തൃശൂര്‍: പൂവിളിയുടെ ആരവമുണര്‍ത്തി ഇന്ന് അത്തം. നാടും നഗരവും ഓണത്തിരക്കിലേക്ക്. ഇന്നുമുതല്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമിടും. തുമ്പയും മുക്കുറ്റിയും ചെത്തിയും ചെമ്പരത്തിയും കാശിതുമ്പയും വാടാമല്ലിയും ചെണ്ടുമല്ലിയുമെല്ലാം പൂക്കളത്തില്‍ നിറയും.
നാട്ടുപൂക്കള്‍ക്ക് പകരം തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കളാണ് എല്ലാവരും ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത്. അത്തപ്പൂക്കളത്തിനുള്ള വിവിധ ഇനം പൂക്കള്‍ കടകളിലെത്തി കഴിഞ്ഞു. തൃശൂര്‍ നഗരത്തില്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പ്രത്യേകം സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാതരം പൂക്കള്‍ അടങ്ങിയ കിറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കും. തമിഴ്‌നാട്, ബെംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ കൊണ്ടുവരുന്നത്. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ്. അരളി, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് ഇവയില്‍ കൂടുതലും. പ്രധാനം. തമിഴ്‌നാട്ടിലെ തേവാള, പാവൂര്‍ ഛത്രം, ആലങ്കുളം, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. റോസ, ജമന്തി എന്നിവ ബെംഗ്ലൂരുവില്‍ നിന്നുമെത്തുന്നുണ്ട്.
വടക്കുന്നാഥ ക്ഷേത്രം മൈതാനിയില്‍ സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭീമന്‍ അത്തപ്പൂക്കളം തീര്‍ക്കും. തുടര്‍ച്ചയായി 15-ാം വര്‍ഷമാണ് തെക്കേഗോപുര നടയില്‍ അത്തപ്പൂക്കളം തീര്‍ക്കുന്നതെന്ന് കൂട്ടായ്‌മ ജനറല്‍ കണ്‍വീനര്‍ അഡ്വ.ഷോബി ടി.വര്‍ഗീസ് പറഞ്ഞു. 1500 കിലോ പൂക്കള്‍ ഉപയോഗിച്ച് 60 അടിയിലുള്ള പൂക്കളമാണ് ഒരുക്കുന്നത്. ആനയും പൂരവും ഉള്‍കൊള്ളുന്ന പൂക്കളത്തിന്റെ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍, ആനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി കഴിഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് ശേഷം 150 ഓളം പേരടങ്ങിയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പൂക്കളമിട്ട് തുടങ്ങി. കല്യാണ്‍ ഗ്രൂപ്പ് സാരഥി ടി.എസ് പട്ടാഭിരാമന്‍ ആദ്യപുഷ്പം അര്‍പ്പിച്ചു. തൃശൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ടാണ് ഭീമന്‍ പൂക്കളം ചമയ്‌ക്കുന്നത്.
ഓണനാളുകളെ വര്‍ണാഭമാക്കാന്‍ കലാവിരുന്ന്,പുലിക്കളി 11ന്
തൃശൂർ ജില്ലാഭരണകൂടത്തിന്റേയും ഡിടിപിസിയുടെയും നേതൃത്വത്തില്‍ വിവിധ കലാ-വിനോദ പരിപാടികള്‍ അരങ്ങേറും. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദിയില്‍ 7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 6.30ന് കലാമണ്ഡലത്തിലെ സംഘം അവതരിപ്പിക്കുന്ന നൃത്തം, നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ, മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും.
8ന് വൈകിട്ട് 5.30ന് കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 7.30ന് റാസ ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവയുണ്ടാകും. 9ന് കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവ വേദിയിലെത്തും.
11ന് ഉച്ചയ്‌ക്ക് ശേഷം നഗരത്തില്‍ വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. ഇത്തവണ 5 സംഘങ്ങളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. വൈകീട്ട് 6ന് സമാപന സമ്മേളനം നടക്കും. 7.30ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്. ഓണാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ ഉണ്ടാകും.
നട്ടുനനച്ച സ്‌കൂള്‍ മുറ്റത്തെ പൂക്കള്‍ കൊണ്ടൊരു അത്തം
വലപ്പാട്: ഒഴിവുസമയം തങ്ങള്‍ നട്ടുനനച്ച ചെണ്ടുമല്ലി പൂക്കള്‍ക്കൊണ്ട് കുരുന്നുകള്‍ ഇന്ന് അത്തപ്പൂക്കളമൊരുക്കും. വലപ്പാട് ജിഡിഎം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ വിദ്യാലയ ഉദ്യാനത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ കൊണ്ടും ആകാശമല്ലി, നന്ത്യാര്‍വട്ടം, ചെത്തി തുടങ്ങിയ നാടന്‍ പൂക്കള്‍ കൊണ്ട് വിദ്യാലയ അങ്കണത്തില്‍ പൂക്കളം തീര്‍ക്കുക.
വിദ്യാലയത്തിലെ ഉദ്യാനത്തിലേക്ക് കൃഷി ചെയ്യുവാനായുള്ള ചെണ്ടുമല്ലി തൈകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വരദ ലക്ഷ്മിയാണ് സ്‌കൂളിലേക്ക് നല്കിയത്. സ്‌കൂള്‍ കാര്‍ഷിക ക്ലബ് ഭാരവാഹികളായ സി.ആര്‍. ആദികൃഷ്ണ, ടി.എസ്. അനികേത്, ശിവാമൃത്, അജ്വല്‍ തരുണ്‍, അനഘ എന്നിവരാണ് ചെടികളുടെ പരിചരണ ചുമതലയിലുള്ളത്. ഇന്ന് രാവിലെ 10ന് സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ സി.കെ. കുട്ടന്‍ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: