ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ ആദ്യമായി മറികടന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ ഇന്ത്യ 13.5 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. മൊത്ത ആഭ്യന്തരോല്പാദനം 16 ശതമാനത്തിലധികമാക്കണം എന്ന് റിസര്‍വ്വ് ബാങ്ക് മോഹിച്ചെങ്കിലും അത് നടന്നില്ല. പകരം 13.5 ശതമാനം കൈവരിക്കാനേ സാധിച്ചുള്ളൂ. അതേ സമയം ചൈനയ്ക്ക് നേടാന്‍ കഴിഞ്ഞത് വെറും 0.4 ശതമാനം മാത്രം. അതായത് ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച ജിഡിപിയില്‍ രേഖപ്പെടുത്തുമ്പോള്‍ ചൈനയ്ക്ക് ഒറ്റയക്കം പോലും കൈവരിക്കാന്‍ കഴിഞ്ഞില്ല.
തയ് വാനുമായുള്ള യുദ്ധ സാഹചര്യം, അതീവവരള്ച്ചമൂലം നദികള്‍ വറ്റിവരണ്ട സ്ഥിതി വിശേഷം, സാമ്പത്തിക മാന്ദ്യം, ആവര്‍ത്തിച്ചുള്ള കോവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക മരവിപ്പ് ഇതെല്ലാം ചൈനയ്ക്ക് വലിയ തിരിച്ചടി നല്കിയിരിക്കുന്നു. പിഎം ഗരീബ് കല്യാണ്‍ യോജനയിലൂടെ പാവങ്ങള്‍ക്കുള്ള ധനസഹായം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കല്‍ എന്നിവയെല്ലാം വീടുകളിലെ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയെ സഹായിച്ചു.
ഡെലോയിറ്റ് ഇന്ത്യയുടെ രുക്മി മജുംദാര്‍ പറയുന്നു: “മറ്റ് ലോകത്തെ പ്രധാന സമ്പദ്ഘടനകള്‍ മാന്ദ്യസൂചനകള്‍ പ്രകടിപ്പിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ വളര്‍ച്ച. ഇത് ആഗോള നിക്ഷേപകരുടെ ഇന്ത്യയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിക്കും”.
സമാന സമ്പദ്ഘടനകളെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ചാനിരക്കും പണപ്പെരുപ്പത്തിലെ താഴ്ന്ന നിരക്കും ഇന്ത്യയെ സഹായിക്കുന്നു. ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തെ വെച്ച് നോക്കുമ്പോള്‍ കുറവാണ്.
ജിഡിപി വളര്‍ച്ച എന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ അളവുകോലാണ്. സര്‍ക്കാര്‍ അടിസ്ഥാനസൗകര്യവികസനത്തിനായി ചെലവിടുന്ന തുക, നിക്ഷേപം, കയറ്റുമതി വര്‍ധന ഇതെല്ലാം ജിഡിപിയില്‍ പ്രതിഫലിക്കുന്നു. ജനങ്ങളുടെ ഉപഭോഗശേഷിയിലുള്ള വര്‍ധനയും ജിഡിപിയിലൂടെ അറിയാം. അതിവേഗം വിറ്റഴിയുന്ന ഉപഭോഗസാധനങ്ങളുടെ ഉപഭോഗത്തിലും ഇരുചക്രവാഹന വില്പനയിലും ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് ആകര്‍ഷകമായ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: