ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ടൂറിസം രംഗത്ത് മാത്രമല്ല, കേരളത്തിന്റെയാകെ മുഖമുദ്രയായി ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരക്കാരന് വൈകിയതോടെ താളം തെറ്റി. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.രണ്ട് മണിക്ക് ഉദ്ഘാടനം നടക്കുമെന്നറിയിച്ചിരുന്നെങ്കിലും ഈ സമയത്ത് മുഖ്യമന്ത്രിക്ക് പകരം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എത്തിയിരുന്നില്ല.
നെഹ്റു സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും കൊടി ഉയര്‍ത്തലിനുമായി നിശ്ചയിച്ചിരുന്ന മന്ത്രി ഏറെ വൈകിയാണ് ചടങ്ങിനെത്തിയത്. ഇതോടെ, ഉദ്ഘാടന പരിപാടികളാകെ താളം തെറ്റി.ഒടുവില്‍ നേരത്തെ തന്നെ ചടങ്ങിനെത്തിച്ചേര്‍ന്ന മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പരിപാടികളിലേക്ക് കടക്കുകയുമായിരുന്നു സംഘാടകര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
എന്‍ടിബിആര്‍ സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ വി ആര് കൃഷ്ണ തേജ സ്വാഗതപ്രസംഗം നടത്തുമ്പോള്‍ ചടങ്ങിലെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി പി. എ മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നില്ല. നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂര്‍ വൈകി ഉദ്ഘാടകനും അധ്യക്ഷനുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ വേദിയിലെത്തുമ്പോള്‍ മാസ് ഡ്രില്‍ പൂര്‍ത്തിയാക്കി ആദ്യ പാദ മത്സരത്തിനായി ചുണ്ടന്‍വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് പോയിരുന്നു. പിന്നീട് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജലമേള ഉദ്ഘാടനം ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.എന്നാല്‍ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടന്നത് ചുണ്ടന്‍വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് പൂര്‍ത്തിയായ ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: