ദുംക: പരീക്ഷയില്‍ മാര്‍ക്ക് കുറച്ചതിന്റെ പേരില്‍ അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ഒന്‍പതാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ തല്ലിയത് ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.
ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്. ഒന്‍പതാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ അധ്യാപകന് ബോധപൂര്‍വം മോശം മാര്‍ക്ക് കുറച്ച് തോല്പിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.ആകെ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി, അതില്‍ 11 പേരാണ് പരാജയപ്പെട്ടത്. ഇത് ഒന്‍പതാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോല്ക്കാന് ഇടയാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
തങ്ങളുടെ പ്രാക്ടിക്കല്‍ പേപ്പര്‍ കാണണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ അത് നിരസിച്ചു. തുടര്‍ന്ന് അവര്‍ ക്ലര്‍ക്കിനെ സമീപിച്ചു. അവരും അവരുടെ അപേക്ഷ പരിശോധിക്കാന്‍ വിസമ്മതിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ജാതീയത ആരോപിച്ച് കൃത്യസമയത്ത് ഭക്ഷണം നിഷേധിച്ചതിനെത്തുടര്‍ന്ന് സ്കൂളിലെ പ്രിന്‍സിപ്പല്‍ കുമാര്‍ സുമനെ നീക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സുമനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.സംഭവത്തില്‍ സുമന് കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്.
ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞയുടന്‍ ഗോപീകന്ധര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അനന്ത് ഝായും ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് നിത്യാനന്ദ് ഭോക്തയും സ്കൂളിലേക്ക് പാഞ്ഞെത്തി. സ്കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ എഎഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: