ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്ന ഗുലാം നബി ആസാദിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രശംസ.
രാജ്യസഭാംഗമായുള്ള കാലാവധി തീര്‍ന്ന് പിരിയുന്ന യാത്രയയപ്പ് യോഗത്തില്‍ മോദി തന്നെ പ്രശംസിച്ചതിനെക്കുറിച്ച് ഗുലാം നബി വിശദീകരിച്ചു: “മോദി മനുഷ്യത്വം കാട്ടി. ഞാന്‍ കശ്മീരിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ഒരു വാഹനത്തിനുള്ളില്‍ ഗ്രനേഡ് പൊട്ടിത്തെറിയുണ്ടായി. ആളുകള്‍ തല്‍ക്ഷണം മരിച്ചു. ചിലയാളുകള്‍ക്ക് കാല് നഷ്ടമായി. മറ്റുള്ളവര്‍ക്ക് പരിക്ക്പറ്റി. അന്ന് ഗുജറാത്തിലെ മോദി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ കരയുന്ന ശബ്ദം അദ്ദേഹം കേട്ടു. അദ്ദേഹം എനിക്ക് വേണ്ടിയോ ഞാന്‍ അദ്ദേഹത്തിന് വേണ്ടിയോ കരഞ്ഞില്ല. ഗുജറാത്തിലെ ആളുകള്‍ കൊല്ലപ്പെട്ട ആ സംഭവം വീണ്ടും ഓര്‍മ്മിച്ചപ്പോള്‍ ഞാനും അദ്ദേഹവും കരഞ്ഞു. അതിന് ശേഷം കോണ്‍ഗ്രസിലുള്ളവര്‍ എനിക്കെതിരെ പിന്നീട് നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. “- ഗുലാംനബി ആസാദ് പറഞ്ഞു.
“നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ച് കൊടുത്തവര്‍ നരേന്ദ്രമോദിയുമായും ബിജെപിയുമായും കൈകോര്‍ത്തു. ഞാന്‍ അല്ല. പ്രധാനമന്ത്രി മോദി പറഞ്ഞത് എന്താണ് ? കോണ്‍ഗ്രസ് മുക്ത് ഭാരതം. കോണ്‍ഗ്രസ് മുക്ത് ഭാരതം നിര്‍മ്മിക്കാന്‍ മോദിയെ സഹായിച്ചവര്‍ അദ്ദേഹവുമായി കൈകോര്‍ത്തു. അക്കൂട്ടത്തില്‍ ഞാനില്ല. ലോകത്തിന് മുന്പില് പ്രസംഗിച്ചവര്‍ പിന്നീട് രഹസ്യമായി അദ്ദേഹത്തെ ആലിംഗനം ചെയ്തു. എന്നിട്ട് മോദിയോട് രഹസ്യമായി പറഞ്ഞു: ഞങ്ങള്‍ക്ക് താങ്കളുമായി യാതൊന്നും ഇല്ല. ഞങ്ങളുടെ ഹൃദയം കളങ്കമില്ലാത്തതാണ്. രാഹുല്‍ഗാന്ധിയല്ലേ മോദിയുമായി കൈ കോര്‍ത്തത്. അതോ ഞാനോ?”- ഗുലാം നബി ആസാദ് ചോദിച്ചു.
ആസാദിന്റെ ഹൃദയം മോദിവല്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിമര്‍ശിച്ച ജയ്റാം രമേശിനെതിരെയും ആസാദ് ആഞ്ഞടിച്ചു. “ഡിഎന്‍എയെക്കുറിച്ച് സംസാരിച്ച ഈ വ്യക്തി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമല്ല. ജയ്റാം രമേഷിന് പല പാര്‍ട്ടികളുടെയും ഡിഎന്‍എ ആണെന്നും ആസാദ് വിമര്‍ശിച്ചു. അദ്ദേഹം ജില്ലാ തലത്തിലോ ബ്ലോക്ക് തലത്തിലോ പ്രവര്‍ത്തിച്ചിട്ടില്ല. ഈ കഥ മെനഞ്ഞതിന്റെ പേരില്‍ അദ്ദേഹം രാജ്യസഭാംഗമായി. അദ്ദേഹത്തിന്റെ ഡിഎന്‍എ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഏത് ജില്ലയെ, ഏത് ബ്ലോക്കിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അയാള്‍ ഫ്രീലാന്‍സര്‍ (സ്വതന്ത്രപ്രവര്ത്തകന്) ആയിരുന്നു. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: