കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നു. സര്‍വ്വകലാശാലയുടെ ഭരണതലത്തില്‍ സിപിഎം വല്‍ക്കരണത്തിനെതിരെ ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ സര്‍വ്വകലാശാലയുടെ ഭരണതലത്തിലും നിയമനങ്ങളിലുമടക്കമുളള കാര്യങ്ങളിലും സ്വജനപക്ഷപാതം സാര്‍വ്വത്രികമായിരിക്കുകയാണ്.
സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇടതുപക്ഷ സഹയാത്രികര്‍ക്കും മാനദണ്ഢങ്ങളെല്ലാം കാറ്റില്‍ പറത്തി ഉയര്‍ന്ന തസ്തികകളില്‍ നിയമനങ്ങളും പ്രമോഷനും നല്‍കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ചട്ടങ്ങള്‍ മറികടന്ന് നിയമിക്കപ്പെട്ട വൈസ്ചാന്സിലറെ ഉപയോഗപ്പെടുത്തിയാണ് എല്ലാ അനധികൃത നീക്കങ്ങളും സര്‍വ്വകലാശാലയ്ക്കകത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളും യൂണിവേഴ്സിറ്റി സേവ് ഫോറവും കുറ്റപ്പെടുത്തുന്നു.
ബന്ധു നിയമനങ്ങള്‍ക്കെതിരെ, ചട്ടലംഘനങ്ങള്‍ക്കെതിരെ, വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നടത്തുന്ന തെറ്റായ തീരുമാനങ്ങളും നടപടികളും പേരും പ്രശസ്തിയുമുളള മലബാറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനെ അപകീര്ത്തിപ്പെടുത്തുന്നതലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നതായി പ്രതിപക്ഷ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളിലെ ഒരു വിഭാഗവും ചൂണ്ടിക്കാട്ടുന്നു. സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഗുരുതരമായ ചില വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
2021 ആഗസ്ത് 11ന് ചാന്‍സലറായ ഗവര്‍ണ്ണറുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ട് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ 72 പഠന ബോര്‍ഡുകള്‍ രൂപീകരിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയെ യോഗ്യതയില്ലാതിരുന്നിട്ടും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുളള സര്‍വ്വകലാശാല തീരുമാനംവരെ യൂണിവേഴ്സിറ്റി നിയമങ്ങളുടെ കടുത്ത ചട്ടലംഘനമാണ്.
പഠനബോര്‍ഡുകളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടായിരുന്നു. 68 അടിസ്ഥാനയോഗ്യതയില്ലാത്ത വ്യക്തികളെ അധ്യാപകരെന്ന തരത്തില്‍ വൈസ് ചാന്‍സലര്‍ പഠന ബോര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചു. 2022 മാര്‍ച്ച് 22ന് വന്ന ഹൈക്കോടതി ഡിവിഷന് ഉത്തരവ് ബോര്‍ഡുകള്‍ അസാധുവായി മാറി. ഇതോടെ കഴിഞ്ഞ ആറുമാസത്തോളമായി പഠന ബോര്‍ഡുകള്‍ ഇല്ലാത്ത സ്ഥിതിയാണ്.
2021 നവംബര്‍ 12 അവസാന തീയതി കാണിച്ച് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തിലേക്ക് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ച സര്‍വ്വകലാശാലയുടെ നടപടികളെ അന്നുതന്നെ സംശയത്തോടെയാണ് ജനങ്ങള്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തില്‍ ഒരു ദിവസം കഴിഞ്ഞ് 13ന് പരിശോധന പൂര്‍ത്തിയാക്കിയെന്നത് ആരെയോ തിരുകി കയറ്റാനുളള സര്‍വ്വകലാശാലയുടെ വ്യഗ്രതയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. വീണ്ടും 5 ദിവസങ്ങള്‍ കഴിഞ്ഞു 18ന് അഭിമുഖം നടത്തി. കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയവര്‍ഗീസ് പ്രസ്തുത തസ്തികയില്‍ നിയമിക്കപ്പെടുമെന്ന് വ്യക്തമാകുകയും ചെയ്തു. നാളിതുവരെ സര്‍വ്വകലാശാലയ്ക്ക് പ്രിയ വര്‍ഗീസിനെ നിയമിക്കാന്‍ സാധിച്ചില്ല. വിഷയത്തില്‍ കോടതി ഇടപെടുന്ന സാഹചര്യമുണ്ടായി.
വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ ഗോപിനാഥ് രവീന്ദ്രന് ചട്ടലംഘനം നടത്തി കൃത്യം അഞ്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ പുനര്‍നിയമനം നല്കിയതും ഭരണതലത്തിലെ പാര്ട്ടിബലം ഉപയോഗപ്പെടുത്തിയായിരുന്നുവെന്ന് വ്യക്തമാണ്. യോഗ്യതയുള്ള അധ്യാപകരെ വൈസ് ചാന്‍സലറാക്കുവാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് ചെയ്ത പരസ്യം പിന്നീട് പിന്‍വലിക്കപ്പെട്ടു. ചട്ടപ്രകാരം 60 വയസ്സ് പൂര്‍ത്തിയായവരെ വൈസ് ചാന്‍സലറാക്കുവാന്‍ പാടില്ലെന്നുള്ള സര്‍വകലാശാലയുടെ നയം ഗോപിനാഥ് രവീന്ദ്രന് വേണ്ടി തിരുത്തപ്പെട്ടു.
പുനര്‍നിയമനം എന്ന വാക്ക് പറഞ്ഞു കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സിലറായി വീണ്ടും നിയമനം നേടിയതെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. ചട്ടങ്ങളും യുജിസി റെഗുലേഷനും എല്ലാം ലംഘിക്കപ്പെട്ടതായാണ് ആരോപണം. പ്രസ്തുത നിയമത്തിനെതിരെയുള്ള എസ്എല്‍പി ഇപ്പോള്‍ സുപ്രീം കോടതിയിലെത്തിനില്ക്കുകയാണ്.
പല പരീക്ഷകളിലും ചോദ്യപ്പേപ്പറുകളില്‍ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ തന്നെ ആവര്ത്തിക്കപ്പെട്ടുവെന്നതും സര്‍വ്വകലാശാലയെ സംശയത്തിന്റെ നിഴലിലാക്കി. ചോദ്യകര്‍ത്താക്കള്‍ക്കെതിരെ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും കണ്ണൂര്‍ സര്‍വ്വകലാശാല നാളിതുവരെ കൈക്കൊണ്ടിട്ടില്ല. ചോദ്യകര്‍ത്താക്കള്‍ എല്ലാവരും ഇടതുപക്ഷക്കാരായിരുന്നുവെന്നതാണ് കാരണമെന്ന് പകല്‍പോലെ വ്യക്തമാണ്. ഇതിന്റെ അനന്തരഫലം പൂര്‍ണ്ണമായും വിദ്യാര്‍ഥികള്‍ മാത്രം അനുഭവിക്കേണ്ടതായി വന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ പഠനബോര്‍ഡ് രൂപികരിച്ച ആറാം സെമസ്റ്റര്‍ ബിബിഎ സ്റ്റോക്ക് ആന്‍ഡ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന വിഷയത്തിന്റെ സിലബസ് ബംഗ്ലൂരു സര്‍വ്വകലാശാലയില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് തെളിവുകള്‍ പുറത്തുവന്നു. നാളിതുവരെ പ്രസ്തുത സിലബസ് പരിഷ്കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സര്‍വ്വകലാശാല അന്വേഷണം നടത്തിയിട്ടുമില്ല. സിലബസിന് രൂപം നല്കിയ അധ്യാപകര്‍ക്കെതിരെയും നടപടി ഇവരെ എടുത്തിട്ടില്ല.
പ്രഖ്യാപിച്ച തീയതിക്ക് മുന്നേ പൊതു പ്രവേശനപരീക്ഷ നടത്തി സര്‍വ്വകലാശാല വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ സംഭവവുമുണ്ടായി. മാത്രമല്ല ഒരു കോഴ്സിനുള്ള അഖിലേന്ത്യ പൊതു പ്രവേശന പരീക്ഷ രണ്ടു ചോദ്യപേപ്പര്‍ ഉപയോഗിച്ച് സര്‍വ്വകലാശാല നടത്തി. ഒരു കോഴ്സിന് രണ്ടുതരത്തിലുള്ള ചോദ്യപേപ്പര്‍ നല്‍കിക്കൊണ്ട് വിചിത്രമായ ഒരു രീതി കണ്ണൂര്‍ സര്‍വ്വകലാശാല നടപ്പിലാക്കി ഒരേ പൊതു പ്രവേശന പരീക്ഷ രണ്ട് ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുമ്പോള്‍ എന്ത് തുല്യതാ മാനദണ്ഡം ഉപയോഗിച്ചുവെന്നത് വ്യക്തമല്ല. സര്‍വ്വകലാശാലയ്ക്ക് പറ്റിയ അബദ്ധം വിദ്യാര്‍ഥികളുടെ മേല്‍ കെട്ടിവെച്ചു.
വര്‍ഷങ്ങളായി രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകളിലും ഇപ്പോള്‍ പരീക്ഷാ കണ്ട്രോളര് തസ്തികയിലും സര്‍വ്വകലാശാലയില്‍ യോഗ്യതയുളള സ്ഥിരം ഉദ്യോഗസ്ഥരില്ല. ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥരെവെച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തന്റെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ അടിക്കടിയെടുത്തു കൊണ്ടിരിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുകയാണ്. പ്രസ്തുത വിവാദം മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സര്‍വ്വകലാശാല ആഗസ്റ്റ് 18 സ്ഥിരം നിയമനത്തിനായി നോട്ടിഫിക്കേഷന്‍ ഇറക്കി. 55 വയസ്സ് വരെയുള്ള പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. എന്നിരിക്കെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി സര്‍വ്വകലാശാല ആക്ടിന് കടകവിരുദ്ധമായി 40-50 പ്രായ മാനദണ്ഡം കൊണ്ടുവന്നു.
അപേക്ഷ സമര്‍പ്പിക്കുവാന്‍ 12 ദിവസങ്ങള്‍ മാത്രമേ അനുവദിച്ചുള്ളൂ. വൈസ് ചാന്‍സലറുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, വൈസ് ചാന്‍സലര്‍ നേരിട്ട് ഇടപെട്ട് ചട്ടവിരുദ്ധമായി പ്രൊഫസറാക്കി മാറ്റിയ നിലവിലെ രജിസ്ട്രാര്‍ ഇന്ചാര്ജിനുവേണ്ടിയാണ് നിലവിലെ നോട്ടിഫിക്കേഷനെന്ന് ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. സ്വജനപക്ഷപാതത്തിന്റെ ഒടുവിലെ ഉദാഹരണമാണിത്. സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെ സ്ഥിരം അധ്യാപകരുടെ നിയമന അംഗീകാരത്തിന്റെ കാര്യത്തിലും രാഷ്ട്രീയം നോക്കി രണ്ടു നീതി നടപ്പിലാക്കുന്നവെന്ന ആരോപണവും ഏതാനും വര്‍ഷങ്ങളായി നില നില്‍ക്കുകയാണ്. ഇത്തരത്തില്‍ സര്‍വ്വമേഖലയിലും ഭരണ രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ മാത്രം നടപ്പാക്കുന്ന സര്‍വ്വകലാശാലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: