പുനലൂര്‍: ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ ഭാരമളക്കുന്ന യന്ത്രം (വെയിങ് മെഷീന്) നോക്കുകുത്തിയാകുന്നു. 2019 തുടക്കത്തില്‍ യന്ത്രം ഭാഗികമായും പിന്നീട് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചതാണ്. സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായിട്ടും ചെക്പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ താല്പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
അന്തര്‍ സംസ്ഥാനപാതയില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ആര്യങ്കാവ് ചെക്പോസ്റ്റുവഴിയെത്തുന്നത്. ഇവ ഭാരമളക്കാതെയാണ് കയറ്റിവിടുന്നത്. അധികഭാരത്തിന് ഫൈന്‍ ഈടാക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. 2019 സെപ്റ്റംബറില്‍ വിജിലന്‍സിന്റെ പരിശോധനയില്‍ ഭാരമളക്കുന്ന യന്ത്രം പ്രവര്‍ത്തനരഹിതമാണെന്നും വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു.
2021 ആഗസ്റ്റില്‍ ചെക്പോസ്റ്റില്‍ പരിശോധന ഇല്ലാതെയെത്തിയ മൂന്നു വാഹനങ്ങള്‍ക്ക് തെന്മലയില് വിജിലന്‍സ് സംഘം 37,750 രൂപ പിഴചുമത്തുകയും ചെയ്തിരുന്നു. നിലവില്‍ വാഹന ജീവനക്കാര്‍ കൊണ്ടുവരുന്ന രേഖപ്രകാരമാണ് കടത്തിവിടുന്നത്. അതേസമയം കോണ്ടാക്ട്ലെസ് ചെക്പോസ്റ്റ് എന്ന ആശയത്തിന്റെ ഭാഗമായി എല്ലാ ചെക്പോസ്റ്റുകളിലും പാതകളില്‍ സ്ഥാപിക്കുന്ന വെയ്റ്റ് ഇന്‍ മോഷന്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനുള്ള നീക്കമുണ്ട്. ഈ പദ്ധതിയില്‍ ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റും ഉള്പ്പെടണ്ടന്നുണ്ടെങ്കിലും ഇത് എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: