ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും പറക്കാന്‍ കൊണ്ടുവന്ന ഭേദഗതിബില്ലിനെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്ത നിയമത്തിന്റെ ചരിത്രവും ഭാവിയും വിശദീകരിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏറെ പണിപ്പെട്ടത്. പ്രസംഗത്തിനിടയില്‍ ചെന്നിത്തല പറഞ്ഞു, ‘ലോകായുക്തയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു പേര് സ്മരിച്ചില്ലങ്കില് അത് വലിയ കുറവായിരിക്കും.’ കര്‍ണാടകയിലെ ലോകായുക്ത ആയിരുന്ന സന്തോഷ് ഹെഗ്ഡെയുടെ പേരാണത്. അനധികൃത ഖനനത്തെ സംബന്ധിച്ച ഹെഗ്ഡെയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയായ യെഡിയൂരപ്പ രാജി വെച്ചത്. പിന്നീട് ലോകായുക്തയുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. രാജ്യത്തെ ഏറ്റവും മികച്ച ലോകായുക്ത നിയമം ഉള്ളത് കര്‍ണാടകയിലാണ്. ഇപ്പോള്‍ അവിടെ ആഭ്യന്തര മന്ത്രിക്കെതിരെയും ലോകായുക്ത കേസെടുത്തിരിക്കുകയാണ്. അയല്‍ സംസ്ഥാനത്ത് മികച്ച നിയമം നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ വെള്ളം ചേര്‍ക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നത് ശരിയല്ലന്നായിരുന്നു രമേശിന്റെ വാദം.
ചെന്നിത്തല പുകഴ്ത്തിയ സന്തോഷ് ഹെഗ്ഡെയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയസിംഗ് ഒരിക്കല്‍ വിളിച്ചത് ആര്‍എസ്എസ് സംഘത്തില്‍ പെട്ടയാള്‍ എന്നായിരുന്നു. തന്റെ ആര്‍എസ്എസ് ബന്ധം ഹെഗ്ഡെ ഒരിക്കലും മറച്ചുവെച്ചിട്ടില്ല എന്നതാണ് സത്യം. ബിജെപി പിന്തുണയോടെ കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സര്‍ക്കാറിന്റെ അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെട്ടതും ആ ബന്ധത്തിന്റെ പിന്തുണയിലാണ്. അഴിമതി തടയാനുള്ള ലോകായുക്തയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന മന്ത്രിസഭയില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെതുടര്‍ന്ന് ഒരിക്കല്‍ ഹെഗ്ഡെ ലോകായുക്തസ്ഥാനം രാജി വെച്ചിരുന്നു. പിന്നീട് എല്‍.കെ.അദ്വാനി ഉള്‍പ്പടെയുള്ളവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജി പിന്‍വലിച്ചു. അദ്വാനി പിതൃതുല്യനാണെന്നും അദ്ദേഹത്തെ നിഷേധിക്കാന്‍ തനിക്കാവില്ലെന്നുമാണ് ഹെഗ്ഡേ പറഞ്ഞത്.
അങ്ങനെ ഒരാളെ കേരളനിയമസഭയില്‍ കോണ്‍ഗ്രസ് നേതാവിന് പുകഴ്ത്തേണ്ടി വന്നതു നിസാരകാര്യമല്ല. സര്‍ക്കാറിനുവേണ്ടി മറുപടി പറഞ്ഞ നിയമമന്ത്രി പി.രാജാവ് മറ്റൊരു കാര്യമാണ് ഗൗരവത്തിലെടുത്തത്. ‘ലോകായുക്തയുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ലന്നു ചെന്നിത്തല പറഞ്ഞല്ലോ, വെട്ടിക്കുറയക്കാന്‍ ശ്രമിച്ചതാര് എന്നറിയാമോ. ചെന്നിത്തലയുടെ പാര്‍ട്ടിക്കാരനായ സിദ്ദരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോളാണത്’ ചെന്നിത്തല വടികൊടുത്ത് അടിമേടിച്ച അവസ്ഥയിലായി. അഴിമതി വിരുദ്ധ നിയമങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സമീപനവും രാജിവ് വിശദീകരിച്ചു. ‘1966 ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്കാര കമ്മീഷനാണ് അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഒന്‍പതു തവണ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍ ബില്‍ പാസ്സായില്ല. അണ്ണാഹസാരെയുടെ സമരത്തെതുടര്‍ന്ന് യുപിഎ സര്‍ക്കാറിന്റെ കാലത്ത് 2013ല്‍ നിയമം പാസാക്കിയെങ്കിലും ലോക്പാല്‍ യാഥാര്‍ത്ഥ്യമാക്കിയില്ല. പിന്നീടു വന്ന മോദി സര്‍ക്കാറാണ് ലോക്പാല്‍ നിയമം നടപ്പില്‍ വരുത്തിയത്’
മന്ത്രിയുടെ വിശദീകരണം കോണ്‍ഗ്രസുകാരുടെ വായ് അടപ്പിക്കുമെങ്കിലും ജനങ്ങള്‍ക്ക് ദഹിക്കില്ല. 1987ലെ കേരള പൊതുസേവകരുടെ അഴിമതി നിയമം കൊണ്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥ-മന്ത്രിതല അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന കാരണത്താല്‍ 1999ലെ ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്ന സിപിഐയുടെ ഇ.ചന്ദ്രശേഖരന് നായര്‍ അവതരിപ്പിച്ചു പാസാക്കിയതാണു ലോകായുക്ത നിയമം. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതി നടത്തിയാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതു പരിശോധിക്കാനും വിധി പറയാനുമുള്ള അധികാരമാണ് അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്തയ്ക്ക് ഉണ്ടായിരുന്നത്. ലോകായുക്ത കുറ്റക്കാരനാണെന്ന വിധി പ്രസ്താവിക്കുന്നതോടുകൂടി കുറ്റാരോപിതന് സ്ഥാനമൊഴിഞ്ഞതായി കണക്കാക്കണമെന്നാണ് നിയമവ്യവസ്ഥ. കുറ്റാരോപിതന് മന്ത്രിയോ മുഖ്യമന്ത്രിയോ ആണെങ്കില്‍ കുറ്റാരോപിതന് തല്‍സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം യുക്താധികാരിയായ മുഖ്യമന്ത്രിയോ ഗവര്‍ണറോ യഥാക്രമം മന്ത്രിയെയോ മുഖ്യമന്ത്രിയെയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് നിലവിലെ നിയമവ്യവസ്ഥ.
ഇതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നടത്തുന്ന വിധി പ്രസ്താവങ്ങള്‍ പുനഃപരിശോധിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിനു കൈമാറുന്നതാണു പുതിയ ഭേദഗതി. ലോകായുക്തയുടെ സര്‍വ അധികാരങ്ങളും മുഖ്യമന്ത്രിയും സര്‍ക്കാറും കവര്‍ന്നെടുത്ത് ഒരു സൂപ്പര്‍ അപ്പീല്‍ അധികാരിയായി മാറുന്നതിന് സമാനമാണ് നിര്‍ദിഷ്ട ഭേദഗതി. അത് ലോകായുക്ത രൂപീകരണത്തിന്റെ അന്തഃസത്തയെത്തന്നെ തകര്‍ക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. ലോകായുക്ത വിധിക്ക് നിലവിലെ നിയമമനുസരിച്ച് അപ്പീലില്ല. വിധി അന്തിമമാണ്. ഹൈക്കോടതിക്കുപോലും ലോകായുക്ത വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹര്ജിയിന്മേല് ഭരണഘടന 226-ാം അനുച്ഛേദം അനുസരിച്ച് ഇടപെടാനുള്ള അധികാരം പരിമിതമാണ്. അധികാരം ദുരുപയോഗപ്പെടുത്തിയതായുള്ള ലോകായുക്തയുടെ കണ്ടെത്തല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടാകാതിരുന്നതിന്റെ കാരണവും ലോകായുക്തയുടെ വിപുലമായ അധികാരംകൊണ്ടു മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കുകയും ഇടതുപക്ഷം അഭിമാനകരമെന്നു വാഴ്ത്തിപ്പാടുകയും ചെയ്ത നിയമം പെട്ടന്ന് ഭേദഗതി ചെയ്യുന്നതിനു പിന്നിലെ ചോതോവികാരമാണ് തിരിച്ചറിയേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനര്‍ഹരായവര്‍ക്ക് സഹായധനം നല്‍കിയെന്ന ആരോപണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്നാരോപിച്ചുള്ള പരാതികളും ലോകായുക്തയുടെ പരിഗണനയിലിരിക്കെ അപകടം മനസ്സിലാക്കിയ നീക്കം മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: