ന്യൂദല്‍ഹി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി 2029 ഓടെ ഇന്ത്യ ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട്. ഏഴുവര്‍ഷം കൊണ്ട് ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്നും എസ്ബിഐ എക്കണോമിക് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്ന 2014ല്‍ ലോകസാമ്പത്തിക ശക്തികളില്‍ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ എട്ടുകൊല്ലം കൊണ്ടാണ് ബ്രിട്ടനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. എസ്ബിഐ റിപ്പോര്‍ട്ട് പ്രകാരം 2021 ഡിസംബറില്‍ തന്നെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ബ്ലൂംബര്‍ഗും സ്ഥിരീകരിച്ചു.
2022-23 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7 ശതമാനം മുതല്‍ 7.7 ശതമാനം ആയിരിക്കുമെന്നാണ് എസ്ബിഐ പ്രവചനം.ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ മൂലം 6-6.5 ശതമാനം ആയാലും സാധാരണം തന്നെയാണ്. നിക്ഷേപ മേഖലയിലെ ചൈനയുടെ പിന്നോട്ടുപോക്കിന്റെ പ്രയോജനങ്ങള്‍ ഏറ്റവുമധികം കരസ്ഥമാക്കി മുന്നേറുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി ആഗോള തലത്തില്‍ വിലയിരുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമ്പോഴും ആളോഹരി വരുമാനത്തില്‍ ഇന്ത്യയ്ക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയുടെ ആളോഹരി വരുമാനം 12,556 ഡോളറായിരിക്കെ ഇന്ത്യയുടേത് 2,277 ഡോളറാണ്. ആളോഹരി വരുമാനത്തില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ശരിയായ ദിശയില്‍ മുന്നേറുന്നതു വഴി ഈ ദശാബ്ദത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളാന് സാധിക്കും. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 13.5 ശതമാനമാണ്. ജിഡിപിയിലെ മുന്നേറ്റം ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് എസ്ബിഐ, ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: