Categories: Article

കോണ്‍ഗ്രസ് പതാക വലിച്ചെറിയണം

ദേശീയ പതാകയ്ക്ക് സാദൃശ്യമായ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയാണ് രാജ്യത്തെ അപമാനിക്കുന്നത്. ആ പതാക വലിച്ചെറിയേണ്ടകാലം കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധി അന്നേ പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. ഗാന്ധിജി പറഞ്ഞതുകേട്ടിരുന്നെങ്കില്‍ ഇന്ന് ഈ ദേശീയ അപമാനം കാണേണ്ടിവരില്ലായിരുന്നു.

‘മനുഷ്യന്‍ നെല്ലുണക്കുമ്പോള്‍ വാനരന്‍ വാലുണക്കുന്നു’ എന്നുപറയാറുണ്ട്. അതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നു. വെള്ളക്കാരന്‍ രാജാവിന്റെ പ്രതിമ തല ഉയര്‍ത്തിനിന്ന സ്ഥാനത്ത് തലയെടുപ്പുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. 28 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സ്തംഭമായി. ‘രാജ്പഥ്’ എന്ന രാജാവിന്റെ വഴിയെ മാറ്റി ‘കര്‍ത്തവ്യപഥ്’ ആക്കിമാറ്റിയ ചരിത്രമുഹൂര്‍ത്തമുണ്ടായി. 608 കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച കര്‍ത്തവ്യപഥത്തിനോടനുബന്ധിച്ച് ചരിത്രസംഭവങ്ങള്‍ ചിത്രീകരിച്ച പ്രദര്‍ശനവുമുണ്ട്. വെള്ളക്കാരന്‍ സ്ഥാപിച്ച അടിച്ചമര്‍ത്തലിന്റെ ചിഹ്നങ്ങളേയും സ്ഥാനങ്ങളേയും തൂത്തുവാരി ആത്മനിര്‍ഭര്‍ ഭാരതം യാഥാര്‍ത്ഥ്യമാക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഇന്ത്യയെ കണ്ടെത്തല്‍ യാത്ര. കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍ നയിക്കുന്ന യാത്രയുടെ തുടക്കത്തിലെ പ്രസംഗം കെങ്കേമമായി. ത്രിവര്‍ണ പതാകയെക്കുറിച്ചായിരുന്നു പ്രസംഗം. ത്രിവര്‍ണ പതാക എല്ലാ ഇന്ത്യക്കാരുടെയും സ്വത്താണെന്നാണ് രാഹുല്‍ കന്യാകുമാരിയില്‍ പ്രസംഗിച്ചത്. ഈ പതാക ഇന്ത്യക്കാരുടെ കൈയിലേക്ക് ആരെങ്കിലും സമ്മാനമായി നല്‍കിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും പതാകയാണിത്. ഓരോ ഭാഷയേയും ഓരോ പ്രദേശത്തെയും പ്രതിനിധീകരിക്കുന്നു. ഏതെങ്കിലും ഒരാളുടെ സ്വത്തല്ല. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യം നല്‍കുന്ന, സ്വതന്ത്രമായി ജീവിക്കാന്‍ അവകാശം നല്‍കുന്ന പതാകയാണിത്. എന്നാല്‍ ഇത് ബിജെപിക്കാര്‍ക്ക് അവകാശപ്പെട്ടതല്ല എന്ന ധ്വനി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. ഒരുകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഭരിച്ചതെങ്കില്‍ ഇന്ന് രണ്ടോ മൂന്നോ വ്യവസായികള്‍ ഭരിക്കുന്ന ഭരണമാറ്റമാണെന്നും രാഹുല്‍ കണ്ടെത്തി. ഇവരില്ലാതെ ഒരൊറ്റദിവസം പോലും നരേന്ദ്രമോദിക്ക് ഉറങ്ങാന്‍ കഴിയില്ലത്രേ.

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ മാത്രമാണ് ടി.വി. ചാനലുകളിലുള്ളത്. ഇഡിയും സിബിഐയും പ്രതിപക്ഷത്തെ ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന പരിഭവവും രാഹുലിനുണ്ട്. യുപിഎ ഭരണത്തില്‍ ഭൂമിയും അവകാശവും പതാളവും വിഴുങ്ങി കോടികള്‍ വാരിക്കൂട്ടുമ്പോള്‍ന്നു, എന്നെങ്കിലും കണക്കുപറയേണ്ടിവരുമെന്ന്. എട്ട്‌ലക്ഷം കോടി രൂപയല്ലെ അന്ന് കട്ടുമുടിച്ച് വാരിക്കൂട്ടിയത്. ഇന്ന് 10 പൈസയുടെ അഴിമതിയെങ്കിലും നടന്നു എന്നുപറയാന്‍ കഴിയുമോ? നാഷണല്‍ ഹെറാള്‍ഡിന്റെ ആയിരക്കണക്കിന് കോടിരൂപ മൂല്യമുള്ള സ്വത്ത് തട്ടിക്കൂട്ടിയ സ്വന്തം കറക്ക് കമ്പനിക്ക് സ്വന്തമാക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇ ഡി വരുമെന്ന്. ഉറങ്ങാന്‍ അനുവദിക്കില്ലെന്ന്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് കേട്ടിട്ടില്ലെ? അതാണ് സംഭവിക്കുന്നത്.

ദേശീയപതാകയുടെ മഹത്വം വിളമ്പിയ രാഹുലിനെ ആഗസ്റ്റ് 15 നോടനുബന്ധിച്ച് മൂന്നുദിവസം ‘തിരംഗ’ ചടങ്ങ് നടന്നപ്പോള്‍ കണ്ടതേയില്ല. ഒരിടത്തും ദേശീയപതാക കോണ്‍ഗ്രസ് ഉയര്‍ത്തിയതായി കേട്ടിട്ടില്ല. ദേശീയ പതാകയ്‌ക്ക് സാദൃശ്യമായ കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയാണ് രാജ്യത്തെ അപമാനിക്കുന്നത്. ആ പതാക വലിച്ചെറിയേണ്ടകാലം കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധി അന്നേ പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. ഗാന്ധിജി പറഞ്ഞതുകേട്ടിരുന്നെങ്കില്‍ ഇന്ന് ഈ ദേശീയ അപമാനം കാണേണ്ടിവരില്ലായിരുന്നു. ദേശീയ പതാകയെ ബിജെപി അംഗീകരിക്കുന്നില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് അതിന്റെ പതാക ഉപേക്ഷിച്ച് ദേശീയ പതാകയുടെ അഭിമാനമുയര്‍ത്തുകയാണ് വേണ്ടത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷിയാണ് ബിജെപി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെപോലും പിന്നിലാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏറ്റവും വലിയ ഒറ്റകക്ഷിയാണിന്ന് ബിജെപി. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷിയാണിത്. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ളതും ബിജെപിക്കാണെന്നറിയാത്ത നേതാവാണോ രാജ്യം ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത്. ‘നമ്മള്‍ക്കെന്തിന് പുഞ്ചക്കണ്ടം നമ്മുടെ കാലം കട്ടുകഴിക്കാം.’ എന്ന ചിന്ത രാഹുലിനേയും കൂട്ടരേയും വല്ലാതെ സ്വാധീനിച്ചുവെന്ന് തോന്നുന്നു.

സുഭാഷ്ചന്ദ്രബോസിനെപോലുള്ള ധീരദേശാഭിമാനികളെ വിസ്മരിച്ചതാണ് രാജ്യത്തിന് ഏറെ ക്ഷീണമുണ്ടാക്കിയത്. പ്രതിമ അനാഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

1947നു മുമ്പ് ആന്‍ഡമാനെ മോചിപ്പിക്കുകയും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്ത അഖണ്ഡ ഭാരതത്തിന്റെ ആദ്യ തലവനായിരുന്നു നേതാജി സുഭാഷ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിക്കുകയും ചെയ്തു. ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ആ സമയത്ത് അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നുവെന്ന്.

‘അടിമത്തകാലത്ത് ബ്രിട്ടീഷ് രാജിന്റെ പ്രതിനിധിയുടെ പ്രതിമയുണ്ടായിരുന്നു. നേതാജിയുടെ പ്രതിമ അതേ സ്ഥലത്ത് സ്ഥാപിച്ചതിലൂടെ രാജ്യം ആധുനികവും ശക്തവുമായ ഒരു ഇന്ത്യയെ ജീവസ്സുറ്റതാക്കുകയും ചെയ്തു’.  ‘സുഭാഷ് ചന്ദ്രബോസ് പദവിയുടെയും വിഭവങ്ങളുടെയും വെല്ലുവിളികള്‍ക്കതീതനായിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഒരു നേതാവായി കണക്കാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത. അദ്ദേഹത്തിന് ധൈര്യവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആശയങ്ങളുണ്ടായിരുന്നു, ദര്‍ശനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃപാടവവും നയങ്ങളും ഉണ്ടായിരുന്നു.’

നേതാജി ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനിച്ചിരുന്നുവെന്നും അതോടൊപ്പം ഇന്ത്യയെ ആധുനികമാക്കാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ സുഭാഷ് ചന്ദ്രബോസിന്റെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം ഇന്ന് എത്ര ഉയരങ്ങളില്‍ എത്തുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ ഈ മഹാനായ നായകന്‍ സ്വാതന്ത്ര്യാനന്തരം വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങള്‍, അവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ പോലും അവഗണിക്കപ്പെട്ടു’.

നേതാജിയുടെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ നേതാജിയുടെ വസതി സന്ദര്‍ശിച്ച അനുഭവവും പ്രധാനമന്ത്രി പങ്കുവെച്ചു. ‘നേതാജിയുടെ കാഴ്ചപ്പാടുകളോടെ ഇന്ന് രാജ്യത്തെ നയിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ‘കര്‍ത്തവ്യ പാത’യിലെ നേതാജിയുടെ പ്രതിമ അതിനുള്ള അവസരമായി മാറും’. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ നേതാജിയുടെ ആദര്‍ശങ്ങളും സ്വപ്‌നങ്ങളും കൊണ്ട് മുദ്രണം ചെയ്യപ്പെട്ട ഇത്തരം നിരവധി തീരുമാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നാം കൈക്കൊണ്ടിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക