ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കേരളത്തിലെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും, വരുമാനം കണ്ടുകൊണ്ടാണ് ഈ നീക്കമെന്നും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത് ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയുണ്ടായല്ലോ. ഇടതുമുന്നണി സര്‍ക്കാരിലെ ദേവസ്വം മന്ത്രി തന്നെ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായ പ്രകടനം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കിയ ബെഞ്ചില്‍ അംഗമായിരിക്കുകയും, ശബരിമല ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിയോട് വിയോജിച്ച് ന്യൂനപക്ഷ വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപ എന്ന നിലയ്ക്ക് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ഹിന്ദുസംഘടനകള്‍ നിരന്തരം ഉന്നയിക്കുന്നതാണ്. നിരവധി ഉദാഹരണങ്ങളും ഇതിന് ചൂണ്ടിക്കാട്ടാനുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും സര്‍ക്കാരിന് അവകാശമുണ്ടെന്ന വിധി സമ്പാദിച്ചതുതന്നെ ഇതിലൊന്നാണല്ലോ. ഭരണസമിതികളില്‍ കയറിക്കൂടി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇടക്കിടെ അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യാറുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ഭാഗമായിരുന്ന ഒരു ന്യായാധിപ തന്നെ ഈ കടന്നാക്രമണത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.
ബ്രിട്ടീഷ് ഭരണകാലത്താണ് വന്‍ വരുമാനമുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ച് അതിനു കീഴിലാക്കി. ഇതുവഴി ക്ഷേത്രസ്വത്തുക്കള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടു. നിയമവിരുദ്ധമായി ക്ഷേത്രസ്വത്ത് കയ്യടക്കി വച്ചിരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയല്ലാതെ ഈ സ്വത്ത് വീണ്ടെടുക്കാന്‍ ദേവസ്വം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും ഉണ്ടാകാറില്ല. ചില ഹിന്ദു സംഘടനകളാണ് ഈ പ്രശ്നം ഉന്നയിക്കാറുള്ളത്. ക്ഷേത്രഭൂമിയില്‍ കപ്പ നടുന്നതിലും, ക്ഷേത്രക്കുളത്തില്‍ മത്സ്യകൃഷി ചെയ്യുന്നതിലുമൊക്കെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് താല്‍പ്പര്യം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടതുമുന്നണി സര്‍ക്കാരോ ക്ഷേത്രം പിടിച്ചെടുക്കുന്നില്ലെന്നും, നേരെമറിച്ച് വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശത്തോട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പ്രതികരിച്ചത്. മന്ത്രി പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ല. കമ്യൂണിസ്റ്റുകാര്‍ പ്രഖ്യാപിത നിരീശ്വരവാദികളാണ്. അവര്‍ക്ക് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ല. ഇതിന്റെ ഒന്നാന്തരം തെളിവാണല്ലോ പോലീസിനെ ഉപയോഗിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തിയതും കള്ളക്കേസുകളില്‍ കുടുക്കിയതും എന്തിനാണ്? ഇത് വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കലായിരുന്നോ?
വരുമാനത്തില്‍ കണ്ണുവച്ച് കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രം കയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന ആശങ്ക ഒരിക്കലും അസ്ഥാനത്തല്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തന്മാര് കാണിക്കയായി സമര്‍പ്പിക്കുന്നതില്‍നിന്ന് പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റിയതും, ഹൈക്കോടതി അത് റദ്ദാക്കിയതും ആരും മറന്നുപോയിട്ടില്ല. ഗുരുവായൂരിലെ ശ്രീകോവിലിനു മുന്നില്‍ ചെന്നുനിന്ന് അവിടെയാണോ കൃഷ്ണന് ഇരിക്കുന്നതെന്ന് ചോദിക്കുന്ന ഒരു മുഖ്യമന്ത്രിയും, ശബരിമലയില്‍ അയ്യപ്പന്റെ തിരുനടയില്‍ എത്തിയിട്ടും ദേവസ്വം മന്ത്രി തീര്‍ത്ഥവും പ്രസാദവും വാങ്ങാതിരുന്നതും ഭക്തജനങ്ങള്‍ കണ്ടതാണ്. മറ്റൊരു ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടി വിശദീകരണം ചോദിക്കുകയും ചെയ്തു. വിശ്വാസത്തിലും ആരാധനയിലുമൊന്നുമല്ല, ക്ഷേത്ര വരുമാനത്തില്‍ തന്നെയാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യമെന്ന് ഇതൊക്കെ തെളിയിക്കുന്നുണ്ടല്ലോ. ക്ഷേത്രങ്ങള്‍ നശിച്ചുകാണാന്‍ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. പ്രത്യക്ഷത്തില്‍ അതിന് മുതിരാത്തത് ഭക്തജനങ്ങള്‍ക്ക് വോട്ടുള്ളതുകൊണ്ടാണ്. ദേവസ്വം ബോര്‍ഡ് യൂണിയനുകളിലെ പാര്‍ട്ടി അംഗങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കേണ്ടതുണ്ടല്ലോ. ട്രേഡ് യൂണിയനിസ്റ്റുകളായ ഇവര്‍ക്ക് ആരാധനാമൂര്ത്തികളേക്കാള് പാര്‍ട്ടിയിലും അതിന്റെ നേതാക്കളിലുമാണ് വിശ്വാസം. പള്ളികള്‍ ക്രൈസ്തവരുടെയും മസ്ജിദുകള്‍ മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളായിരിക്കുന്നതുപോലെ ക്ഷേത്രങ്ങള്‍ അടിസ്ഥാനപരമായി ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്. ഇത് അങ്ങനെയല്ലെന്ന് വരുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് നിയന്ത്രിക്കുന്ന സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡുകളും ശ്രമിക്കുന്നത്. ദേവസ്വം കമ്മീഷണറായി ഇതരമതസ്ഥരെ വയ്ക്കാന്‍ നിയമനിര്‍മാണം നടത്തിയവരുടെ ദുഷ്ടലാക്ക് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇന്ദു മല്‍ഹോത്രയുടെ പ്രതികരണം സ്വാഭാവികം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: