ഡോ. രാജഗോപാല്‍ പി.കെ.
അഷ്ടമുടി
ക്ഷേത്ര ഭരണത്തിലെ സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങളിലെ വരുമാനമാണ് ഈ നിയന്ത്രണത്തിനു പിന്നിലെന്നും സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജ് ഇന്ദു മല്‍ഹോത്ര യുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ഈ പ്രസ്താവനയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന വാദഗതികള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. ഒരു മതേതര സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ മറ്റു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ പൂര്‍ണമായും അതാതു മത വിശ്വാസികള്‍ നിയന്ത്രിക്കുന്നു.
1811 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ആണ് ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രത്തിലാക്കിയത്. അന്നത്തെ ക്ഷേത്ര വരുമാനമാകട്ടെ തിരുവിതാംകൂറിലെ മൊത്തം വരുമാനത്തേക്കാള്‍ മുന്നിലായിരുന്നു. നാഗം അയ്യയുടെയും ടി.കെ.വേലുപിള്ളയുടെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂറിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ക്ഷേത്ര വരുമാനം സഹായിച്ചിട്ടുണ്ട് എന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല മണ്‍റോ ക്ഷേത്ര വരുമാനം മതപരിവര്‍ത്തനത്തിനായി ക്രിസ്തുമത മിഷണറിമാര്‍ക്ക് നല്‍കിയെന്ന ആരോപണവും നിലനില്ക്കുന്നു.
ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഭൂമികളായി മാറി എന്നും പിന്നീട് ഇതു വേര്‍തിരിക്കാന്‍ പ്രയാസമായി മാറി എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1922ല്‍ ദേവസ്വത്തെ റവന്യൂ വകുപ്പില്‍ നിന്നും വിഭജിച്ച് പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചതോടെ ക്ഷേത്രങ്ങളുടെ ഭരണത്തിനായി ദേവസ്വം ഫണ്ട് രൂപീകരിച്ച് സര്‍ക്കാര്‍ ഒരു നാമ മാത്രമായ തുക വാര്‍ഷിക ഗ്രാന്റായി ക്ഷേത്രങ്ങള്‍ക്കു നല്കാന് തുടങ്ങി.
ദേവസ്വം ബോര്‍ഡ് രൂപീകരണം
1949 തിരു-കൊച്ചി ലയനത്തോടെ അന്നത്തെ രാജാക്കന്മാര് കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ഉടമ്പടിയുടെ ഭാഗമായി തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ക്കുള്ള വാര്‍ഷിക വിഹിതം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 290ബി പ്രകാരം ഉറപ്പാക്കി. സംസ്ഥാന പുനഃസംഘടനയോടെ തിരുവിതാംകൂറിലെ ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ കുറെ ക്ഷേത്രങ്ങള്‍ കന്യാകുമാരി ദേവസ്വത്തിലേക്ക് ചേര്‍ക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രാസ് ഹിന്ദു മത ധര്‍മ സ്ഥാപന വകുപ്പിന്റെ കീഴിലായി. ഈ വകുപ്പിലെ ഉദ്യോഗസ്ഥരെ പബ്ലിക് സര്‍വീസ് കമ്മീഷന് നിയമിക്കുമായിരുന്നു. 1971ല്‍ ഗുരുവായൂര്‍ കൂടല്‍ മാണിക്യ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹിന്ദുക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1971 ഓടെ ക്ഷേത്ര ഭരണത്തിലെ മഹാരാജാക്കന്മാരുടെ നാമമാത്രമായ അധികാരങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു
സര്‍ക്കാര്‍ നിയന്ത്രണം വിമര്‍ശിക്കപ്പെടുന്നു
1961 ല്‍ സര്‍ക്കാര്‍ നിയമിച്ച കുട്ടികൃഷ്ണ മേനോന് കമ്മീഷന് അതിന്റെ റിപ്പോര്‍ട്ടില്‍ ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ വത്കരണത്തെ എതിര്‍ത്തു. 1984 ലെ ശങ്കരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയന്ത്രണത്തിനെയും രാഷ്ട്രീയ വല്‍ക്കരണത്തെയും എതിര്‍ത്തു റിപ്പോര്‍ട്ട് നല്കി.1991 ല്‍ ഹൈക്കോടതി നിയമിച്ച ഉന്നതാധികാര കമ്മീഷന് ക്ഷേത്ര ഭരണത്തിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം മെംബേര്‍സ് ആയി ഈശ്വര വിശ്വാസം ഇല്ലാത്തവരെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായിട്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറി മാരും മുന്‍ എംഎല്‍എമാരെയും ഒക്കെ നിയമിച്ചു സര്‍ക്കാര്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു.
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍-ബോര്‍ഡ് നിലപാടുകള്‍
ശബരിമല വിഷയത്തിലെ കേരള സര്‍ക്കാര്‍ ആചാര വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് നാം കണ്ടതാണ്. ക്ഷേത്ര ഭരണത്തിനായുള്ള ദേവസ്വം ബോര്‍ഡ് സ്ത്രീ പ്രവേശനം സാധ്യമാകുന്ന രീതിയില്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം ഹിന്ദു വിരുദ്ധവും നീതി നിഷേധവും ആണ്. ഇരുട്ടിന്റെ മറവില്‍ രണ്ടു ആക്റ്റീവിസ്റ്റ് ആയ സ്ത്രീകളെ സന്നിധാനത്തില്‍ എത്തിച്ച കേരള സര്‍ക്കാര്‍ ആചാര ലാംഘനത്തിന് വഴി തെളിച്ചു. വനിതാ മതില് കെട്ടി ഹിന്ദു വിശ്വാസത്തെ വെല്ലുവിളിച്ച സര്‍ക്കാര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ഒരു പിന്മാറ്റത്തിന് വഴിതെളിച്ചു. ആചാര സംരക്ഷണത്തിനായി പന്തളം രാജകൊട്ടാരവും നായര്‍ സര്‍വീസ് സൊസൈറ്റിയും വിവിധ ഹിന്ദു സംഘടനകള്‍ക്ക് പിന്തുണ നല്‍കിയത് ഏറെ ശ്രദ്ധേയമാണ് ക്ഷേത്ര വിമോചനം പൂര്‍ണമായും നടപ്പില്‍ വന്നാല്‍ ക്ഷേത്രങ്ങള്‍ അഭിവൃദ്ധിയില്‍ എത്തും എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായമില്ല. ഇതിനായി കൂട്ടായ പ്രയത്നം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: