കൊല്ലം: സിറ്റി പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ ചെറുതും വലുതുംമായ കേസുകളില്‍ 1524 പേരെ അറസ്റ്റ് ചെയ്തു.കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എസിപിമാരുടെ നേതൃത്വത്തില്‍ എല്ലാ പോലീസ് ഇന്‍സ്പെക്ടര്‍മാരേയും, പോലീസ് സ്റ്റേഷനുകളിലേയും സിറ്റിയിലെ സ്പെഷ്യല്‍ യൂണിറ്റുകളിലേയും പരമാവധി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായത്.
നിരോധിത പുകയില ഉല്‍പ്പങ്ങള്‍ കൈവശം വച്ചതിന് 18 കേസ്സുകളും, എന്‍ഡിപിഎസ് ആക്ട് പ്രകാരം 34 കേസ്സുകളും, അബ്കാരി ആക്ട് പ്രകാരം 155 കേസ്സുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ്, കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ശക്തികുളങ്ങര, കിളികൊല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും ഒരാള്‍ വീതം കരുതല്‍ തടങ്കലിലാക്കി. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനി കൊല്ലം ഈസ്റ്റ്, പരവൂര്‍, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഒരാള്‍ വീതവും ശക്തികുളങ്ങര സ്റ്റേഷന് പരിധിയില്‍ നിന്നും രണ്ടുപേര്‍ക്കെതിരെയും ആറ് മാസത്തേക്ക് സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി. കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലമായി മുങ്ങിനടന്ന 55 പ്രതികളെ പിടികൂടുകയും ചെയ്തു. കൂടാതെ കരുനാഗപ്പള്ളി സ്റ്റേഷന് പരിധിയില്‍ സ്ഥിരം കുറ്റവാളികളായ നാലുപേര്‍ക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലായി ബോണ്ട് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.
ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇരവിപുരം, കണ്ണനല്ലൂര്‍ പോലീസ് ഓരോരുത്തര് വീതം ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 37 കേഡികളേയും 109 റൗഡികളേയും സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമസ സ്ഥലങ്ങളില്‍ എത്തി പിടികൂടി. സാമൂഹികവിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെും സിറ്റി പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: