കോഴിക്കോട് : എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്ത് ജിഎസ്ടി വകുപ്പ്. താരസംഘടനയായ എഎംഎംഎയ്ക്ക് മുമ്പ് ജിഎസ്ടി രജിസ്ട്രേഷനുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഘടന വിദേശ രാജ്യങ്ങളില്‍ നടത്തിയ പരിപാടികള്‍ക്കടക്കം നികുതി വെട്ടിപ്പ് നടത്തിയോയെന്നും സംശയമുണ്ട്.
എഎംഎംഎയില്‍ താരങ്ങള്‍ അംഗത്വമെടുക്കുന്നതിന് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുള്‍പ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നും ജിഎസ്ടി വകുപ്പ് അന്വേഷിക്കുന്നുണ്ട്. താരങ്ങളുടെ മെഗാഷോകള്‍ സംഘടിപ്പിക്കുന്നത് ജിഎസ്ടി പരിധിയിലുള്‍പ്പെടും. എന്നാല്‍, അമ്മ ഇത്തരത്തില്‍ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
കോഴിക്കോട് സ്റ്റേറ്റ് ജിഎസ്ടി ഇന്റലിജന്റ്സ് വിഭാഗമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. നികുതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ കോഴിക്കോടേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.
എന്നാല്‍ സംഘടന ട്രസ്റ്റ് ആണെന്നും പണം സ്വീകരിക്കുന്നത് സംഭാവനയായാണെന്നാണ് നേരത്തെ അധികൃതരെ അറിയിച്ചിരുന്നത്. നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ആറുമാസം മുമ്പ് ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജിഎസ്ടി രജിസ്ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: