ന്യൂദല്‍ഹി: മംഗോളിയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് (2022 സെപ്റ്റംബര്‍ 07ന്) ജപ്പാനിലേക്ക് തിരിക്കും. നാളെ ടോക്കിയോയില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യജപ്പാന്‍ 2+2 മന്ത്രിതല ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിനൊപ്പം കേന്ദ്ര പ്രതിരോധ മന്ത്രി പങ്കെടുക്കും. പ്രതിരോധ മന്ത്രി യസുകാസു ഹമാദയും, വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷിയും ജാപ്പനീസ് പക്ഷത്തെ പ്രതിനിധീകരിക്കും.
2+2 മന്ത്രിതല ചര്‍ച്ചയില്‍ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും മുന്നോട്ടുള്ള പാതയ്ക്ക് രൂപം നല്‍കുകയും ചെയ്യും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഈ വര്‍ഷം 70 വര്‍ഷം പൂര്‍ത്തിയാവുകയാണ്.
2+2 സംഭാഷണത്തിന് പുറമേ, പ്രതിരോധത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്നാഥ് സിംഗ് ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സന്ദര്‍ശന വേളയില്‍ അദ്ദേഹം ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. രാജ്യ രക്ഷാ മന്ത്രി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സാമൂഹിക പരിപാടിയില്‍ പങ്കെടുക്കുകയും ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: