കൊല്ലം: നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുടെ മുന്നൊരുക്കങ്ങള്‍ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ജി. നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. സ്റ്റേഡിയത്തിലെ താമസസൗകര്യവും റാലി നടക്കുന്ന ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. 26000 ഉദ്യോഗാര്‍ത്ഥികളാണ് റിക്യൂട്ട്മെന്റ് റാലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗ്രൗണ്ടുള്‍പ്പെടെ വൃത്തിയാക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫിനെ നിയോഗിക്കുന്നതിന് കോര്‍പ്പറേഷനെയും റിക്രൂട്ട്മെന്റിനായുള്ള വിവിധ സജ്ജീകരണങ്ങള്‍ ഒരുക്കാനായി മറ്റ് വകുപ്പുകളെയും ചുമതലപ്പെടുത്തി.
അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുവര്‍ണകുമാര്‍, സുബേദാര്‍ മേജര്‍ ഹരി ഓംസിംഗ്, സൈനികക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഉഫൈസുദ്ദീന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: