ന്യൂദല്‍ഹി: കൊറോണയും റഷ്യ-ഉക്രൈന് യുദ്ധവും മൂലമുണ്ടായ പ്രതിസന്ധിയും മറികടന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചു മുന്നേറുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തിലെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 13.5 ശതമാനമാണെന്നാണ് ഇന്ന് ധനമന്ത്രാലയം പുറത്തുവിട്ട പുതിയ ഡേറ്റ. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേതാണിത്.
കൊടുംചൂട് കാര്‍ഷിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതവും നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാമുണ്ടായിട്ടും മൊത്തം ആഭ്യന്തര ഉത്പാദനം വലിയ തോതില്‍ കൂടുക തന്നെ ചെയ്തെന്നാണ് ഇതു വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 51.27 ലക്ഷം കോടി രൂപയായിരുന്നു ജിഡിപിയെങ്കില്‍ ഇക്കുറി അത് 64.95 ലക്ഷം കോടിയായി, 26.7 ശതമാനം വര്‍ധന.
നിര്‍മാണ മേഖല കഴിഞ്ഞ മൂന്നു മാസം 16.8 ശതമാനം വളര്‍ന്നു. എന്നാല്‍ ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂ. വ്യാവസായിക രംഗം 8.6 ശതമാനവും സേവന മേഖല 17.6 ശതമാനവും കൃഷി നാലര ശതമാനവുമാണ് വളര്‍ന്നത്.
എട്ടു സുപ്രധാന അടിസ്ഥാന മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍ നാലര ശതമാനമായി കുറഞ്ഞു (കഴിഞ്ഞ ജൂലൈയില്‍ 9.9 ശതമാനം). അല്ലായിരുന്നെങ്കില്‍ ജിഡിപിയില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമായിരുന്നു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് വിലക്കയറ്റം കുറഞ്ഞിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ വിപണിയില്‍ പണമിറക്കുന്നത് മെച്ചപ്പെട്ടിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: