കൊച്ചി: ശമ്പളത്തിനും ഉത്സവബത്തയ്ക്കുമായി 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് നിയമപരമായോ കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്ന സര്‍ക്കാര്‍ വാദം ഡിവിഷന് ബഞ്ച് അംഗീകരിച്ചു. സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹര്‍ജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടക്കരുതെന്നും ശമ്പളത്തിനും ഓണക്കാല അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കോര്പ്പറേഷന് നല്‍കണമെന്നും ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്.
മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നമാണ് സർക്കാർ വാദിച്ചത്. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: