവിയുടെയും മകളാണ് അനഘ. ഇരട്ട സഹോദരിമാരായ അഞ്ജനയും അര്‍ച്ചനയും പിന്തുണ നല്കി ഒപ്പമുണ്ട്. തന്റെ സാഹിത്യ ലോകത്തേക്കുറിച്ച് അനഘ സംസാരിക്കുന്നു.
സാഹിത്യ മേഖലയിലേക്കുള്ള ചുവടുവെപ്പ് എങ്ങനെയായിരുന്നു?
കൈരളി അക്ഷരശ്ലോക രംഗത്തില്‍ നിന്നായിരുന്നു സാഹിത്യത്തിലേക്ക് ഞാന്‍ ചുവടുവെച്ചത്. അച്ഛന്റെ ജ്യേഷ്ഠനും എന്റെ വല്യച്ഛനുമായ കെ.എന്‍ വിശ്വനാഥന് നായരാണ് ഗുരുനാഥന്. ശ്ലോകങ്ങള്‍ ചൊല്ലി പഠിച്ചായിരുന്നു തുടക്കം. ചൊല്ലിലൂടെ ലഭിക്കുന്ന എഴുത്ത് ശീലങ്ങളെ ഗുരുനാഥന് പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങനെ ഞങ്ങള്‍, കുട്ടികള്‍ കൂടുതല്‍ കവിതകളും സമസ്യകളും എഴുതിത്തുടങ്ങി. ഗുരുകുല രീതിയിലായിരുന്നു പഠനം. ഓര്‍മ്മ വയ്ക്കും മുന്‍പ് തന്നെ ശ്ലോകങ്ങള്‍ കേട്ടാണ് വളര്‍ന്നത്. പുലര്‍ച്ചെ നാലുമണി മുതല്‍ നാരായണീയ പാരായണത്തില്‍ തുടങ്ങി ശ്ലോകങ്ങള്‍ പഠിപ്പിക്കുകയും കുട്ടികളെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം കാവ്യകേളിയും വല്യച്ഛന് കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു. എന്നാല്‍ എനിക്കിത് കേട്ടറിവ് മാത്രമായിരുന്നു. ഞാന്‍ അക്ഷരശ്ലോകം പഠിക്കാന്‍ തുടങ്ങിയ സമയത്ത് ഇതിനു മാറ്റംവന്നിരുന്നു.
എന്റെ മൂന്നാം വയസ്സ് മുതലാണ് ശ്ലോകം ചൊല്ലി പഠിക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ കീര്‍ത്തനങ്ങളും ശ്ലോകങ്ങളുമാണ് പഠിച്ചത്. പൂന്താനം രചിച്ച കര്ണാമൃതത്തിലെ ശ്ലോകമാണ് ഞാന്‍ ആദ്യമായി ചൊല്ലിയത്. തുടര്‍ന്ന് ഞാനും എഴുതി തുടങ്ങി. അക്ഷരശ്ലോക രംഗത്ത് നിന്നു ഭാഷയുടെ വിവിധ മേഖലകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ വല്യച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിരുന്നു. സാഹിത്യ അക്കാദമിയുടെ കവിയരങ്ങുകളിലേക്ക് ഒട്ടേറെപ്പേരെ ഇവിടെ നിന്നു തിരഞ്ഞെടുക്കാറുണ്ട്. വല്യച്ഛന്റെ മകളും 2015ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാര ജേത്രിയുമായ ആര്യാംബികയും അക്ഷരശ്ലോക രംഗത്തില്‍ വല്യച്ഛന്റെ ശിക്ഷണത്തിലൂടെ കടന്നുവന്നയാളാണ്.
ആദ്യമായി എഴുതിയ കവിത ഏതായിരുന്നു?
രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി കവിത എഴുതുന്നത്. ആകാശത്ത് തെളിഞ്ഞു നില്ക്കുന്ന മഴവില്ല് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അച്ഛനെ കാണിക്കാന്‍ തിടുക്കമായി. അച്ഛന് നല്ല ഉറക്കമായിരുന്നു. ഉണര്‍ത്തി മഴവില്ലിന്റെ വിവരം അറിയിച്ചു. പാതി മയക്കത്തിലായിരുന്ന അച്ഛന് എന്നോട് മഴവില്ല് എടുത്തു വയ്ക്കാന്‍ പറഞ്ഞു. മഴവില്ല് എങ്ങനെയാണ് എടുത്ത് വയ്ക്കുന്നത് എന്നായി സംശയം. അഞ്ജന ചേച്ചിയോട് സംശയം ചോദിച്ചു. ഫോട്ടോ എടുത്ത് സൂക്ഷിക്കുകയോ കവിതയായി എഴുതി വയ്ക്കുകയും ചെയ്യാം എന്ന് ചേച്ചി പറഞ്ഞു. അങ്ങനെയാണ് ആദ്യ കവിതയായ ‘മഴവില്ല്’ എഴുതുന്നത്.
എഴുതിയശേഷം ചേച്ചിയെ കാണിച്ചു. ചേച്ചി തെറ്റുകള്‍ തിരുത്തി. പിന്നെ കളരിയില്‍ ചെന്നപ്പോള്‍ വല്യച്ഛനെ കാണിച്ചു. ആദ്യ കവിതയ്ക്ക് എനിക്ക് നല്ല പ്രോത്സാഹനം ലഭിച്ചു. എന്നാല്‍ പിന്നീടുള്ള രചനകള്‍ വല്യച്ഛന്റെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കവിത എഴുതാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ വിമര്‍ശിക്കുന്നതായിരുന്നു വല്യച്ഛന്റെ ശീലം.
വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിട്ടത്?
രചനകളെ കൂടുതല്‍ മികവുറ്റതാക്കാന്‍ വിമര്‍ശനങ്ങള്‍ സഹായിച്ചു. ചിലപ്പോഴൊക്കെ വിമര്‍ശിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. പലപ്പോഴും, എഴുതിയ കവിതകള്‍ ഞാന്‍ അടുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി എഴുതുന്നില്ലെന്ന് തീരുമാനിച്ചിട്ടുമുണ്ട്. പിന്നീടാണ് വിമര്‍ശനങ്ങളെ എങ്ങനെ നേരിടണമെന്ന് മനസ്സിലാക്കിയത്. സ്വന്തം രചനകളെ വിമര്‍ശിക്കുന്നത് ആര്‍ക്കും ഇഷ്ടമാവില്ല. പക്ഷേ എന്തൊക്കെ കുറവുകളാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. പോരായ്മകള്‍ തിരിച്ചറിഞ്ഞു. അറിവുള്ളവര്‍ പറഞ്ഞുതന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പിന്നീടുള്ള കവിതകള്‍ എഴുതി. അങ്ങനെയാണ് വിമര്‍ശനങ്ങളെ ഞാന്‍ നേരിട്ടത്.
കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനം എങ്ങനെയായിരുന്നു?
എന്റെ എല്ലാ രചനകള്‍ക്കും പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നത് അച്ഛനും അമ്മയും അടക്കം കുടുംബാംഗങ്ങളാണ്. കവിതകള്‍ ബുക്കുകളില്‍ കുറിച്ച് വയ്ക്കുന്നതായിരുന്നു എന്റെ ശീലം. അങ്ങനെയിരിക്കയാണ് വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിയത്. പിന്നെ ഒരാാഴ്ചയ്ക്കുള്ളില് മറ്റൊരു കമ്പ്യൂട്ടര്‍ എനിക്ക് സമ്മാനമായി കിട്ടി. അതോടെ വാങ്ങിയ കമ്പ്യൂട്ടര്‍ തിരികെ കൊടുത്തു. കമ്പ്യൂട്ടര്‍ വന്നതിനുശേഷമാണ് ഡോക്യുമെന്റേഷന് ചെയ്യാന്‍ തുടങ്ങിയത്. അച്ഛനാണ് എന്റെ കവിതകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റില്‍ നിന്നു കവിതയ്ക്ക് ഇണങ്ങുന്ന ചിത്രങ്ങള്‍ ശേഖരിച്ച് ഒപ്പം ചേര്‍ത്ത് ഭംഗിയാക്കുകയുമായിരുന്നു. പിന്നീട് പ്രിന്റ് എടുത്തുതരും. കൂടുതല്‍ കവിതകള്‍ എഴുതിയപ്പോള്‍ അതെല്ലാം പ്രിന്റ് എടുത്ത് ബൈന്‍ഡ് ചെയ്ത് പുസ്തകം പോലെയാക്കി അച്ഛന് സൂക്ഷിച്ചിരുന്നു. അത് എനിക്ക് ഏറെ പ്രോല്‍സാഹനം തന്നു. യുപി ക്ലാസ്സുകളിലാണ് ഡോക്യുമെന്റേഷന് ശീലമായത്. പിന്നീട് അങ്ങോട്ട് എഴുതിയ കവിതകള്‍ എല്ലാം സ്വയം തെറ്റ് തിരുത്തി എഴുതാനും അത് സൂക്ഷിക്കാനും തുടങ്ങി. പലരും കവിതകളും കഥകളും എഴുതുന്നവര്‍ ആയിരിക്കും. എന്നാല്‍ അവരുടെ സൃഷ്ടികള്‍ സൂക്ഷിക്കാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകും. ഞാന്‍ എഴുതിയ കവിതകള്‍ നഷ്ടപ്പെട്ടു പോകാതെ അച്ഛന് സൂക്ഷിച്ചത് എന്റെ ഭാഗ്യം.
‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന് കവിത സമാഹാരത്തിന് പേരിടാനുണ്ടായ സാഹചര്യം?
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഞാന്‍ ബിരുദാനന്തര ബിരുദം നേടിയത് തിരുവനന്തപുരത്ത് നിന്നാണ്. ആ സമയത്ത് എന്റെ ഹോസ്റ്റല്‍ ജീവിതത്തിലുണ്ടായ ഒരു ചെറിയ അനുഭവത്തില്‍ നിന്നാണ് ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിത എഴുതാനും ആ പേര് തന്നെ പിന്നീട് കവിത സമാഹാരത്തിന് നല്‍കാനും തീരുമാനിച്ചത്. ഒരു ദിവസം ഹോസ്റ്റലില്‍ കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിച്ചു വച്ചിരുന്നു. മെഴുകുതിരി ഉരുകി തീരുന്നതിന്റെ അവസാനരംഗം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ സമയത്ത് ഉണ്ടാകുന്ന നീല നിറം മനസ്സിനെ സ്പര്‍ശിച്ചു. നീലയാണ് എന്റെ പ്രിയപ്പെട്ട നിറവും. ആ സംഭവമാണ് പിന്നീട് ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിതയെഴുതാന്‍ കാരണമായത്.
മെഴുകുതിരിയുടെ മരണത്തിനുശേഷം തീപ്പെട്ടി എഴുതുന്ന കത്ത് ആയിട്ടാണു കവിത. മെഴുകുതിരിയും തീപ്പെട്ടിയും തമ്മിലുള്ള അനശ്വര പ്രണയത്തെയാണ് കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആദ്യം നല്കിയ പേര് ‘മെഴുകുതിരിക്ക്, എന്ന് സ്വന്തം തീപ്പെട്ടി’ എന്നായിരുന്നു. കവിത വായിച്ച ഒരു കൂട്ടുകാരിയാണ് തലക്കെട്ടിലെ ‘എന്ന്’ മാറ്റി ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന പേര് നിര്‍ദ്ദേശിച്ചത്.
മുന്‍ കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാര വിജയിയും സഹോദരിയുമായ ആര്യാംബികയുടെ കവിതകളില്‍ നിന്ന് അനഘയുടെ കവിതകള്‍ വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?
താരതമ്യം ചെയ്യുന്നതിനുമപ്പുറമാണ് എന്റെയും ചേച്ചിയുടെയും രചനകള്‍. ആര്യ ചേച്ചിയുടെ എഴുത്തുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചില കവിതകളില്‍ ചേച്ചിയുടെ രചനകളുടെ സ്വാധീനം പ്രകടമാണ്. അത് ഞാന്‍ ചേച്ചിയോടു തുറന്നു പറഞ്ഞിരുന്നു. എന്റെ കവിതകള്‍ ആദ്യം വായിക്കുന്നത് ആര്യ ചേച്ചിയാണ്. മുളയ്ക്കും മുന്‍പേ, നന്മരം എന്ന കവിത ചേച്ചിയുടെ കവിതകളിലുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പരിസരബോധത്തില്‍ നിന്നു രചിക്കപ്പെട്ടതാണ്. രചിക്കപ്പെട്ട വിഷയങ്ങള്‍ വീണ്ടും പ്രയോഗിക്കാന്‍ എന്നതിന് അപ്പുറം വായിച്ച കവിതയുടെ പരിസരം അറിഞ്ഞുള്ള രചനകളാണ് അവയെല്ലാം. ഒരേ ഗുരുമുഖത്ത് നിന്നു ശ്ലോകങ്ങള്‍ ചൊല്ലി പഠിച്ചതിനാല്‍ ചില ഭാഷാപ്രയോഗങ്ങള്‍ ഞങ്ങളുടെ രചനകളില്‍ ഒരേപോലെ പ്രകടമാകാറുണ്ട്. കുടുംബത്തിലെ മറ്റ് സാഹിത്യകാരന്മാരായ ശ്രീകാന്ത് ചേട്ടന്റെയും ജയലക്ഷ്മി ചേച്ചിയുടെയും കവിതകളിലും ഇത് കാണാന്‍ സാധിക്കും. ഞങ്ങളുടെ രചനകളെ വ്യത്യസ്തമാക്കുന്നത് ഓരോരുത്തരുടെയും വായനയില്‍ വന്ന മാറ്റങ്ങളാണ.്
ഗദ്യവും പദ്യവും തമ്മില്‍ കോര്‍ത്തിണക്കുന്ന കവിതാ രചന ശൈലി എങ്ങനെയാണ് സൃഷ്ടിച്ചത്?
കവിതയും കഥയും തമ്മില്‍ വ്യത്യാസം കണ്ടെത്താന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കവിതയും നോവലും തമ്മില്‍ ഒരു ബന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഗദ്യത്തിനുള്ളിലും നമുക്ക് ഉള്‍ക്കൊള്ളാനാകാത്ത ഒരു താളമുണ്ട്. സംഘകാല കവിതകളില്‍ പോലും ഒരു തഴക്കം ഉണ്ടായിരുന്നു. വെളിച്ചപ്പാട് പറയുന്ന ഭാഷയുടെയും പറശ്ശിനിക്കടവ് മുത്തപ്പന്റെ ഭാഷയുടെയും താളം തന്നെ ഗദ്യ കവിതകളുടെ ഉദാഹരണങ്ങളാണ്. ഈ താളത്തെ നമ്മള് അറിയാതെ പോകുന്നത് കൊണ്ടാണ് പലതും ഗദ്യമെന്നു തോന്നുന്നത്. ഇംഗ്ലീഷില്‍ ‘ഫ്രീ വേഴ്സ്’ എന്ന് പറയുന്നതാണ് ഗദ്യ കവിതകള്‍. എന്നാല്‍ അത് നമ്മുടെ നാട്ടില്‍ത്തന്നെ പ്രകടമാണ്. ചില മുത്തശ്ശിമാര്‍ സംസാരിക്കുന്നതിന് ഒരു താളമുണ്ട്. അതിനെ ‘ഫ്രീ വേഴ്സായി’ കണക്കാക്കാം.
കവിതയുടെ കേന്ദ്രം താളമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹൃദയതാളമോ തലച്ചോറിന്റെ താളമോ ആയിരിക്കാം അവയെല്ലാം. ഗദ്യ കവിതകളെയും പദ്യ കവിതകളെയും തരംതിരിക്കേണ്ട ആവശ്യമില്ല. അങ്ങനെ തരംതിരിക്കുന്ന കാലം കഴിഞ്ഞു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇന്നത്തെ കവിതാ രചനകളില്‍ മുന്‍പ് നിറഞ്ഞുനിന്നിരുന്ന അലങ്കാര ഭംഗിയും താളവും വൃത്തവും ഉപമയും നഷ്ടമാകുന്നതായി തോന്നിയിട്ടുണ്ടോ?
മാറുന്ന കവിതകള്‍ക്കും താളവും അലങ്കാരവും വൃത്തവും ഉപമയും എല്ലാമുണ്ട്. ആനുകാലിക കവിതകളെ എനിക്ക് ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. എന്റെ കവിതാ രാഷ്ട്രീയത്തില്‍ നിന്ന് വിഭിന്നമായി എഴുതുന്നവരുടെ കവിതകളും എനിക്ക് മനസ്സിലാകാറുണ്ട്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവന് അച്ഛനെ പോലെയാണ് എന്ന് പറയുന്നതുപോലും ഒരു ഉപമയാണ്. ഭാഷകളില്‍ത്തന്നെ ഇതെല്ലാം അടങ്ങിയിരിക്കുന്നു. അപ്പോള്‍ കവിതയ്ക്ക് പരിണാമം സംഭവിക്കുമ്പോള്‍ ഇതെല്ലാം നഷ്ടമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. പുതിയ പരീക്ഷണങ്ങള്‍ മാത്രമാണ് സാധ്യമാകുന്നത്.
കവിതകളില്‍ പറയാനുള്ളത് ഒരു സത്യമേയുള്ളൂ. ഓരോരുത്തരുടെയും ഭാഷാശൈലി കൊണ്ട് മാത്രമാണ് കവിതകള്‍ വ്യത്യാസമാകുന്നത്. എന്റെ അധ്യാപകന് പറയാറുണ്ട്, പഴയ കവിതകളും ആധുനിക കവിതകളും എപ്പോഴും വായിക്കണമെന്ന്. രണ്ടില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. രണ്ടും ഒരുപോലെ മനസ്സിലാകുമ്പോഴാണ് പഴയ കവിതകളില്‍ നിന്ന് കവിതാ ശൈലി നഷ്ടപ്പെട്ടിട്ടില്ലെന്നും, പുതിയതില്‍ നിന്നു നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ടെന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
2019ല്‍ ഒ.എന്‍.വി അവാര്‍ഡ് ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചതിന് ശേഷം 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനായി അയച്ചിരുന്നു. ആ സമയത്ത് പുരസ്കാരം ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. അതുകൊണ്ട് തന്നെ വീണ്ടും അതേ സമാഹാരം അയക്കുമ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എഴുത്തിന്റെ അളവ് കോല് പുരസ്കാരങ്ങളല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ‘പോരാസ്തുവിലാണ്’ എന്റെ മനസ്സ് എപ്പോഴും. എന്ത് എഴുതിയാലും പോരാ എന്നൊരു ചിന്ത എപ്പോഴും എനിക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: