സനല്‍ പുരുഷോത്തമന്
തൊടുപുഴ: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായത് സിപിഎം ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത. ബാങ്ക് നിയമങ്ങള്‍ പാലിക്കാതെ, സ്വത്ത് മൂല്യം പരിശോധിക്കാതെ വന്‍തോതില്‍ വായ്പ നല്കി കമ്മീഷന് പറ്റിയപ്പോള്‍ കുരുക്കിലായത് സാധാരണക്കാരായ നിക്ഷേപകരാണ്. പെന്ഷന് തുകയടക്കം നിക്ഷേപിച്ച് വരുമാനം ലഭിക്കുമെന്ന് വിശ്വസിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
മാര്‍ച്ചിലെ കണക്ക് പ്രകാരം ആകെ 189 കോടിയാണ് ബാങ്ക് വായ്പ നല്‍കിയിരിക്കുന്നത്. ഇതില്‍ 75 കോടിയും കിട്ടാക്കടമായി. ഈട് വസ്തുക്കളുടെ മൂല്യത്തിന്റെ പല മടങ്ങാണ് വായ്പയായി നല്‍കിയിരിക്കുന്നത്. ജപ്തി ചെയ്താല്‍ വായ്പാ നല്കിയ മുതല്‍ പോലും തിരിച്ച് പിടിക്കാനാകില്ല. സഹ. വകുപ്പ് ഓഡിറ്റര്‍മാര്‍ ഇത് പരിശോധിച്ചെങ്കിലും അനുകൂല റിപ്പോര്‍ട്ട് കൊടുക്കാനായി വലിയ സമ്മര്‍ദമാണ് ഇവര്‍ക്ക് മേല്‍ ഉണ്ടായത്.
47 കോടിയോളം രൂപയാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വ്യാപാരി ബാങ്കില്‍ അടയ്ക്കാനുള്ളത്. അടുത്തിടെ വ്യാപാരിയുടെ സ്വത്തിന്റെ മൂല്യം പരിശോധിച്ചെങ്കിലും 20 കോടിയാണ് കണ്ടെത്തിയത്. കുടയത്തൂരിലെ വിവാദമായ പാറമടയ്ക്ക് 12 കോടിയാണ് നല്‍കിയിരിക്കുന്നത്. തൊടുപുഴയിലെ സ്വകാര്യ കോളജിന് 12 കോടിയും മുട്ടത്തെ അബ്കാരിക്ക് 20 കോടിയും വായ്പ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍തുകകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ താല്പര്യം മുന്നില്‍ കണ്ട് നല്‍കിയെന്നാണ് വിവരം.
4 വര്‍ഷം മുമ്പാണ് ക്രമക്കേട് കണ്ടെത്തിയതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അര്‍ബന്‍ ബാങ്കിന് ആദ്യം കൂച്ചുവിലങ്ങിടുന്നത്. ആദ്യപടിയായി പ്രവര്‍ത്തന ലാഭ വിഹിതം(ഡിവിഡന്റ്) കൊടുക്കുന്നത് തടഞ്ഞു. രണ്ടാം കൊല്ലം ലോണ്‍ കൊടുക്കുന്നത് നിരോധിച്ചു. മൂന്നാം വര്‍ഷം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് തടഞ്ഞു. അവസാനമായി എടിഎം അടക്കം പൂട്ടി സര്‍വ ഇടപാടുകളും ആര്‍ബിഐ മരവിപ്പിക്കുകയായിരുന്നു. ആര്‍ബിഐ ഇടപെടുന്നതിന് മുമ്പ് വലിയ തുക ഭീമമായ കമ്മീഷനായി വാങ്ങി ലോണുകളില്‍ ചിലത് തീര്‍പ്പാക്കിയിട്ടുമുണ്ട്.
മൂന്ന് മാനദണ്ഡങ്ങള്‍ ആണ് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്. നോണ്‍ പെര്‍ഫോമിങ് അസെറ്റ്സ് അഥവാ കിട്ടാക്കടം(എന്‍പിഎ), കൊടുക്കുന്ന ലോണിന്റെ 25% റിസേര്‍വ് പണം, ക്യാപ്പിറ്റല്‍ ടു റിസ്ക് വെയ്റ്റഡ് അസെറ്റ്സ് റെഷ്യൂ(സിആര്‍എആര്‍) എന്നിവയാണ് അവ. ഇവ മൂന്നിലും റേറ്റിങ് കുത്തനെ താഴെ പോയിരുന്നു. എന്‍പിഐ 10 ശതമാനം വേണ്ടിടത്ത് 39 ആണ് നിലവില്‍. സിആര്‍എആര്‍ ആറ് വേണ്ട സ്ഥലത്ത് നാലിലേക്ക് താഴ്ന്നു.
നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊടുപുഴ താലൂക്കിലെ മുഴുവന്‍ ഇടത് നിയന്ത്രണത്തിലുള്ള സഹ. സംഘങ്ങളുടെ പക്കല്‍ നിന്നും നിയമ വിരുദ്ധമായി 50 ലക്ഷം വീതം നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ തിരിച്ച് കൊടുക്കാമെന്ന് വ്യവസ്ഥയിലായിരുന്നു ഇത്. രണ്ട് മാസം കഴിഞ്ഞിട്ടും തുക തിരിച്ച് നല്‍കിയിട്ടില്ല. ഇത് സഹ. സംഘങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: