കാൻകൂൺ: മായൻ സംസ്കാരത്തിന്റെ തറവാടായ മെക്സിക്കോയിലെ കാൻകൂണിൽ കേരള തനിമയുടെ വിസ്മയം തീർത്ത് അമേരിക്കൻ മലയാളി അസോസിയേഷന്റെ തിരുവോണ ഘോഷയാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം വരുന്ന മലയാളികൾ കസവു മുണ്ടും സെറ്റുസാരിയുമുടുത്ത് മുത്തുക്കുട ചൂടി വഞ്ചിപ്പാട്ടും പാടി വിനോദ സഞ്ചാരികളുടെ പറുദീസയായ കാൻകൂണിലെ നടവഴികൾ പിന്നിടുമ്പോൾ ഇവിടെയും കൊച്ചു കേരളത്തിന്റെ തിരുവോണ ശംഖൊലി ഉയരുകയായിരുന്നു.
ഏഴാമത് ഫോമാ ഫാമിലി ഗ്ലോബൽ കൺവൻഷന്റെ ഭാഗമായാണ് വർണ്ണാഭമായ ഘോഷയാത്ര നടന്നത്. അക്ഷരാർത്ഥത്തിൽ അമേരിക്കൻ മലയാളികളുടെ പൊന്നോണമാവുകയായിരുന്നു ഇത്തവണ ഫോമ കൺവെൻഷൻ. ഇടതൂർന്ന തെങ്ങുകളും നിറഞ്ഞ പച്ചിപ്പും കാൻകൂണിന് പൊതുവേ കേരള ഛായ പകരുന്നുണ്ട്. അവിടെ മഹാബലിയും വാമനനും തിരുവാതിരയും ചെണ്ടമേളവും വായ്‌ക്കുരവയും വഞ്ചിപ്പാട്ടുമെല്ലാം അണിനിരന്നപ്പോൾ വിദേശികളും ഒരപൂർവ്വ സംസ്കൃതിയുടെ നിറവറിയുകയായിരുന്നു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷങ്ങളായി മുടങ്ങി നിന്ന ഓണാഘോഷങ്ങളും ഒത്തുചേരലും വീണ്ടെടുക്കാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് അമേരിക്കൻ മലയാളികൾ. പ്രസിദ്ധമായ മൂൺ പ്ലാസയുടെ വീഥികൾ പിന്നിട്ട് ഘോഷയാത്ര കേരള നഗറിൽ പ്രവേശിച്ചതോടെ മെഗാ തിരുവാതിരയും അരങ്ങേറി.
പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍,വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവ് , പോൾ ജോൺ, സുരേഷ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.
ബാബു കൃഷ്ണകല
പ്രതികരിക്കാൻ ഇവിടെ എഴുതുക: