കോഴിക്കോട്: രാജ്യത്തിന്റെ വികസന പാതയില്‍ യുവാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിറഞ്ഞ ഒന്നായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സംരംഭങ്ങള്‍ കാരണം എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ പരിവര്‍ത്തനത്തിന് വിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
78,000ലധികം സ്റ്റാര്‍ട്ടപ്പുകളും 110 യൂണികോണുകളുമുള്ള രാജ്യത്തെ ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പികുക മാത്രമല്ല, തൊഴിലവസരങ്ങളുടെ പ്രധാന സ്രഷ്ടാക്കളായി വികസിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കോളേജുകളും സര്‍വകലാശാലകളും നിക്ഷേപകരുമായി നിരന്തരം ഇടപെടലുകള്‍ നടത്തണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാവിയെ പ്ലേസ്മെന്റ്റിലൂടെയുള്ള ജോലി സാധ്യതകളിലൂടെ മാത്രമല്ല, മറിച്ച് നൂതനാശയത്തിനും സംരംഭത്തിനുമുള്ള അവസരങ്ങള്‍ കൂടി പരിഗണിക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.
എയ്റോസ്പേസ് മുതല്‍ ഇലക്ട്രോണിക്സ് വരെ അനന്തമായ സാധ്യതകളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘യുവ ഇന്ത്യയ്ക്കായി നവ ഇന്ത്യ അവസരങ്ങളുടെ സാങ്കേതിക ദശാബ്ദം’ എന്ന പരിപാടിയില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെ, രാജ്യത്തെ യുവജനങ്ങള്‍ക്ക് അഗ്നിപഥ് മികച്ച അവസരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കൊഹിമ, സൂറത്ത് തുടങ്ങിയ 2, 3 നിര നഗരങ്ങളിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന്, രാജ്യത്തെ വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെ ഡയറക്ടര്‍മാരുമായും കേന്ദ്ര മന്ത്രി സംവദിച്ചു. കോഴിക്കോട് എന്ഐഇഎല്ഐടിയിലായിരുന്നു ചടങ്ങ്. എന്‍ഐടികള്‍ പോലുള്ള രാജ്യത്തെ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി എന്ഐഇഎല്ഐടികള് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു. ഇന്ത്യയെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആക്കി മാറ്റുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിന് എന്ഐഇഎല്ഐടികള് നടപടി സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജീവ് ചന്ദ്രശേഖര്‍, കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങളെ കാണുകയും ഹ്രസ്വമായ ആശയവിനിമയം നടത്തുകയും ചെയ്തു. കോവിഡിന് ശേഷമുള്ള സാഹചര്യം മുതലെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഐടി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള ‘ഐടി ഇനിഷ്യേറ്റീവ് 2.0 ന്’ സര്‍ക്കാര്‍ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന് അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യസഭ അംഗം ശ്രീമതി പിടി ഉഷയെ ആദരിക്കുന്ന ചടങ്ങിലും രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ പിടി ഉഷ രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രചോദനം ആണെന്ന് കോഴിക്കോട് നടന്ന സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ ദൗത്യത്തിലും അവര്‍ക്ക് മികച്ച രീതിയില്‍ വിജയിക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: