ന്യൂദല്‍ഹി: കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍ എന്നീ മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുമെന്നും 2050ല്‍ ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നും ഗൗതം അദാനി. ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി ആഗോള സമ്പദ്ഘടനയുടെ 35 മുതല്‍ 40 ശതമാനം വരെ ആകുമെന്നും അദാനി പറഞ്ഞു.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതൃത്വം കണക്കിലെടുത്ത് യുഎസ് ഐബിസി 2022 നല്കുന്ന ആഗോള ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗതം അദാനി. ഈ നൂറ്റാണ്ടിനെ തന്നെ നിര്‍വ്വചിക്കുന്ന കൂട്ടുകെട്ടായി ഇന്ത്യ-യുഎസ് ബന്ധം മാറുമെന്നും ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ ഗൗതം അദാനി പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യ-യുഎസ് ഉഭയ വ്യാപാരം വെറും 150 ബില്ല്യണ്‍ ഡോളറില്‍ നില്‍ക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ സാധ്യതയുള്ളതിന്റെ വെറുമൊരു ചെറിയ ശതമാനം മാത്രമാണിത്. – അദാനി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത പുരോഗതിയില്‍ നിര്‍ണ്ണായകമാവുന്നത് കാലാവസ്ഥാവ്യതിയാനം, സെമികണ്ടക്ടറുകള്‍, ആരോഗ്യസേവനം എന്നീ മൂന്ന് മേഖലകളാണ്. ഭൂമിയെ തണുപ്പിക്കുക എന്നത് അത്യാവശ്യമാകുന്നതോടൊപ്പം അടുത്ത ദശകങ്ങളില്‍ വലിയ ബിസിനസ് മേഖലകൂടിയായി മാറുകയാണ്. സര്‍ക്കാര്‍ ഈ മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇനി ബിസിനസ്സ് സംരംഭങ്ങളും ഈ രംഗത്ത് കൈകോര്‍ക്കണം. ഇതിനായി ഇപ്പോഴേ അദാനി ഗ്രൂപ്പ് 7000 കോടി ഡോളര്‍ നീക്കിവെച്ചിരിക്കുകയാണ്. – അദാനി ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് ജിഗാ ഫാക്ടറികള്‍ സ്ഥാപിക്കും. ഇത് ലോകത്തിലെ തന്നെ ഒരു വമ്പന്‍ ഗ്രീന്‍ എനര്‍ജി വാല്യു ചെയിന്‍ ആയി മാറും. അദാനി ഗ്രൂപ്പ് 44 ജിഗാ ബൈറ്റ് പുനരുപയോഗ ഊര്‍ജ്ജം കൂടി ഉല്പാദിപ്പിക്കും. ഇപ്പോള്‍ ഉല്പാദിപ്പിക്കുന്ന 20 ജിഗാവാറ്റ് പുനരുപയോഗഊര്ജ്ജത്തിന് പുറമെയാണിത്.- അദാനി പറഞ്ഞു.
സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയില്‍ ആഗോളഎഞ്ചിനീയര്സംഘത്തിന്റെ ഭാഗമായുള്ള ദശലക്ഷക്കണക്കിന് എഞ്ചിനീയര്‍മാരുണ്ട്. പ്രത്യേകിച്ചും യുഎസിലെ സെമികണ്ടക്ടര്‍ കമ്പനികളില്‍. ഇന്ത്യയില്‍ സെമികണ്ടര്‍ വ്യവസയാത്തില് നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടെങ്കിലും ഇപ്പോഴും സെമികണ്ടക്ടര്‍ പ്ലാന്റ് ഇല്ല. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് യുഎസിന്റെ സഹായം ആവശ്യമാണ്. – അദാനി പറഞ്ഞു.
പ്രതിരോധരംഗം, സൈബര്‍ രംഗം എന്നിവയാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മറ്റ് രണ്ട് മേഖലകള്‍. ഈ രംഗത്ത് സംയുക്തസംരംഭങ്ങള്‍ വളര്‍ത്തുന്നതിലൂടെ മാത്രമേ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ മികച്ച സംയുക്തസംരംഭങ്ങള്‍ ഉണ്ടാകണം. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: