മട്ടന്നൂര്‍: മട്ടന്നൂര്‍ മഹല്‍ ജമാഅത്ത് പള്ളിയുടെ കെട്ടിട നിര്‍മാണത്തിലും ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണത്തിലും ഷോപ്പുകള്‍ വാടക നല്‍കുമ്പോള്‍ വാങ്ങിയ ഡെപ്പോസിറ്റിലും ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ കോടികള്‍ വെട്ടിപ്പ് നടത്തിയതായി ആരോപണം. പള്ളിയുടെ നിര്‍മ്മാണത്തിന് 9.78 കോടി രൂപയാണ് ചെലവായതെന്നാണ് പള്ളിക്കമ്മറ്റി രേഖപ്പെടുത്തിയിരിക്കുന്നതെന്നും യഥാര്‍ത്ഥ ചെലവ് 3 കോടിയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടിലും വഖഫിന്റെ അന്വേഷണത്തിലും പെരുപ്പിച്ച കണക്ക് കാണിച്ചതായും പറയപ്പെടുന്നു. കാലപ്പഴക്കത്താല്‍ മസ്ജിദിന് ബലക്ഷയം സംഭവിച്ചതിനാല്‍ മെയിന്റനന്‍സ് മാത്രമാണ് നടത്തിയതെന്ന് വഖഫ് ബോര്‍ഡിന്റെ അന്വേഷണ കമ്മറ്റി മുമ്പാകെ പള്ളികമ്മറ്റി സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമായിരുന്നുവെന്നും പറയപ്പെടുന്നു. അത് ഫണ്ട് വെട്ടിപ്പ് മറച്ചുവെക്കാനായിരുന്നു. മാത്രമല്ല, വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും ടെന്‍ഡര്‍ നടപടി സ്വീകരിക്കാതെയുമാണ് നിര്‍മ്മാണം നടത്തിയതെന്നും ആരോപണത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡിന്റെ അനുമതി തേടിയാല്‍ വെട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് തോന്നിയതിനാലാണ് അതിന് തയ്യാറാകാതിരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
വെട്ടിപ്പുകള്‍ക്കെല്ലാം നേതൃത്വം കൊടുത്തത് 2011 മുതല്‍ പള്ളിക്കമ്മറ്റി ഭാരവാഹികളായ ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായിയും കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മദ് മാസ്റ്ററുമാണെന്നുമുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പള്ളിക്കമ്മറ്റിയില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ പള്ളിയിലെ ജനറല്‍ബോഡി അംഗം മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ചതിനും കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ പേരില്‍ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: