തൃശൂര്‍: ഓണമിങ്ങെത്തുമ്പോള്‍ ഇത്തവണ പൂവിളിക്ക് അല്‍പം ശബ്ദം കൂടുതലാണ്. കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ പൂവിപണിയും പൊതു ഇടങ്ങളിലെ അത്തപ്പൂക്കളങ്ങളുമൊന്നും അത്ര സജീവമായിരുന്നില്ല. അതിന്റെ കേടു തീര്‍ക്കാനെന്നോണമാണ് ഇത്തവണത്തെ പൂവാരവം.
അപ്രതീക്ഷിതമായെത്തുന്ന അതിതീവ്ര മഴ മാത്രമാണ് പൂവിപണിയിലെ വില്ലന്‍. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ഇടിവെട്ടിപ്പെയ്യുന്ന മഴ ഇത് ചിങ്ങമാസം തന്നെയോ എന്ന സംശയം പഴമക്കാരെക്കൊണ്ട് പറയിക്കുന്നുണ്ട്.
പൂവില്‍പന ശാലകള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെക്കൂടുതലാണ്. തൃശൂർ ജില്ലയിലെ തന്നെ പൂപ്പാടങ്ങള്‍ പതിവിനു വിപരീതമായി സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അവിടെച്ചെന്നാല്‍ പൂക്കള്‍ യഥേഷ്ടം കിട്ടുമെന്ന തോന്നല്‍ പലരിലുമുണ്ടാക്കി. അതുകൊണ്ടു തന്നെ പൂക്കളുടെ പേരുപോലും കൃത്യമായറിയാത്ത പലരും ഇത്തവണ പൂ വിറ്റ് കാശുണ്ടാക്കാന്‍ ഇറങ്ങി.
പെയിന്റു കമ്പനികളിലേക്കും മറ്റും കിലോയ്‌ക്ക് 5 മുതല്‍ 15 രൂപ വരെ വിലയ്‌ക്ക് കയറ്റിപ്പോകുന്ന ചെണ്ടുമല്ലി നമ്മുടെ പൂക്കടകളിലിപ്പോള്‍ റാണിയാണ്. 50 മുതല്‍ 100 രൂപ വരെയുണ്ട് വില. അരളി 450, ജമന്തി വിവിധ നിറങ്ങളില്‍ 250 മുതല്‍ 400 വരെ, റോസ് 350, വാടാര്‍മല്ലി 300 എന്നിങ്ങനെയാണ് കിലോ വില. പല കച്ചവടക്കാരും പല വിലകളിലാണ് പൂ വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ കലാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമത്സരങ്ങള്‍ അരങ്ങേറുന്നതോടെ പൂവിപണിയില്‍ തിരക്കേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: