പഴയങ്ങാടി: പുതിയങ്ങാടി-ചൂട്ടാട് അഴിമുഖത്ത് അപകടങ്ങള്‍ പതിവാകുന്നു. മേഖലയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അടിക്കടി അപകടത്തില്‍പ്പെടുകയാണ്. വള്ളവും വലയും ഉള്‍പ്പെടെയുള്ളവ നശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാവുന്നത്. ദിനംപ്രതിയെന്നോണം ഉണ്ടാകുന്ന അപകടങ്ങള്‍ മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധന ബോട്ട് മണല്‍തിട്ടയില്‍ തട്ടി മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി മരിക്കുകയും 4 മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ പുതിയങ്ങാടി മത്സ്യഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയ്‌ക്ക് അടുപ്പിച്ച രണ്ട് വള്ളങ്ങള്‍ പൂര്‍ണ്ണമായും തകരുന്ന അവസ്ഥയും ഉണ്ടായി. മീന്‍ പിടിച്ച് മടങ്ങവേ പാലക്കോടെ അസ്ലമിന്റെ ഉടമസ്ഥതയിലുള്ള അല്‍നൂര്‍ എന്ന വള്ളവും കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. തോണിയിലുണ്ടായിരുന്ന നാല് തൊഴിലാളികളില്‍ പുതിയങ്ങാടി സ്വദേശി റൗഫി (40)ന് പരിക്കേറ്റു. ഇദ്ദേഹം പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഒഡീഷ സ്വദേശികളായ മറ്റ് മൂന്നു പേര്‍ നിന്തിപരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൂട്ടാട് അഴിമുഖത്തിനടുത്തു വെച്ചാണ് അപകടം. മത്സ്യവുമായി തിരിച്ചു വരവേ ശക്തമായ തിരമാലയില്‍പ്പെട് ഫൈബര്‍ വള്ളം മറിയുകയായിരുന്നു. ബോട്ട് പൂര്‍ണമായും തകര്‍ന്നു.
തുടര്‍ച്ചയായ അപകടങ്ങള്‍ തൊഴിലാളികളുടെ ഉപജിവനത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളികള്‍ രക്ഷപെട്ടത് തലനാഴിരയ്‌ക്കാണ്. ചൂട്ടാട് മേഖലയില്‍ പുല് മുട്ട് നിര്‍മ്മാണം അനിശ്ചിതമായി നിണ്ടു പോകുന്നതാണ് ഇത്തരത്തില്‍ അടിക്കടിയുണ്ടാവുന്ന അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ഭയന്ന് സ്ഥലം എംഎല്‍എ രഹസ്യമായി സ്ഥലം സന്ദര്‍ശിച്ചതും ഏറെ വിവാദമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റ കാലത്ത് ടി.വി. രാജേഷ് എംഎല്‍എയായിരുന്ന സമയത്ത് പുലിമുട്ടിന് വേണ്ടി നടപടികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാം ജലരേഖയായി മാറി. മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴും എംഎല്‍എയും ഉദ്യേഗസ്ഥരുമെത്തി സ്ഥലം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ശാശ്വത പരിഹാരമായി പുലിമുട്ട് വേണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് നേരെ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: