എസ്. ശ്രീനിവാസ് അയ്യര്‍
പന്ത്രണ്ടു രാശികളെ പ്രസവിച്ചു, വിശ്വജനനി! അഥവാ സാക്ഷാല്‍ പ്രകൃതിമാതാവ്. അതില്‍ പ്രഥമത്വം, കടിഞ്ഞൂല്‍ പിറവി എന്ന ബഹുമതി മേടം രാശിക്കാണ്.
മഹാകാലത്തെ ഒരു പുരുഷനായും ജ്യോതിഷം വിഭാവനം ചെയ്തിരിക്കുന്നു. വിശ്വപുരുഷന്, വിരാട്പുരുഷന് എന്നൊക്കെയുള്ള സങ്കല്പത്തോട് ഇണങ്ങിപ്പോകുന്ന ഒരു മഹിത വിഭാവനമാണത്. ‘കാലപുരുഷന്‍’ എന്നാണ് ഋഷിവര്യര്‍ നല്കിയ നാമം. പന്ത്രണ്ട് രാശികള്‍ കാലപുരുഷന്റെ പന്ത്രണ്ട് അവയവങ്ങള്‍. അതില്‍ ഉത്തമാംഗം/തല ആണ് മേടം രാശി. അതിനാല്‍ മേടം രാശി ലഗ്നമോ ചാന്ദ്രരാശിയോ, മേടം ജന്മമാസമോ ആയവരില്‍ ഒരു ‘തലപ്പൊക്കം’ കണ്ടേക്കാം. കവിയെ അനുസ്മരിച്ചാല്‍ ‘സഹ്യനെക്കാള്‍ തലപ്പൊക്കം’ എന്നും എഴുതാം.
മേടക്കൂറില്‍ വരുന്ന നക്ഷത്രങ്ങള്‍ അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം എന്നിവ മൂന്നുമത്രെ! ഈ ലേഖനം മേടക്കൂറുകാരെയും മേടലഗ്നത്തില്‍ ജനിച്ചവരേയും ഉദ്ദേശിച്ചാണ്. ഒപ്പം മേടം രാശിയുടെ പൊതുഫലങ്ങളും നോക്കിക്കാണുവാന്‍ ശ്രമിക്കുന്നുണ്ട്.
രാശികളില് ഒന്നാമത്തേതെന്ന് പറഞ്ഞുകഴിഞ്ഞു. അതിനാലാവണം ഈ രാശിക്കാര്‍ കുടുംബത്തില്‍ പ്രഥമ സന്താനങ്ങളാവുന്നത്. ചിലപ്പോള്‍ ജന്മം കൊണ്ടല്ല, കര്‍മം കൊണ്ട് അങ്ങനെയായെന്നും വരാം. ‘സഹോത്ഥാഗ്രജഃ’ എന്ന വരാഹഹോരയിലെ വാക്യത്തിന്റെ പൊരുളതായിരിക്കും…
സംസ്കൃതത്തില്‍ മേഷം എന്നത് നാം മേടം എന്നാക്കി. രാശിക്ക് ആടിന്റെ സ്വരൂപമാണെന്ന് വിജ്ഞാനികള്‍. അതിനാല്‍ ആടിന്റെ പേരുകള്‍ (അജം ഉദാഹരണം) പര്യായങ്ങളായി. രാശിസ്വരൂപം എന്നാലോ പാവം കുഞ്ഞാടിന്റേതാണെന്ന് നിനയ്ക്കേണ്ട! മുട്ടാനൊരുങ്ങുന്ന ആടിന്റേതാണ് എന്ന് വ്യാഖ്യാനമുണ്ട്. അതില്‍ നിന്നും മേടം രാശിയുടെ, അതില്‍ ജനിച്ച മനുഷ്യരുടെ ഊക്കിലേക്ക്, തന്റേടത്തിലേക്ക്, വേണമെങ്കില്‍ പരുക്കത്തത്തിലേക്കും ഒക്കെ വാതില്‍ തുറന്നുകിട്ടുകയുമായി…
മേടം രാശി, ചൊവ്വയുടെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ്. ചൊവ്വയുടെ ഉത്കര്‍ഷേച്ഛ, നേതൃസിദ്ധി, നിത്യതാരുണ്യരൂപം, ക്രോധാവിഷ്ടത, പിത്തപ്രകൃതം, കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് വാരിക്കോരിക്കൊടുക്കുകയും ചെയ്യുന്ന ഉദാരത എന്നിവയെല്ലാം അപ്പടി ഈ രാശിയിലെ മനുഷ്യര്‍ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്.
ചൊവ്വയുടെ അധികാരവും അവകാശവും കൂടാതെ ആദിത്യന്റെ ഉച്ചരാശി, ശനിയുടെ നീചരാശി തുടങ്ങിയ ഗ്രഹപരമായ ബന്ധങ്ങളുമുണ്ട്, മേടത്തിന്. ചൊവ്വയും സൂര്യനും ശനിയും പൊതുവേ പാപഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്ന ഗ്രഹങ്ങളാണ്. അതിനാല്‍ അറിഞ്ഞോ അറിയാതെയോ പാപബന്ധമോ, ക്രൗര്യമോ മേടം രാശിക്ക്/അതിലെ മനുഷ്യര്‍ക്ക് വന്നേക്കാം. ‘ക്രിയാ രാശി’ എന്ന വിശേഷണം മേടത്തിനുള്ളതിനാല് അധികവും കര്‍മ നിര്വഹണത്തിലൂടെയാവും ഈ പാപബന്ധം എന്നും ഊഹിക്കാം.
ശൂരന്‍, അഭിമാനി, ഉള്ളങ്കയ്യില്‍ ശക്തിയുടെ അഥവാ വേലിന്റെ അടയാളമുള്ളവന്‍ തുടങ്ങിയ മിഹിരാചാര്യരുടെ വാക്കുകള്‍ ഇവരുടെ ഉദ്ദാമവും ഉത്കടവുമായ ബലത്തിനെ ചൂണ്ടിക്കാണിക്കുന്നവയത്രെ! എന്നാല്‍ ബലം മാത്രമല്ല ദൗര്‍ബല്യവും ചേരുമ്പോള്‍ മാത്രമാണ് മനുഷ്യത്വം പൂര്‍ണമാകുന്നത്. വെള്ളത്തില്‍ ഭയമുള്ളവര്‍, അതിചപലര്, ക്ഷിപ്രപ്രസാദികള്‍, സ്വാഭാവികമായും ക്ഷിപ്രകോപികള്‍ എന്നിങ്ങനെയും വരാഹഹോരയില് മേടത്തിലെ മനുഷ്യര്‍ക്ക് വിശേഷണങ്ങളുണ്ട്. അങ്ങനെ ബലവും ബലഹീനതയും ഉള്ളവരായി മാറുന്നു. അതുതന്നെയല്ലേ, പൂര്ണമനുഷ്യത്വവും.
പുരുഷരാശി അഥവാ ഓജരാശിയാണ്, മേടം. ധാതുബലമുള്ളവരായിരിക്കും മേടവുമായി ബന്ധപ്പെടുന്നവര്‍. ചരരാശിയാകയാല് യാത്രാപ്രിയരും അസ്ഥിരചിത്തരും ആവാം. അഗ്നിതത്ത്വരാശി, വനപര്വതങ്ങളില് വിഹരിക്കുന്നത് എന്നുമുണ്ട് ചില
രേഖീയ ചിത്രങ്ങള്‍. കൈകാല്‍ മുട്ടുകള്‍ക്ക് ബലഹീനതയുണ്ട്. ചൂടുള്ള ഭക്ഷണം, ഇലക്കറികള്‍ എന്നിവ ഇഷ്ടപ്പെടും. സ്ത്രീപ്രിയര് എന്നിങ്ങനെയുമുണ്ട്, വരാഹമിഹിര വാക്യം. സൃഷ്ടിരാശിയും സൃഷ്ടി ഖണ്ഡത്തിലെ രാശിയുമാണ്. പൊതുവേ സൃഷ്ടിപരത ജന്മായത്തമാവും ഇവരില്‍. ‘അസ്ഥിരധനന്’ എന്ന പദത്തില്‍ ഇവരുടെ സാമ്പത്തിക കാര്യമാകെ വ്യക്തമാകുന്നുണ്ട്.
മേടം രാശി ചരരാശിയാകയാല് പതിനൊന്നാം രാശിയായ കുംഭത്തിന്റെ അധിപനായ ശനിയാണ് ഇവര്‍ക്ക് ബാധകാധിപന്. ചരരാശികള്ക്കെല്ലാം കുംഭം മഹാബാധാസ്ഥാനം എന്ന നിയമമനുസരിച്ച് നോക്കിയാലും ശനി ബാധാസ്ഥാനത്തുണ്ട്. അതിനാല്‍ ശനിദശ, ശനി അപഹാരം, ശനിയാഴ്ച, എല്ലാദിവസവും ഉള്ള ശനിയുടെ ഹോര, ശനിയുടെ രാശികളും ലഗ്നങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവയെല്ലാം മേടക്കൂറുകാര്‍ക്കും മേടലഗ്നക്കാര്ക്കും ഏതെങ്കിലും തരത്തില്‍ ക്ലേശത്തിനോ കാര്യവിഘ്നത്തിനോ അപചയത്തിനോ കാരണമായെന്നുവരാം.
മേടത്തിന്റെ ആദ്യാംശത്തിന് അശ്വതി ഒന്നാം പാദത്തിന് ഗണ്ഡാന്തദോഷമുണ്ട്. അതിലെ ജനനം ദുഃഖദുരിതാദികള്ക്ക് ഇടവരുത്തിയേക്കാം. പ്രസ്തുതനേരം മുഹൂര്ത്തവര്ജ്യമായ നവദോഷങ്ങളില്‍ ഉള്‍പ്പെട്ടതുമാണ്. ചുവപ്പു നിറത്തോടുകൂടിയത്, ആടിന്റെ സ്വരൂപമാകയാല്‍ നാല്ക്കാലിരാശി, രാത്രിയില്‍ ബലമുള്ളരാശി, പൃഷ്ഠോദയരാശി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ വേറേയുമുണ്ട്, മേടത്തിന്. ഇത്തരം ജനിതക സവിശേഷതകള്‍ ഓരോ രാശിക്കുമുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: