ന്യൂദല്‍ഹി:നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ മികച്ചതായെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും കരുതുന്നതായി സർവേ. മറ്റു രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ഭൂരിഭാഗം പേരും കരുതുന്നതായും സര്‍വ്വേ ഫലം പറയുന്നു. ഇതേ വിഷയത്തെ ആസ്പദമാക്കി 2013ൽ നടത്തിയ സർവേയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയ്‌ക്കനുകൂലമായ അഭിപ്രായത്തില്‍ 82 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സീ വോട്ടറും അമേരിക്കയിലെ സ്റ്റിംസണും സംയുക്തമായാണ് സര്‍വ്വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ പിന്തുണയാണ് ജനങ്ങള്‍ സര്‍വ്വേയില്‍ പ്രകടിപ്പിച്ചത്. ഇത് 2024ലെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
മോദിക്കുള്ള പിന്തുണ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍:
ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ 81 ശതമാനം പിന്തുണ മോദിക്ക് കല്‍പിക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട 78 ശതമാനം പേരും മോദിയെ പിന്തുണയ്‌ക്കുന്നു. മുസ്ലിങ്ങളില്‍ 56 ശതമാനവും ക്രിസ്ത്യന്‍ സിഖ് സമുദായങ്ങളില്‍പ്പെട്ട 32ശതമാനവും മോദിയെ പിന്തുണയ്‌ക്കുന്നതായാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. അതായത് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരിലും മോദിക്ക് മികച്ച പിന്തുണ നല്‍കുന്നു എന്നതാണ് സര്‍വ്വേ ഫലം.
യുഎസ് ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്‍ററിന് വേണ്ടി സി വോട്ടർ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 90 ശതമാനവും ‘മറ്റു രാജ്യങ്ങളെക്കാളും മികച്ച രാജ്യമാണ് ഇന്ത്യ’ എന്ന് അഭിപ്രായപ്പെട്ടു.
ഈ വർഷം ഏപ്രിൽ 13നും മെയ് 14 നും ഇടയിൽ 28ലധികം സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പ്രതികരിച്ച 7,000 പേർക്കിടയിലാണ് സിവോട്ടർ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി അല്ലെങ്കിൽ ഒരു പരിധിവരെ പിന്തുണയ്‌ക്കുന്നു. ബിജെപിയുടെ പിന്തുണ 61 ശതമാനം ആയി ഉയർന്നിട്ടുണ്ട്.
ഇന്ത്യയുടെ സൈനിക ശക്തിയില്‍ മതിപ്പ്
ദേശീയ വികാരം ഇന്ത്യയുടെ സൈനിക ശക്തിയിലുള്ള ആത്മവിശ്വാസത്തിലേക്കും വ്യാപിച്ചു. ഒരു യുദ്ധമുണ്ടായാൽ ഇന്ത്യ തീർച്ചയായും പാകിസ്താനെ തോൽപ്പിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനവും വിശ്വസിക്കുന്നു. അതേ സമയം ചൈനയുമായുള്ള യുദ്ധത്തെക്കുറിച്ച് 72 ശതമാനം പേരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
യുദ്ധമുണ്ടായാല്‍ ഇന്ത്യ ചൈനയെയും പാകിസ്ഥാനെയും തോല്‍പിക്കും
ചൈനയെയും പാകിസ്താനെയും ഒരുമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മോദിയെ പിന്തുണയ്‌ക്കുന്നവരും അല്ലാത്തവരും കരുതുന്നതായി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 91 ശതമാനം മോദി അനുകൂലികളും കരുതുന്നത് ഇന്ത്യയ്‌ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ്. എന്നാൽ പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കാത്തവരും ഇതേ അഭിപ്രായം പങ്കിടുന്നു. ഇവരുടെ ശതമാനം 85 ആണ്. അതേസമയം, ചൈനയുമായുള്ള യുദ്ധമുണ്ടായാൽ മോദി അനുകൂലികൾ 75 ശതമാനവും എതിർക്കുന്നവർ 66 ശതമാനവും വിജയിക്കുമെന്ന് വിശ്വസിക്കുന്നു.
പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്‌ക്ക് വേണ്ടി അമേരിക്ക എത്തും
ഒരു അന്താരാഷ്‌ട്ര സംഘട്ടനമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക വരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, സിവോട്ടർ സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും അത് പാകിസ്താന് വേണ്ടി ‘തീർച്ചയായും’ അല്ലെങ്കിൽ ‘ഒരുപക്ഷേ’ ആയിരിക്കുമെന്ന് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ യുദ്ധമുണ്ടായാൽ 56 ശതമാനം ചൈന പാകിസ്താന്റെ സഹായത്തിന് എത്തുമെന്നും ഇന്ത്യ-ചൈന യുദ്ധമുണ്ടായാൽ പാകിസ്താൻ ചൈനയുടെ സഹായത്തിന് എത്തുമെന്നും (59 ശതമാനം) അഭിപ്രായപ്പെട്ടു.
ഇന്ത്യ ആണവക്കരുത്ത് വര്‍ധിപ്പിക്കണം
ഇന്ത്യ ആണവക്കരുത്ത് വര്‍ധിപ്പിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. ചൈന 2030ല്‍ അവരുടെ ആണവശക്തി നാല് മടങ്ങ് വര്‍ധിപ്പിച്ച് 1000 ആണവായുധങ്ങള്‍ സ്വന്തമാക്കുമെന്ന് പറയുന്നു. ഇന്ത്യയും ഇതുപോലെ ആണവശക്തി വര്‍ധിപ്പിക്കണമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: