തിരുവനന്തപുരം: തിരുവോണ നാള്‍ വരെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉത്രാട ദിവസം എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ മഞ്ഞ് അലര്‍ട്ടുമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. തിരുവോണ ദിവസവും വിവിധ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കി കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയായിരുന്നു. ചില ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മഴയുണ്ടായിരുന്നത്. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ മഴ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: