തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ആഗസ്തില്‍, ചരിത്രത്തിലെ ഏറ്റവും കൂടിയ വൈദ്യുതി ഉത്പാദനം. 31 ദിവസം കൊണ്ട് 519.807 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതിന് മുമ്പ് 500ന് മുകളില്‍ ഉത്പാദിപ്പിച്ചത് 2021ലാണ്. ആഗസ്ത് എട്ടിന് 17.963 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ആ നവംബറില്‍ 30 ദിവസത്തിനിടെ 503 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം.
ഇടുക്കിയില്‍ രണ്ട് ഘട്ടമായി ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ദിവസം പൂര്‍ണ്ണതോതില്‍ ഇവ പ്രവര്‍ത്തിപ്പിച്ചാല്‍, 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം നടന്നത് അപൂര്‍വം. ഒരു ജനറേറ്റര്‍ തകരാറില്‍ ആയിരുന്നതിനാല്‍, 2018ലെ പ്രളയക്കാലത്ത് ഇത്രയും ഉത്പാദിപ്പിച്ചില്ല. ഇത്തവണ ആഗസ്ത് ആദ്യം ഇടുക്കി തുറക്കേണ്ടി വന്നതോടെ ജലം പാഴാക്കാതിരിക്കാന്‍ പരമാവധി ഉത്പാദിപ്പിക്കുകയായിരുന്നു. മിച്ചം വൈദ്യുതി ഇടയ്‌ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഏതാനും ദിവസം മാത്രം ഇടുക്കി തുറന്നിരുന്നപ്പോള്‍ കെഎസ്ഇബിക്ക് നഷ്ടമായത് 80 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. മാസം മുഴുവന്‍ ഇടവിട്ട് മഴ തുടരുകയും ജലനിരപ്പ് താഴാതെയും വന്നതോടെ ഈ ഉത്പാദനം കൂടി തന്നെ നിന്നു. ആഗസ്തില്‍ ശരാശരി ഉത്പാദനം പോലും 16 മില്യണ്‍ യൂണിറ്റിന് മുകളിലാണ്. ജൂലൈയില്‍ ആകെ 216.248 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം, ജൂണിലിത് 203.521 ആയിരുന്നു. നിലവില്‍ 2386.12 അടിയാണ് ജലനിരപ്പ്, മൊത്തം സംഭരണശേഷിയുടെ 81 ശതമാനത്തോളം വരുമിത്. റൂള്‍ കര്‍വ് പ്രകാരം 2392.55 അടി വെള്ളം സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: