തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച ഇ ഡി അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും തടസമാകുന്നത് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് പോലീസും റവന്യൂ, സഹകരണ വകുപ്പുകളും സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഇടപെടലാണ് പോലീസിന്റെയും സഹകരണ, റവന്യൂ വകുപ്പുകളുടേയും നിഷേധാത്മക നിലപാടിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ബാങ്കില്‍ വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായും നോട്ട് നിരോധന സമയത്ത് നൂറ് കോടിയിലേറെ രൂപ വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചതായും ഇ ഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ബാങ്ക് ആസ്ഥാനത്തും ജീവനക്കാരുടേയും ഭരണസമിതിയംഗങ്ങളുടേയും വീടുകളില്‍ നടത്തിയ റെയ്ഡുകളെത്തുടര്‍ന്നാണ് തെളിവുകള്‍ ലഭിച്ചത്.
ഈ കേസില്‍ തുടര്‍ നടപടികള്‍ക്കാവശ്യമായ രേഖകള്‍ പലതും സഹകരണ വകുപ്പിന്റെ കൈയിലാണ്. രേഖകള്‍ കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ബാങ്ക് രൂക്ഷമായ പ്രതിസന്ധിയിലായി പ്രവര്‍ത്തനം നിലച്ച സമയത്ത് തന്നെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പ്രധാന ഫയലുകള്‍ എടുത്തുകൊണ്ട് പോയിരുന്നു.
പിന്നീട് ഇ ഡി ഉദ്യോഗസ്ഥര്‍ അനേഷണം ആരംഭിച്ച സമയത്തും ഈ രേഖകള്‍ പലതും ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. തുടര്‍ന്ന് ഇ ഡി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കത്ത് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കരുവന്നൂരില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനുബന്ധ തെളിവുകള്‍ ശേഖരിക്കാനായെങ്കിലും സുപ്രധാന രേഖകള്‍ പലതും ഇനിയും ലഭിക്കണം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
പോലീസിന്റെ ഭാഗത്ത് നിന്നും ഇതേ നിസഹകരണമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്താനോ പരിശോധന നടത്താനോ പോലീസിന്റെ സഹകരണം ലഭിക്കുന്നില്ല. നേരത്തെ റെയ്ഡ് നടത്താന്‍ ഇ ഡി സിഐഎസ്എഫിന്റെ സഹായം തേടിയിരുന്നു.
പ്രതികള്‍ പലയിടത്തും വന്‍തോതില്‍ ഭൂമി വാങ്ങിയതായി വിവരമുണ്ട്. ഇതിന്റെ രേഖകള്‍ ലഭിക്കാനും സ്ഥലം കണ്ടെത്താനും റവന്യൂ, പോലീസ് വകുപ്പുകളുടെ സഹകരണം ആവശ്യമുണ്ട്. നിലവില്‍ ആവശ്യപ്പെട്ടാലും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍.
ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണിതെന്നും കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: