കണിയാന്തറ നാരായണപിള്ള മോഹനകുമാര്‍
തിരുവോണത്തിന്റെ ഐതിഹ്യത്തെപ്പറ്റി നാം പറഞ്ഞും കേട്ടും പഠിച്ച കഥ യാഥാര്‍ഥ്യത്തില്‍നിന്നു വളരെ വ്യത്യസ്തമാണ്. മഹാബലിയുടെ മാഹാത്മ്യവും വാമനന്റെ ക്രൂരതയുമാണ് വളരെക്കാലമായി പ്രചരിച്ചിട്ടുള്ളത്.
പ്രജാക്ഷേമതത്പരനായ ചക്രവര്‍ത്തിയായിരുന്നു മഹാബലി. ഇന്ദ്രന്റെ നഷ്ടപ്പെട്ട സമ്പത്തുകള്‍ തിരികെ വാങ്ങുന്നതിനായി മഹാവിഷ്ണു വാമനാവതാരമെടുത്ത് ബലിയെ സമീപിച്ച കഥ ശരിതന്നെ. എന്നാല്‍, വാമനന് മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയെന്നു പ്രചരിച്ചിട്ടുള്ള കഥയിലെ വാസ്തവസ്ഥിതി അറിയേണ്ടതുണ്ട്. അതിന് വാമനാവതാരത്തെപ്പറ്റി ഭാഗവതത്തിലുള്ള മുഴുവന്‍ പ്രസ്താവങ്ങളും ശ്രദ്ധിക്കണം.
വാമനാവതാരം
ശ്രോണായാം ശ്രവണദ്വാദശ്യാം
മുഹൂര്ത്തേളഭിജിതി പ്രഭുഃ
സര്‍വേ നക്ഷത്ര താരാദ്യാ-
ശ്ചക്രുസ്തജ്ജന്മ ദക്ഷിണം (8:18:5)
ശ്രാവണ(ചിങ്ങ)മാസത്തിലെ ദ്വാദശിയില്‍ തിരുവോണനാളില്‍ ഭഗവാന് അവതരിച്ചു. ചിങ്ങത്തിലെ തിരുവോണം വിഷ്ണുവിന്റെ വാമനാവതാരദിവസമാണ്. തൃക്കാക്കര തുടങ്ങിയ ക്ഷേത്രത്തിലെ ആചാരങ്ങള്‍ വാമനാവതാരസംബന്ധിയാകുന്നു.
മൂന്നടി മണ്ണു യാചിക്കലും
ബലിക്കു വരദാനവും
മൂന്നടി മണ്ണു നല്കാന് കഴിയാതിരുന്ന മഹാബലി വാമനന്റെ മുന്പില് തന്റെ ശിരസ്സു കാട്ടി; ഭഗവാന് തന്റെ തൃക്കാലടികള്‍ വച്ചു. ബലിയുടെ സകല ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും തിരിച്ചെടുത്ത് ബലിയെ അനുഗ്രഹിച്ചു. വാമനന്റെ പ്രവൃത്തി വാസ്തവത്തില്‍ ബലിക്ക് അനുഗ്രഹമായിരുന്നു എന്നത് ആരും ശ്രദ്ധിച്ചതേയില്ല.
ഏഷ മേ പ്രാപിതഃ സ്ഥാനം
ദുഷ്പ്രാപമമരൈരപി
സാവര്‍ണേരന്തരസ്യായം
ഭവിതേന്ദ്രോ മദാശ്രയഃ (8:22:31)
ദേവന്മാര്ക്കു പോലും അപ്രാപ്യമായ സ്ഥാനം ഇവന് ഞാന്‍ നല്കി. സാവര്‍ണി മന്വന്തരത്തില്‍ ഇവന് ഇന്ദ്രനായിബ ്ഭവിക്കും.
താവത് സുതലമധ്യാസ്താം
വിശ്വകര്മവിനിര്മിതം
യന്നാധയോ വ്യാധയശ്ച
ക്ലമസ്തന്ദ്രാ പരാഭവഃ
നോപസര്ഗാ നിവസതാം
സംഭവന്തി മമേക്ഷയാ (8:22:32)
അതുവരെ ഇവന് എന്റെ സംരക്ഷണത്തില്‍ ആധിവ്യാധികളേല്ക്കാതെ സുതലത്തില്‍ വസിക്കും.
ഇന്ദ്രസേന! മഹാരാജ!
യാഹി ഭോ ഭദ്രമസ്തു തേ
സുതലം സ്വര്ഗിഭി പ്രാര്‍ഥ്യം
ജ്ഞാതിഭിഃ പരിവാരിതഃ (8:22:33)
ഇന്ദ്രതുല്യനായ മഹാരാജന്! ബന്ധുവര്ഗങ്ങളാല് പരിസേവിതനായി സുതലത്തില്‍ മഹാരാജാവായി വാഴുക
ന ത്വമാഭിഭവിഷ്യന്തി
ലോകേശാഃ കിമുതാപരേ
ത്വച്ഛാസനാതിഗാന് ദൈത്യാം
ഞ്ചക്രം മേ സൂദയിഷ്യതി (8:22:34)
അവിടെ അങ്ങയെ ഇന്ദ്രാദികള്‍പോലും ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ എതിര്‍ക്കുന്നവരെ ഞാന്‍ ചക്രത്താല്‍ വധിക്കും.
രക്ഷിഷ്യേ സര്വതോളഹം
ത്വാം സാനുഗം സപരിച്ഛദം
സദാ സന്നിഹിതം വീര!
തത്ര മാം ദ്രക്ഷ്യതേ ഭവാന് (8:22:35)
അങ്ങയുടെ സര്‍വതും ഞാന്‍ രക്ഷിക്കും. അവിടെ അങ്ങയുടെ രക്ഷയ്ക്കായി ഞാന്‍ സദാ സന്നിഹിതനായിരിക്കും.
മഹാബലിയെ സുതലത്തില്‍ രാജാവാക്കി വാഴിച്ച് ഇന്ദ്രാദികള്‍പോലും ധിക്കരിക്കാത്തവിധം ഭഗവാന്‍തന്നെ ബലിക്കു കാവല്‍ നില്ക്കുന്നു. അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനാകുമെന്ന വരവും നല്കി. മഹാവിഷ്ണുവിന്റെ മഹത്ത്വം വെളിവാക്കുന്ന ഈ വസ്തുത ആരും പ്രചരിപ്പിച്ചതായി അറിയില്ല.
നിഷ്ഠുരനായ വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്നോ അവര്‍ണര്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചെന്നോ ഉള്ള വാദം ശരിയല്ലെന്ന് ഭാഗവതത്തില്‍നിന്നു മനസ്സിലാക്കാം. വാമനാവതാരത്തെപ്പറ്റി എഴുത്തച്ഛന്റെ ഭാഷയാകട്ടെ ഇങ്ങനെയാകുന്നു:
ചിങ്ങമാസത്തില്‍ ശുക്ലപക്ഷദ്വാദശിതിഥൗ
വന്നൊരുമിച്ച വിഷ്ണ്വര്‍ക്ഷഭിജിത് കാലേ ദിനേ
ശോന്നതേ ദിനമധ്യേ പുരുഷോദയേ ശുഭേ
അന്നേരമദിതിതന് ഗര്ഭഗനായ നാഥന്
മന്നിലങ്ങവതരിച്ചീടിനാന്‍ മായാവശാല്
മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു എന്ന കഥയിലെ വാസ്തവം ഇതാണ്:
ദാനവനതിശുദ്ധമാനസനായാനിപ്പോള്
കേവലമിനി മമ ലോകം പ്രാപിക്കുമിവന്‍
സാവര്ണിമനുവിങ്കലിന്ദ്രനാകയും ചെയ്യും
ബലിയെ ഭഗവാന് അനുഗ്രഹിക്കുകയാണു ചെയ്തത് എന്ന് വ്യക്തമാണ്. മാത്രമല്ല, മഹാബലി ചിരഞ്ജീവികളില്‍ ഒരാളാണ് എന്നതും ശ്രദ്ധേയമാണ്. ഭാരതീയസംസ്കൃതിയുടെ പ്രഭാവവും പ്രസക്തിയും മഹത്ത്വവും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ സംസ്കാരത്തെ പുകഴ്ത്തിയില്ലെങ്കിലും മോശമാക്കാന്‍ ശ്രമിക്കാതിരിക്കുകയെങ്കിലും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: