വാമനമൂര്‍ത്തിക്ക് കലിയുഗത്തില്‍ കാരാഗൃഹവാസം! ബീഹാറിലെ ബക്സര്‍ സെന്‍ട്രല്‍ പ്രിസണിന്റെ ഭാഗമായ 80 ഏക്കര്‍ തുറന്ന ജയില്‍വളപ്പില്‍ മറ്റ് 104 അന്തേവാസികള്‍ക്കൊപ്പം മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം വസിക്കുന്നു.
ബക്സറിലെ വാമനേശ്വരക്ഷേത്രം സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നെത്തിയവരാണെന്ന് പറഞ്ഞപ്പോള്‍ ജയിലിനുള്ളിലേക്ക് പ്രവേശനാനുമതി കിട്ടി. മുന്നോട്ടു നടന്നപ്പോള്‍ വമ്പന്‍ ആലുകള്‍ തണല്‍വിരിച്ച വാമനക്ഷേത്രം കാണാവുകയായി. ഏറെ നേരത്തെ നടപ്പിനുശേഷം ഞങ്ങള്‍ ( കാശിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോഡല്‍ ഓഫീസര്‍ തിരുവനന്തപുരം രണ്ടാം പുത്തന്‍തെരുവിലെ ടി.എസ്. സുബ്രഹ്മണ്യനും ഞാനും) കണ്ട ആദ്യത്തെ മനുഷ്യന് ക്ഷേത്രമുറ്റത്തെ കൂറ്റന്‍ ആല് മരത്തിനു ചുവട്ടില്‍ കണ്ണടച്ച് ധ്യാനനിരതനായിരിക്കുന്നു-ക്ഷേത്ര പുരോഹിതന് ബീഹാറി പണ്ഡിറ്റ് ചന്ദ്രകാന്ത് ചൗബെ!
ബക്സറിലെ വാമനാവതാരം
വ്യാഘ്രസര് എന്നാണ് ബക്സറിന്റെ ശരിയായ പേര്. 1764-ല്‍ നടന്ന ബക്സര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പഴയ ബംഗാള്‍, ഒറീസ, ബീഹാര്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഉച്ചാരണസൗകര്യാര്‍ത്ഥം പുതിയ പേര് ചാര്‍ത്തിയത്. ഇടക്കാലത്ത് നക്സല്‍ പ്രഭാവത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഭാഗവതത്തിലെ അവതാരഭൂമിയും രാമായണത്തിലെ തപോഭൂമിയുമാണ് ബക്സര്‍. സ്ഥലത്തിന്റെ പവിത്രത മാനിച്ച് സിദ്ധാശ്രമം എന്നാണ് നാട്ടുകാര്‍ ഇപ്പോഴും പറയുന്നത്.
കശ്യപ പ്രജാപതിയുടെയും അദിതിയുടെയും പുത്രനായി ബക്സറിലാണ് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തി ജന്മമെടുക്കുന്നത്. വാമനമൂര്‍ത്തി അവതരിച്ച സമയം ഋഷിമാരും ദേവന്മാരും വാമനനെ സന്ദര്‍ശിച്ച് കുട, വടി, പാദരക്ഷ, വസ്ത്രം, യജ്ഞോപവീതം തുടങ്ങി നിരവധി വസ്തുക്കള്‍ ദാനമായി സമര്‍പ്പിച്ചു. ഓലക്കുടയും മെതിയടിയും വാമനമൂര്‍ത്തിയുടെ അടയാളമായി മാറി.
ശിവന്റെ ദൈവം വിഷ്ണുവും വിഷ്ണുവിന്റേത് ശിവനും ആണെന്ന് ശിവപുരാണം പറയുന്നുണ്ട്.
ശിവശ്ചഹൃദയം വിഷ്ണു
വിഷ്ണുശ്ചഹൃദയം ശിവഃ
ഇവിടെ വാമനാവതാരം കുടയും കമണ്ഡലവുമായി ശിവക്ഷേത്രത്തിലെത്തി ദര്‍ശനം ചെയ്തു. തന്റെ അവതാരോദ്ദേ
ശ്യം നിറവേറ്റാനായി വാമനന് ആരാധന ചെയ്തു. ശിവലിംഗം പില്ക്കാലത്ത് വാമനേശ്വരന് എന്നറിയപ്പെട്ടു – വാമനന്റെ ഈശ്വരന്. ആ വാമനേശ്വര ക്ഷേത്രമാണ് ബക്സറിലുള്ളത്. അവതാരോദ്ദേശ്യം നിറവേറ്റിയശേഷം വാമനന് ഇവിടെത്ത ശിവലിംഗവുമായി ഐക്യപ്പെട്ടു എന്നാണ് ചൗബെ പറഞ്ഞത്. അങ്ങനെ വാമനക്ഷേത്രവുമായി. വാനമൂര്ത്തി ആരാധിച്ച വാമനേശ്വര(ശിവ)ക്ഷേത്രത്തിന്റെ സമീപത്ത് വാമനമൂര്‍ത്തി ക്ഷേത്രം കാണാം.
ദാനപ്രഭുവായ ബലി ബ്രാഹ്മണ ബാലനെ കണ്ട് ഇഷ്ടവരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ കാലിന്റെ അളവ് കൊണ്ട് മൂന്നടി വേണമെന്ന് ബാലന് പറഞ്ഞു. (അസ്മിന് പാദേ … എന്റെ പാദം കൊണ്ട് അളന്നെടുക്കണം). ബലി സമ്മതിച്ചു. ഉടനെ ദാനത്തിന് ആവശ്യമായ ചടങ്ങുകള്‍ നടത്തി. ഇതില്‍ ചതിയുണ്ടെന്ന് അസുരഗുരുവായ ശുക്രാചാര്യര്‍ ബലി തിരുമേനിക്ക് മുന്നറിയിപ്പു നല്കി. പക്ഷേ ബലി വകവച്ചില്ല.
തന്നെപ്പോലെ ഒരു ചക്രവര്‍ത്തിയോട് മൂന്നടി മണ്ണ് യാചിക്കുന്നത് കുട്ടിത്തമല്ലേ എന്ന് ബലി വാമനനെ ചിരിച്ച് പരിഹസിച്ചു. വാമനന് പെട്ടെന്ന് വളര്‍ന്ന് മൂന്നു ലോകങ്ങളും നിറഞ്ഞ് വിശ്വരൂപംപൂണ്ട് ത്രിവിക്രമനായി മാറി. തന്റെ ആദ്യത്തെയും രണ്ടാമത്തെയും ചുവടുകളില്‍ സ്വര്‍ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ ചുവടു വയ്ക്കാന്‍ ഇടമില്ലാതെ വന്നു. അവനവന്റെ ശരീരം അവനവന് സ്വന്തമായതിനാല്‍ തന്നെത്തന്നെ ദാനം നല്‍കുന്നതായി അറിയിച്ച് ബലി സ്വന്തം ശിരസ് കുനിച്ചുകൊടുത്തു. ആ സമയം വാമനന് തന്റെ പാദസ്പര്ശത്താല് മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി ‘സുതല’ത്തിലേക്ക് ഉയര്‍ത്തി എന്നാണ് ഭാഗവതം പറയുന്നത്. (പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയല്ല !) അസുര രാജാവായ ബലിയെ അസുരലോകത്തേക്ക് മടക്കി അയച്ച് ഭൂമിയെയും സ്വര്‍ഗത്തെയും രക്ഷിക്കുകയായിരുന്നു വാമനന്റെ അവതാരോദ്ദേശ്യം.
സുതലത്തിലേക്ക് പോകുമ്പോള്‍ ബലി ഭഗവാനോട് ഒരു അഭ്യര്‍ത്ഥന നടത്തി- വര്‍ഷത്തിലൊരിക്കല്‍ ഭൂമിയില്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണം. അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ മഹാബലി കേരളത്തിലെത്താന്‍ വ്യവസ്ഥയായി. കേരളത്തിന്റെ ദേശീയോത്സവമായ ഓണം അങ്ങനെ ആണ്ടുതോറും ആഘോഷിച്ച് തുടങ്ങി.
ആസുരബന്ധനവും രക്ഷാബന്ധനവും
ചൗബേ പറഞ്ഞ ബക്സറിലെ പ്രാദേശികമായ മാവേലിക്കഥയില്‍ ഓണത്തിന് സ്ഥാനം ഇല്ല. പക്ഷേ പാതാളത്തിലേക്ക് മടങ്ങുമ്പോള്‍ ബലി വാമനനോട് ഒരു അഭ്യര്‍ത്ഥന നടത്തി. ”ഞാന്‍ പാതാളത്തിലായിരിക്കുന്ന കാലംവരെ അങ്ങയെ ദര്‍ശനം ചെയ്തുകൊണ്ടിരിക്കണം. അതിനാല്‍ അങ്ങ് എന്നോടൊപ്പം പാതാളത്തില്‍ വന്ന് എന്റെ രക്ഷകനായി വസിക്കണം.” അങ്ങനെ ഭക്തവത്സലനായ ഭഗവാനും ബലിയോടൊപ്പം പാതാളത്തിലായി. തന്നെ പാതാളത്തിലേക്ക് താഴ്ത്തിയ ഭഗവാനെ ബലി അസുരബുദ്ധിയാല് പാതാളത്തില്‍ ബന്ധിച്ചു.
ഭര്‍ത്താവിന് പിണഞ്ഞ അപകടം മനസ്സിലാക്കിയ മഹാലക്ഷ്മി പാതാളത്തിലെത്തി. ഭഗവാന് ഭക്തന്റെ ആഗ്രഹത്തിനൊത്ത് ദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഭഗവാന്റെ മോചനത്തിന് എന്തെങ്കിലും ഉപായം കണ്ടെത്തണമെന്ന് മനസ്സിലാക്കിയ ദേവി തന്റെ വസ്ത്രത്തില്‍ നിന്ന് ഒരു ശകലം കീറിയെടുത്ത് ബലിയുടെ വലതുകൈയില്‍ ബന്ധിച്ചു. ബലിയെ തന്റെ സഹോദരനായി സ്വീകരിക്കുന്നതായും സഹോദരന് ഏത് സാഹചര്യത്തിലും തന്റെ ഇച്ഛകള്‍ സാധിച്ചുതരണമെന്നും ബലിയുമായി ലക്ഷ്മീദേവി സത്യബന്ധനം ചെയ്തു.
‘അങ്ങനെയാവട്ടെ’ എന്ന് ബലി വാക്കു നല്കിയപ്പോള് തന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് ദേവി ആവശ്യപ്പെട്ടു. ദേവിയുടെ മറുതന്ത്രത്തില്‍ വിഷ്ണുവിനെ വിട്ടുകൊടുക്കാന്‍ ബലി നിര്‍ബന്ധിതനായി. അങ്ങനെ വിഷ്ണു പാതാളത്തില്‍ ബലിയുടെ ബന്ധനത്തില്‍ നിന്ന് മോചിതനായി. ലക്ഷ്മീദേവി സ്വന്തം വസ്ത്രത്തില്‍ നിന്ന് കീറിയെടുത്ത ശകലം മഹാബലിയുടെ വലതുകൈയില്‍ കെട്ടി സഹോദരബന്ധം സ്ഥാപിച്ച ചടങ്ങാണ് രക്ഷാബന്ധനം.
മഹാബലി അസുരനായിരുന്നിട്ടും, ലക്ഷ്മീദേവിയുടെ സഹോദരനായി മാറിയ ബന്ധത്തിലൂടെ ചിരഞ്ജീവി ആയി മാറി. ഭാരതത്തിലെ ഏഴ് ചിരഞ്ജീവികളില്‍ ഒരാളാണ് മഹാബലി. ചിരഞ്ജീവികളിലെ ഏക അസുരനും ബലി തന്നെ.
ഓണം ഉണ്ണാം… രക്ഷാബന്ധനം?
അസുരചക്രവര്‍ത്തി ആയിരുന്നിട്ടും മഹാബലി മഹാലക്ഷ്മിയെ സഹോദരിയായി സ്വീകരിച്ച്, ദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് മഹാവിഷ്ണുവിനെ പാതാള ലോകത്തു നിന്ന് മടങ്ങിപ്പോകാന്‍ അനുവദിക്കുകയുണ്ടായി. ഈ ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന രക്ഷാബന്ധന് ഉത്തരേന്ത്യയില്‍ വലിയ ആഘോഷമായി നടത്തുന്നു. കേരളത്തില്‍ രക്ഷാബന്ധന് വലുതായി ആഘോഷിക്കുന്നില്ല.
മഹാബലിയും കേരളവുമായുള്ള ബന്ധം പുരാണേതിഹാസങ്ങളില്‍ വ്യക്തമല്ല. തൃക്കാക്കരയില്‍ വാമനമൂര്‍ത്തിയുടെ ക്ഷേത്രവും സമീപത്ത് ഏലൂരില്‍ പാതാളം എന്നൊരു സ്ഥലവും കൊച്ചിരാജാവ് തുടങ്ങിവച്ച അത്തച്ചമയ ഘോഷയാത്രയുംപൗരാണികമോ ചരിത്രപരമോ ആയ ബന്ധം നല്‍കുന്നില്ല. ഓണംതുരുത്തും, ഓണാട്ടുകരയും, മാവേലിക്കരയും അങ്ങനെ തന്നെ. പക്ഷേ, ഓണവും ഓണക്കോടിയും ഓണസദ്യയും പൂക്കളവും പൂവിളിയും പൂവടയും ചരിത്രാതീതകാലം മുതല്‍ കേരളത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ ഓണചരിത്രം പോലെ മഹാബലിയുടെ പുരാവൃത്തവും കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നു.
മഹാബലിയെ നിഗ്രഹിക്കാത്തതെന്തു കൊണ്ട് ?
അസുരരാജാവും വിഷ്ണു ഭക്തനുമായ പ്രഹ്ളാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. വലിയ ത്യാഗം ചെയ്തവന് എന്നാണ് ബലി എന്ന പേരിലൂടെ അര്‍ത്ഥമാക്കുന്നത്. കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാം ഒരുപോലെ കരുതപ്പെട്ട ആ ഭരണകാലം ദേവന്മാരെപ്പോലും അസൂയാലുക്കളാക്കി.
പാതാളവും ഭൂലോകവും അടക്കിവാണ ചക്രവര്‍ത്തിയെ രണ്ടുലോകത്തുമുള്ള പ്രജകള്‍ക്ക് ഒരുപോലെ ഇഷ്ടമായിരുന്നു. പക്ഷേ, പാതാളലോകത്തെ അധിവാസവും ഭരണവും അസുരന്മാര്ക്കും, ഭൂമിയിലേത് മനുഷ്യര്‍ക്കും, സ്വര്‍ഗത്തിലേത് ദേവന്മാര്ക്കും അവകാശപ്പെട്ടതാണ്. ബലി ദേവലോകമായ സ്വര്‍ഗം കൂടി പിടിച്ചടക്കാന്‍ പദ്ധതിയിട്ട് വിശ്വജിത് യാഗം ആരംഭിച്ചതോടെ ദേവന്മാര് ആശങ്കപ്പെട്ട് ഇന്ദ്രനെ സമീപിച്ചു. ഇന്ദ്രന് രക്ഷയ്ക്കായി മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അങ്ങനെയാണ് മഹാവിഷ്ണു വാമനരൂപത്തില്‍ അവതാരമെടുത്തത്. മറ്റു ലോകങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്ന് അസുരചക്രവര്‍ത്തിയെ തടഞ്ഞ് വിശ്വസന്തലനം നിലനിര്‍ത്തുകയായിരുന്നു ലോകപരിപാലകനായ മഹാവിഷ്ണുവിന്റെ അവതാരോദ്ദേശ്യം. വിഷ്ണുവിന്റെ മറ്റ് അവതാരങ്ങള്‍ ശത്രുനിഗ്രഹം ചെയ്തപ്പോള്‍ വാമനന് ഭക്തനെ അഹങ്കാരമുക്തനാക്കി മാറ്റുകയാണ് ചെയ്തത്. മാത്രമല്ല, അടുത്ത മന്വന്തരത്തില്‍ ഇന്ദ്രപദവി വാഗ്ദാനവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: