Categories: Kerala

കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരി പിടിയിൽ; ക്ലീനിംഗ് സൂപ്പര്‍വൈസര്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1812 ഗ്രാം സ്വര്‍ണം

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കൂടുതല്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Published by

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരി പിടിയില്‍. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പര്‍വൈസര്‍ വാഴയൂര്‍ പേങ്ങാട് സ്വദേശി കെ.സജിതയാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലെ ക്ലീനിങ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫാണ്.

1812 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംശയം തോന്നിയ ഇവരെ പരിശോധിച്ചപ്പോള്‍ രണ്ട് ചതുരാകൃതിയിലുള്ള സ്വര്‍ണമിശ്രിത കട്ടകള്‍ കണ്ടെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കൂടുതല്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. സ്വർണ്ണക്കടത്തു കേസിൽ നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനെയും പിടികൂടിയിരുന്നു.   കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. കടത്ത് സ്വർണവും നിരവധി പാസ്പോർട്ട്കളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. 320 ഗ്രാമം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലും രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാർജയിൽ നിന്ന് എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരില്‍ കസ്റ്റംസിന്റെ പിടിയിലായത്. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വര്‍ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് കൂടുകയാണ്.രണ്ടു ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം സ്വര്‍ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by