ദുബായ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ പിന്തള്ളി മുന്‍ നായകന് വിരാട് കോഹ്ലി. അര്‍ധസെഞ്ചുറികളുടെ എണ്ണത്തിലാണ് മുന്‍ നായകന് നിലവിലെ നായകനെ മറികടന്നത്. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റിക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ കോഹ്ലിയുടെ നേട്ടം 32 ആയി. 44 പന്തില്‍ 60 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു സിക്സും മൂന്ന് ഫോറുമുണ്ടായിരുന്നു. ആറാം ഓവറില്‍ ക്രീസിലെത്തിയ കോലി അവസാന ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.
മത്സരത്തിന് ഇറങ്ങുംമുമ്പ് ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ടായിരുന്നു. പാക്കിസ്ഥനെതിരായ ഇന്നിങ്സോടെ കോഹ്ലി രോഹിത്തിനെ പിന്തള്ളുകയായിരുന്നു. കോഹ്ലിക്കിപ്പോള്‍ 32 അര്‍ധ സെഞ്ചുറിയുണ്ട്. 94 ഇന്നിങ്സില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. രോഹിത് ഇതുവരെ 127 ഇന്നിംഗ്സുകള്‍ കളിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്. അതേസമയം, മൂന്ന് സിക്സ് കൂടി നേടിയാല്‍ ടി 20 ക്രിക്കറ്റില്‍ 100 സിക്സുകള്‍ പൂര്‍ത്തിയാക്കാന്‍ കോഹ്ലിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ഒരു സിക്സ് നേടാനെ കഴിഞ്ഞുള്ളൂ. ഇതോടെ 98 സിക്സുകളായി കോഹ്ലിക്ക്. രോഹിത് നേരത്തെ 100 സിക്സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
മറ്റൊരു നേട്ടം കൂടി കോഹ്ലി സ്വന്തമാക്കി. ടി 20യില്‍ പാക്കിസ്ഥാനെതിരെ നാലാം അര്‍ധശതകമാണ് കോഹ്ലി അടിച്ചത്. പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധശതകം നേടിയ താരങ്ങളുടെ ഇടയിലും കോഹ്ലി ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ കെവിന് പീറ്റേഴ്സണ്, ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന് ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പമാണ് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: