മുംബൈ: രണ്ട് പാഴ്സി വ്യവസായ കുടുംബങ്ങളുടെ നിയമ പോരാട്ടത്തിലൂടെ വാര്‍ത്തകളിലിടം പിടിച്ച വ്യവസായി പ്രമുഖനായിരുന്നു സൈറസ് പല്ലോന്‍ജി മിസ്ത്രി. ടാറ്റാ സണ്‍സില്‍ രത്തന്‍ ടാറ്റയുടെ ‘ദീര്ഘവിക്ഷണത്തോടെയുള്ള നിയമന’മായിരുന്നു മിസ്ത്രിയുടേത്. രത്തന്‍ ടാറ്റ തന്നെ ഇങ്ങനെ പറഞ്ഞതും. എന്നാല്‍ ആ വാക്കുകള്‍ കാറ്റില്‍ പറത്തി ടാറ്റയില്‍ നിന്ന് മിസ്ത്രിയെ പുറത്താക്കി. രാജ്യത്തെ വ്യാവസായിക ലോകം ഉറ്റു നോക്കിയ നിയമ പോരാട്ടമായിരുന്നു പിന്നീടിങ്ങോട്ട്.
മുംബൈയിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ തലവനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയമകനാണ് സൈറസ് മിസ്ത്രി. മുംബൈയിലെ കത്തീഡ്രലിലും ജോണ്‍ കോണണ്‍ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിസ്ത്രി ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദവും ബിസിനസ് സ്കൂളില്‍ നിന്ന് മനേജ്മെന്റില്‍ ബിരുദാനന്ദ ബിരുദവും കരസ്ഥാക്കി.
വിദ്യാഭ്യാസത്തിന് ശേഷം കുടുംബ ബിസിനസില്‍ പ്രവേശിച്ച അദ്ദേഹം ഷപൂര്‍ജി പല്ലോന്‍ജി കമ്പനിയുടെ ഡയറക്ടറായി. പല്ലോന്‍ജി മിസ്ത്രിയായിരുന്നു കമ്പനിയുടെ ചെയര്മാന്. അക്കാലത്തു തന്നെ ടാറ്റ സണ്‍സുമായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ ഓഹരികളില്‍ 18 ശതമാനവും ഷപൂര്‍ജി പല്ലോന്ജിയുടേതായിരുന്നു. ടാറ്റയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പല്ലോന്‍ജി മിസ്ത്രിയും അംഗമായിരുന്നു. ഇതല്ലാതെ ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹ ബന്ധവും നടന്നു. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനുംടാറ്റ ഗ്രൂപ്പിലെ എക്സിക്യൂട്ടീവുമായ നോയല്‍ ടാറ്റ വിവാഹം കഴിച്ചത് സൈറസ് മിസ്ത്രിയുടെ സഹോദരിയേയാണ്.
2006ല്‍ പല്ലോന്‍ജി മിസ്ത്രി ടാറ്റയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് വിരമിക്കുകയും ആ സ്ഥാനത്ത് സൈറസ് മിസ്ത്രി എത്തുകയും ചെയ്തു. പിന്നീട് നിരവധി ടാറ്റ കമ്പനികളുടെ ഡയറക്ടറായി മിസ്ത്രി നിയമിക്കപ്പെട്ടു. 2011ല്‍ മിസ്ത്രിയെ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി രത്തന്‍ ടാറ്റ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ മിസ്ത്രി ഷപൂര്‍ജി പല്ലോന്ജിയില് നിന്ന് രാജിവച്ചു. കമ്പനിയുടെ മുഴുവന്‍ നിയന്ത്രണവും സഹോദരന് ഷാപൂര്‍ മിസ്ത്രിക്ക് കൈമാറി. 2012ല്‍ ടാറ്റയുടെ ചെയര്‍മാനായി. 2016 വരെ പദവിയില്‍ തുടര്‍ന്നു. പെട്ടെന്നായിരുന്നു കമ്പനിയില്‍ നിന്നുള്ള മിസ്ത്രിയുടെ പുറത്താക്കല്‍. ബിസിനസുമായി ബന്ധപ്പെട്ട് കുടുംബത്തിലെ അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെതിരെ മിസ്ത്രി നിയമപോരാട്ടം ആരംഭിച്ചു. 2018ല്‍ രാജ്യത്തെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മിസ്ത്രിയുടെ അപേക്ഷ നിരസിച്ചു. പക്ഷേ 2019ല്‍ നാഷണല്‍ ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീരുമാനം അസാധുവാക്കി. 2021ല്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടു. മിസ്ത്രിയെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് പിരിച്ചു വിട്ടത് കോടതി ശരിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: