കോഴിക്കോട്: കലിക്കറ്റ് സര്‍വ്വകലാശാലയില്‍ വെള്ളാപ്പള്ളി നടേശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ല്യാര‍് എന്നിവര്‍ക്ക് ഡിലിറ്റ് നല്‍കുന്നതിനെച്ചൊല്ലി വിവാദം. സാമുദായിക നേതാക്കള്‍ക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ അപാകതയുണ്ടെന്ന് ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ഡിലിറ്റ് വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ ഔദ്യോഗികമല്ലെന്ന് പറഞ്ഞ് കലിക്കറ്റ് സര്‍വ്വകലാശാലയും രംഗത്തെത്തിയതോടെ വിവാദം കെട്ടടങ്ങുമെന്ന് കരുതിയതായിരുന്നു.
തനിക്ക് ഡിലിറ്റ് വേണ്ടെന്ന് അഭിപ്രായപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പിന്‍വാങ്ങിയിരുന്നു. ഡിലിറ്റ് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇത് സംബന്ധിച്ച് ഒരു കാര്യവും തന്നെ അറിയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിന് പിന്നാലെ തനിക്ക് ഡിലിറ്റ് വേണ്ടെന്ന ആവശ്യവുമായി കാന്തപുരവും രംഗത്തെത്തി. അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല‍്കി.
സിന്‍ഡിക്കേറ്റ് അംഗം ഇ. അബ്ദുറഹിമാനാണ് ഇരുവരുടെയും പേരുകള്‍ ഡി ലിറ്റിനാണ് നിര്‍ദേശിച്ചത്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡിലിറ്റ് ശുപാര്‍ശ ചെയ്യുന്നതെന്നും ഇതിന് പ്രത്യേകമായുള്ള ഉപസമിതിയിലാണ് ഈ പ്രശ്നം ഉന്നയിക്കേണ്ടതെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. എന്തായാലും ഇതോടെ ഈ വിവാദം കെട്ടടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: