ദുബായ്: ദുബായ് ചെസില്‍ പ്രഗ്നാനന്ദയുടെ വിജയത്തിന് പുറമെ വാര്‍ത്ത സൃഷ്ടിച്ചത് മധ്യപ്രദേശില്‍ നിന്നുള്ള 16 കാരന് ആയുഷ് ശര്‍മ്മയാണ്. തുടര്‍ച്ചയായി മൂന്ന് ഗ്രാന്റ് മാസ്റ്റര്‍മാരെയാണ് തോല്പിച്ചത്. ആയുഷ് ശര്‍മ്മയ്ക്ക് പ്രഗ്നാനന്ദയുടെ ബാധ കേറിയോ എന്ന് പോലും തമാശയായി ചോദിക്കുകയായിരുന്നു ഇന്ത്യയിലെ ചെസ് പ്രേമികള്‍.
ദുബായ് ഓപ്പണ്‍ ചെസില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നു- മൂന്ന് ഗ്രാന്റ് മാസ്റ്റര്‍മാരെ തുടര്‍ച്ചയായി അട്ടിമറിച്ച് ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ആയുഷ് ശര്‍മ്മ, കൗമാരതാരം പ്രഗ്നാനന്ദ, ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ള അര്ജുന് എരിഗെയ്സി എന്നിവരാണിവര്‍.
റഷ്യയുടെ അലക്സാണ്ടര്‍ പ്രെഡ്കെ ഇന്ത്യയുടെ അത്ഭുതതാരമായ ആയുഷ് ശര്‍മ്മയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചു. തുടര്‍ച്ചയായി മൂന്ന് ഗ്രാന്റ്മാസ്റ്റര്‍മാരെ അട്ടിമറിച്ചതിലൂടെ താരമായി മാറുകയായിരുന്നു ആയുഷ് ശര്‍മ്മ. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ഗ്രാന്റ്മാസ്റ്റര്‍മാരായ തേജ് കുമാര്‍, അര്ജുന് കല്യാണ്‍ എന്നിവരെയും അസര്‍ബൈജാന്റെ മഹമ്മദ് മുറാദ് ലിയെയും അട്ടിമറിച്ച് ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തിയതായിരുന്നു ആയുഷ് ശര്‍മ്മ എന്ന മധ്യപ്രദേശുകാരന്. പക്ഷെ വെള്ളിയാഴ്ച അദ്ദേഹം റഷ്യയുടെ അലക്സാണ്ടര്‍ പ്രെഡ്കെയോട് തോറ്റു.
അതേ സമയം ഇന്ത്യയുടെ അര്ജുന് എരിഗെയ്സി ഫോം വീണ്ടെടുത്തിരിക്കുകയാണ്. ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും അപകടകാരിയായ റിനറ്റ് ജുമാബയേവിനെ തോല്പിച്ച് ആറ് റൗണ്ട് പിന്നിട്ടതോടെ അര്ജുന് എരിഗെയ്സി 5.5 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അലക്സാണ്ടര്‍ പ്രെഡ്കെയും 5.5 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്.
പ്രഗ്നാനന്ദയ്ക്ക് അഞ്ചാം റൗണ്ട് അഗ്നിപരീക്ഷയായി. ഒന്നാം സ്ഥാനത്ത് നിലകൊണ്ടിരുന്ന പ്രഗ്നാനന്ദയ്ക്ക് ചെറിയ ഒരു അബദ്ധം പറ്റിയതോടെ റിനറ്റ് ജുമാബയേവിനോട് തോറ്റു. എന്നാല്‍ ആറാം റൗണ്ടില്‍ സമനില പിടിച്ചതോടെ പ്രഗ്നാനന്ദ അഞ്ചു പോയിന്റോടെ രണ്ടാം സ്ഥാനത്തായി. ഗ്രാന്റ് മാസ്റ്രര്മാരായ വ്ളാഡിമിര്‍ അകോപിയന്‍ (യുഎസ്), അരവിന്ദ് ചിദംബരം (ഇന്ത്യ), സഹജ് ഗ്രോവര്‍ (ഇന്ത്യ) എന്നിവരും അഞ്ച് പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.
ആകെ ഒമ്പത് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്റില്‍ ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: