ഷാജന് സി. മാത്യു
കൊച്ചി: ലോക രാജ്യങ്ങളുടെ മുന്നില്‍ വിമാനവാഹിനി വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ. കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി രാജ്യം നിര്‍മിക്കുന്നു. 2024ല്‍ നിര്‍മാണമാരംഭിക്കാനും 2031ല്‍ കമ്മിഷന് ചെയ്യാനുമാണ് ഉദ്ദേശ്യം. 30,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
ഇതോടെ രാജ്യത്തിന് മൂന്നു വിമാനവാഹിനി കപ്പലുകളാകും. വിമാനവാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയ്ക്കൊപ്പമെത്തും. അപ്പോഴും 11 വിമാനവാഹിനികളുമായി യുഎസിന്റെ ഒന്നാം സ്ഥാനം അചഞ്ചലമായിരിക്കും. നാവികസേനയുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു മൂന്നു വിമാനവാഹിനികള്‍. ഇതിലൂടെ ഇന്ത്യന്‍ തീരത്തു പഴുതടച്ച സുരക്ഷയൊരുക്കാനാകുമെന്ന് സേന വിലയിരുത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നയതന്ത്ര, വാണിജ്യ, സൈനിക പ്രാധാന്യം ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് മൂന്നാം വിമാനവാഹിനി നിര്‍മിക്കാന്‍ രാജ്യമൊരുങ്ങുന്നത്.
ഇപ്പോഴുള്ള ഐഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍നിന്നു വാങ്ങിയതാണ്. നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനി വിക്രാന്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയാണു നിര്‍വഹിച്ചത്. ഈ മികവാണ് അടുത്തതും ഇവിടെത്തന്നെ നിര്‍മിക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കിയത്. മാത്രമല്ല, വിക്രാന്ത് നിര്‍മിച്ച ആവേശവും വൈദഗ്ധ്യവും കൈമോശം വരുന്നതിനു മുമ്പേ അടുത്തതു പണിയുന്നത് ഗുണമാകുമെന്ന വിലയിരുത്തലുമുണ്ട്. വിക്രാന്തിനെക്കാള്‍ നീളവും ശേഷിയും കൂടിയതാണ് ഇനി പണിയുക. 50 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. ന്യൂദല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയാണ് രൂപകല്‍പ്പന.
കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.
310 മീറ്റര്‍ നീളമുള്ള ഡോക്കിന്റെ ആദ്യ 110 മീറ്ററിന് 75 മീറ്റര്‍ വീതിയും ബാക്കി 200 മീറ്ററിന് 60 മീറ്റര്‍ വീതിയുമുണ്ടാകും. ആദ്യ 110 മീറ്ററില്‍ ഗേറ്റ് വയ്ക്കുന്നതോടെ രണ്ടു ഡോക്കായി ഭാവിയില്‍ ഉപയോഗിക്കാമെന്നും ഇതു ലോകത്തെ ആദ്യ സ്റ്റെപ് ഡോക്കായിരിക്കുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. അതോടെ, എണ്ണ ഖനനത്തിനുള്ള ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യാനും കൊച്ചി കപ്പല്‍ശാലയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് ഇന്ത്യ ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യുന്നത്.
600 ടണ്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ക്രെയിന്‍ ഈ ഡോക്കിലാണുണ്ടാകുക. ഹ്യൂണ്ടായ് കമ്പനിയാണ് അതു നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരവാഹക ശേഷിയുള്ള ഡോക്കാണിത്. ഒരു ചതുരശ്ര മീറ്ററില്‍ 700 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. വിമാനവാഹിനികളുണ്ടാക്കാന്‍ മാത്രമാണ് ഇത്ര വലിയ ഭാരവാഹക ശേഷി സജ്ജീകരിക്കുന്നതെന്നും മധു എസ്. നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: