ന്യൂദല്‍ഹി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെപ്പറ്റി ജസ്റ്റിസ് സിരിജഗന് സമിതിയില്‍നിന്നു റിപ്പോര്‍ട്ട് തേടുന്നതു പരിഗണിക്കുമെന്ന് സുപ്രീംകോടതി. തെരുവുനായ അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടിക്കു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജി ഈ മാസം 26നു പരിഗണിക്കാനായിരുന്നു സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിഷയത്തിന്റെ അടിയന്തര സാഹചര്യം അഭിഭാഷകന് ചൂണ്ടിക്കാട്ടിയതോടെ വെള്ളിയാഴ്ച പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ തെരുവുനായ ശല്യം വര്‍ധിക്കുകയാണെന്ന് സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവര്‍ അഡ്വ. വി.കെ. ബിജു മുഖേന നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നായയുടെ കടിയേല്‍ക്കുന്ന പല കുട്ടികളും ഗുരുതരാവസ്ഥയിലാണ്. ഇതില്‍ പലരും പ്രതിരോധ വാക്സിനെടുത്തവരുമാണ്. അതീവ ഗൗരവകരമായ വിഷയത്തെക്കുറിച്ചു ജസ്റ്റിസ് സിരിജഗന് സമിതിയില്‍നിന്നു കോടതി റിപ്പോര്‍ട്ട് തേടണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: