ജമ്മു: ജമ്മു കശ്മീരില്‍ ലഷ്കര്‍-ഇ-തൊയ്ബ ബന്ധമുള്ള ഭീകര സംഘത്തെ തകര്‍ത്തു. നാലുപേര്‍ പിടിയില്‍. സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത പ്രയത്നത്തിലൂടെയാണ് ഭീകരസംഘത്തെ തകര്‍ക്കാനായതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
സോപൂര്‍ മേഖലയിലെ ചെക്പോസ്റ്റില്‍ വച്ചാണ് രണ്ടു പേര് അറസ്റ്റിലായത്. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത പരിശോധനാ കേന്ദ്രമാണ് ഇത്. ദങ്കര്പ്പൂരില് നിന്ന് ചിങ്കിപ്പോരയിലേക്ക് പോവുകയായിരുന്ന രണ്ടു പേരുടെ പെരുമാറ്റം സംശയമുണര്‍ത്തി. തുടര്‍ന്ന് അവരോട് നില്ക്കാന് ആവശ്യപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് ഗ്രനേഡുകള്‍ കണ്ടെടുത്തു.
ഇരുവരെയും തിരിച്ചറിഞ്ഞു. ബന്ദിപ്പോര സ്വദേശി ഷക്കിര്‍ അക്ബര്‍, ബരാമുള്ള സ്വദേശി മൊഹ്സിന്‍ വാനി എന്നിവരാണ് പിടിയലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റ് രണ്ടു പേരുടെ വിവരങ്ങള്‍ കൂടി ലഭിച്ചു. അവരെയും അറസ്റ്റ് ചെയ്തു. സോപൂര്‍ സ്വദേശി ഹിമയുന്‍ ഷാരിഖ്, നദിഹാല്‍ റാഫിയാബാദ് സ്വദേശി ഫാസിയാന് അഷറഫ് വാനി എന്നിവാണ് പിടിയിലായത്. ഇവരില്‍ നിന്ന് 25 എകെ 47 തോക്കുകള്‍, ചൈനീസ് പിസ്റ്റല്‍, പിസ്റ്റല്‍ മാഗസീന്, വെടിത്തിര തുടങ്ങി സ്ഫോടന വസ്തുക്കളും പിടിച്ചെടുത്തു.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കും നേരെ സ്ഫോടനങ്ങള്‍ക്ക് ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലൂടെ അത് ഒഴിവാക്കാനായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: