പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍നിര ക്ലബ്ബുകള്‍ക്ക് ജയവും തോല്‍വിയും. നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകള്‍ ജയം കണ്ടപ്പോള്‍, മുന്‍ ചാമ്പ്യന്മാര് ചെല്‍സിക്ക് തോല്‍വി. കരുത്തരായ എസി മിലാന് സമനിലയില്‍ കുരുങ്ങി.
ഗ്രൂപ്പ് എഫില്‍ എവേ മത്സരത്തില്‍ സെല്‍റ്റിക്കിനെ റയല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് സ്കോറിങ് തുടക്കമിട്ടത്. ലൂക്ക മോഡ്രിച്ച് (60), ഏദന്‍ ഹസാര്‍ഡ് (77) എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഷാക്തര്‍ ഡൊണെറ്റ്സ്ക് ഒന്നിനെതിരെ നാലു ഗോളിന് ആര്‍ബി ലെയ്പ്സിഗിനെ കീഴടക്കി. ഷവെദിന്റെ ഇരട്ട ഗോളുകളാണ് ഷാക്തറിന് കരുത്തായത്.
ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളിന് സെവിയ്യയെ തകര്‍ത്തു. എര്‍ലാന്‍ ഹാളണ്ട് ഇരട്ട ഗോള്‍ നേടി. 20, 67 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ സ്കോറിങ്. ഫില്‍ ഫോഡന് (58), റൂബെന്‍ ഡയസ് (90+2) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 3-0ന് കൊബെന് ഹാവെനെ കീഴടക്കി. മാര്‍ക് റ്യൂസ് (35), റാഫേല്‍ ഗ്യുറെയ്റൊ (42), ബെല്ലിങ്ഹാം (83) എന്നിവര്‍ സ്കോറര്‍മാര്‍.
ഗ്രൂപ്പ് എച്ചിലെ കരുത്തരുടെ പോരാട്ടത്തില്‍ യുവന്റസിനെ പിഎസ്ജി മറികടന്നു (2-1). സ്വന്തം മൈതാനത്ത് കെയ്ലിയന് എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് തുണയായത്. അഞ്ച്, 22 മിനിറ്റുകളില്‍ ഫ്രഞ്ച് താരം ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം നെയ്മറാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വെസ്റ്റണ്‍ മക്കെന്നി യുവന്റസിന്റെ ആശ്വാസം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബെനഫിക്കയ്ക്ക് ജയം. മക്കാബി ഹാഫയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി. റാഫ സില്‍വയും അലക്സ് ഗ്രിമാല്ഡൊയുമാണ് സ്കോറര്‍മാര്‍.
ഗ്രൂപ്പ് എയില്‍ എവേ മത്സരത്തിലാണ് 2021ലെ ചാമ്പ്യന്‍ ചെല്‍സിക്ക് അടിതെറ്റിയത്. ഡൈനാമൊ സാഗ്രെബിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു നീലപ്പട. 13-ാം മിനിറ്റില്‍ മിസ്ലാവ് ഒര്സിച്ചാണ് സാഗ്രെബിനായി ഗോള്‍ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ എസി മിലാനെ സാല്‍സ്ബര്‍ഗ് തളച്ചു (1-1). സ്വന്തം മൈതാനത്ത് 28-ാം മിനിറ്റില്‍ നൊവ ഒകഫറിന്റെ ഗോളില്‍ സാല്‍സ്ബര്‍ഗ് മുന്നിലെത്തി. 40-ാം മിനിറ്റില്‍ അലെക്സിസ് സീല്മെയ്ക്കര് മിലാനായി സമനില നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: