തൊടുപുഴ: പ്രളയങ്ങള്‍ക്കും കൊവിഡിനും ശേഷമെത്തുന്ന ആദ്യ ഓണത്തിനു ഭീഷണിയായി മഴ. ചെറിയ ഇടവേളയ്ക്കു ശേഷം ഇന്നലെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്തു. ഇന്നും നാളെയും പലയിടങ്ങളിലും അതി തീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
ഇന്ന് ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും. എറണാകുളം ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഉത്രാട നാളില്‍ എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ഓണത്തിനു മഴ ചെറുതായി കുറയുമെങ്കിലും മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
വരും ദിവസങ്ങളില്‍ കനത്ത മഴയെത്തുന്നതിനാല്‍ മലയോര മേഖലകളില്‍ വലിയ നാശത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം തുടരുന്നതിനാല്‍ മിന്നല്‍ പ്രളയവുമുണ്ടാകാം. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മധ്യ മേഖലയില്‍ നാളെ അന്തരീക്ഷച്ചുഴി രൂപപ്പെടാനും ഇത് ഒമ്പതിനു ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: