Categories: Samskriti

ഭാഗവതസ്തുതികളുടെ അര്‍ത്ഥതലങ്ങള്‍

അസത്തുക്കളെ ഇല്ലാതാക്കി സത്തുക്കളെ സംരക്ഷിക്കുകയും സര്‍വചരാചര രൂപിയായി പരമഹംസരുടെ ആശ്രമത്തിലും ഹൃദയത്തിലും ആത്മതത്വം പ്രദാനം ചെയ്ത് നിരുപമവും നിരതിശയവുമായ രൂപത്തോടെ വ്യാപിച്ചു നിന്ന് ലോക മാലിന്യത്തെ ദൂരീകരിക്കുന്ന ഭഗവാന്റെ തൃപ്പാദങ്ങളെ ഉപാസിച്ചാണ് വിവേകികള്‍ ഇഹത്തിലും പരത്തിലുമുള്ള സര്‍വ്വസംഗങ്ങളും വെടിഞ്ഞ് സായൂജ്യം നേടുന്നത്.

Published by

ഇറക്കത്ത് രാധാകൃഷ്ണന്‍

അദ്ധ്യാത്മിക ഗ്രന്ഥമായ ശ്രീമദ് ഭാഗവതത്തില്‍ പരമാത്മാവായ ശ്രീനാരായണനെ സ്തുതിക്കുന്ന അറുപതില്‍പ്പരം സ്തുതികളുണ്ട.് അധ്യാത്മരാമായണത്തില്‍ വിവിധ  കാണ്ഡങ്ങളിലായി സന്ദര്‍ഭോചിതമായി എഴുത്തച്ഛനും ധാരാളം നാരായണ സ്തുതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാമകീര്‍ത്തനത്തിനും സര്‍വ്വപാപഹരത്തിനും ദുഃഖ ശമനത്തിനും സിദ്ധൗഷധമാണ് നാമജപം. അതിനാല്‍ ഓരോ സ്തുതിയും ശ്രദ്ധയോടെ പഠിച്ചാല്‍ ആധ്യാത്മിക തത്ത്വം ഗ്രഹിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. ഭാഗവതത്തിലെ സാരാംശം മുഴുവന്‍ മനസ്സിലാക്കണമെങ്കില്‍ ഒന്നോ രണ്ടോ വ്യാഖ്യാനം മാത്രം പഠിച്ചാല്‍ പോരാ. പല പണ്ഡിതവര്യന്മാരുടെയും വ്യാഖ്യാനം പഠിക്കേണ്ടതാണ. ‘വിദ്യാവതാം ഭഗവതേ പരീക്ഷോ’ (വിദ്വാന്മാരുടെ സാമര്‍ത്ഥ്യം ഭാഗവതത്തില്‍ പരീക്ഷിച്ചറിയാം) എന്നാണല്ലോ.  

ഉദാഹരണത്തിന് പ്രഥമ ശ്ലോകമായ ‘ജന്മാദ്യസ്യ’ എന്നുതുടങ്ങുന്ന സ്തുതിക്ക് വംശീധരപണ്ഡിതന്‍ 100 വ്യാഖ്യാനങ്ങളാണ് നല്‍കിയിട്ടുള്ളത്. കേള്‍ക്കുമ്പോള്‍ നമുക്കത് മനസ്സിലാകും.  

ഈ ശ്ലോകത്തെ സാഹിത്യ കേസരി പണ്ഡിറ്റ് ഗോപാലന്‍നായര്‍ നാരായണന്‍, സരസ്വതി, ഗണപതി ശ്ലോകങ്ങളായി (സ്തുതികള്‍) വ്യാഖ്യാനിച്ചിട്ടുള്ളത് ഓര്‍ക്കുക.  

കുന്തീസ്തുതി, ഭീഷ്മസ്തുതി, ശിവസ്തുതി, ബ്രഹ്മസ്തുതി നാരദ സ്തുതി തുടങ്ങിയ അനേകം സ്തുതികള്‍ പഠിക്കുവാനും അര്‍ത്ഥം ഉള്‍ക്കൊള്ളുവാനും പരമാത്മാവിനെ അടുത്തറിയുവാനും അവസരം ലഭിക്കുന്നത് തന്നെ ജന്മാന്തര സുകൃതമാണ്.  

മനുഷ്യജീവിതത്തില്‍ അവസാന നാളുകളെ ഓര്‍ത്ത് പലരും വ്യാകുലപ്പെടാറുണ്ട.് മരണം ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ശ്വാസം ശരീരത്തെ വിട്ടു പോകുന്നതിനെക്കുറിച്ചാണ് ഉത്കണ്ഠ. അവസാന നിമിഷം വരെയും സുഖഭോഗ വസ്തുക്കളോടുള്ള മനുഷ്യന്റെ ആഗ്രഹത്തിന് ശമനമുണ്ടാകാത്തിടത്തോളം മരണഭയവും വര്‍ദ്ധിക്കും. സംന്യാസം സ്വീകരിച്ച ഒരു യോഗിക്ക് ശരീരം എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാന്‍ കഴിയും. അവര്‍ സമാധി ആകുന്ന മുഹൂര്‍ത്തം വരെ മുന്‍കൂട്ടി പ്രവചിക്കും. മരണമടുത്തിരിക്കുന്നു എന്ന് പല മനുഷ്യര്‍ക്കും തോന്നാം. എന്നാല്‍ അപ്പോഴും ഈശ്വരനെ സ്തുതിക്കാത്തവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അവര്‍ ഭാഗവതം വായിക്കുകയും ആത്മതത്ത്വങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ വിദ്യയിലൂടെ ജ്ഞാനം സമ്പാദിച്ച് ആത്മസായൂജ്യം നേടാന്‍ സാധിക്കുമെന്നാണ് വേദവ്യാസമുനി ശ്രീമദ്ഭാഗവതത്തിലൂടെ നമുക്ക് കാണിച്ചുതരുന്നത്.്ഏഴു ദിവസം മാത്രം ആയുസ്സ് ശേഷിക്കേ പരീക്ഷിത്ത് എന്ത് ചെയ്യണമെന്നറിയാതെ ഭഗവാനെ ശരണമായി പ്രാപിക്കാം എന്ന് മനസിലുറപ്പിക്കുമ്പോഴാണ് ബ്രഹ്മര്‍ഷിയായ ശ്രീ ശുകമുനി രാജകൊട്ടാരത്തിത്തിലെത്തിയത്.  

അത്രി, വസിഷ്ഠന്‍, ച്യവനന്‍, ശരദ്വാന്‍, അരിഷ്ട നേമി, ഭൃഗു, അംഗിരസ്, പരാശരന്‍, വിശ്വാമിത്രന്‍, ഉതത്ഥ്യന്‍, ഇന്ദ്രപ്രമദന്‍ ഇധ്മവാഹന്‍, ദേവലന്‍, ഭരദ്വാജന്‍, ഗൗതമന്‍, പിപ്പിലാദന്‍ മൈത്രേയന്‍, അഗസ്ത്യന്‍, ദ്വൈപായനന്‍, നാരദര്‍, ദേവര്‍ഷികള്‍, ബ്രഹ്മര്‍ഷികള്‍, രാജര്‍ഷികള്‍ തുടങ്ങി അനേകം ഋഷിശ്രേഷ്ഠന്മാരാണ് പ്രായോപവേശം ചെയ്തിരിക്കുന്ന പരീക്ഷിത്ത് മഹാരാജാവിനെ കാണാനും ആശ്വസിപ്പിക്കാനും ഉപദേശം നല്‍കാനും എത്തിച്ചേര്‍ന്നവര്‍. അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ശുകബ്രഹ്മര്‍ഷി. ഗംഗയുടെ തെക്കേക്കരയില്‍ വടക്കോട്ട് നോക്കി ഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുമ്പോഴാണ് ജ്ഞാനസ്വരൂപനും ഇന്ന ദിക്കില്‍ സഞ്ചരിക്കണമെന്ന് നിശ്ചയിക്കാത്തവനും  ബ്രാഹ്മണാദി ബ്രഹ്മചര്യാശ്രമ ലക്ഷണങ്ങള്‍ ഇല്ലാത്തവനും വസ്ത്രാദികള്‍പോലും ധരിച്ചിട്ടില്ലാത്ത വനും അവധൂത വേഷത്തിലെത്തിയവനുമായ ശുകമുനിയെ കാണുന്നത്.  

16 വയസ്സുള്ളവനും മൃദുത്വമുള്ള പാദങ്ങള്‍, കൈകള്‍, തുടകള്‍, കവിള്‍ത്തടങ്ങള്‍, മനോഹരമായ നീണ്ട കണ്ണുകള്‍, ഉയര്‍ന്ന നാസിക സമങ്ങളായ ചെവികള്‍, ശോഭനമായ പുരികം, ശംഖം പോലെ സുന്ദരവും മൂന്ന് രേഖകള്‍ ഉള്ളതുമായ കഴുത്ത്, എല്ലുകള്‍ പരന്ന് ഉയര്‍ന്ന നെഞ്ച്, വൃത്താകാരമായി നാഭി, മനോഹരമായ വയര്‍ ദിക്കുകളെ വസ്ത്രമാക്കി ചുരുണ്ടും അഴിഞ്ഞും കിടക്കുന്ന തലമുടിയും, നീണ്ട കൈകള്‍ ഉള്ളവനും ശ്രീനാരായണന്റെ കാന്തി വഹിച്ചിട്ടുള്ളവനും ശ്യാമള നിറമുഉള്ളവനും യൗവനകാന്തിയാല്‍ ആരെയും ആകര്‍ഷിക്കുന്നവനുമായ  ശുകമഹര്‍ഷിയുടെ തേജസ,് ലക്ഷണം ഇവ അറിഞ്ഞ എല്ലാവരും ഇരുന്ന പീഠങ്ങളില്‍ നിന്ന് എഴുന്നേറ്റ്  ശുകമുനിയെ നേരിട്ട് ചെന്ന് നമസ്‌കരിച്ചു. അഞ്ജലീബദ്ധനായി, പരീക്ഷിത്ത്  ശ്രീകൃഷ്ണഭഗവാനെ ചിത്തത്തില്‍ നന്നായി ഉറപ്പിച്ച,് മരണം അടുത്തിരിക്കുന്നവനായ ഒരുവന്‍ സര്‍വാത്മനാ ചെയ്യേണ്ടതായ പ്രവൃത്തി എന്താണെന്ന് പറഞ്ഞു തരുവാന്‍ അപേക്ഷിച്ചു.

പരീക്ഷിത്തിന്റെ പശ്ചാത്താപവും ഭഗവാനില്‍ ഉള്ള ഭക്തിയും മനസ്സിലാക്കിയിട്ട,് പരമതത്ത്വക്കുറിച്ച് ഉന്നയിച്ച ചോദ്യം ഏറ്റവും ശ്രേഷ്ഠവും ലോകഹിതവും ആത്മാവിനെ അറിഞ്ഞവര്‍ക്ക് സമ്മതവുമായ ശ്രീമദ്ഭാഗവതം ഉപദേശിച്ചുകൊടുക്കുന്നു.  

സകലതിനും ആത്മാവായും സകല ഐശ്വര്യപൂര്‍ണനായും സകലതിനേയും അതത് നിലയ്‌ക്കു നിര്‍ത്തി പരിപാലിക്കുന്നവനുമായ ശ്രീഹരിയെ സ്തുതിക്കുന്നു. ഇതാണ് പ്രസിദ്ധമായ ശുക സ്തുതി.

ജഗത്തിന്റെ ഉല്പത്തി, സ്ഥിതി, ലയം എന്നിവ ശരിയായി നടത്തുവാന്‍ ഭഗവാന്‍ സത്വം, രജസ്സ,് തമസ്സ് എന്നീ മൂന്ന് ശക്തികള്‍ക്ക് പ്രാധാന്യം നല്‍കി ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍ എന്നീ രൂപം ധരിച്ച് ത്രിമൂര്‍ത്തി ഭാവത്തില്‍ കാണുന്ന സകലതും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. ഇത് ഭഗവാന്റെ ലീലയായിട്ടാണ് ജ്ഞാനികള്‍ കാണുന്നത്.  

ത്രിഗുണങ്ങളും സ്വീകരിച്ച് ശരീരാദികളില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്ന പുരുഷോത്തമനായ ഭഗവാന് നമസ്‌കാരം. അസത്തുക്കളെ ഇല്ലാതാക്കി സത്തുക്കളെ  സംരക്ഷിക്കുകയും സര്‍വചരാചര രൂപിയായി പരമഹംസരുടെ ആശ്രമത്തിലും ഹൃദയത്തിലും ആത്മതത്വം പ്രദാനം ചെയ്ത് നിരുപമവും നിരതിശയവുമായ രൂപത്തോടെ വ്യാപിച്ചു നിന്ന് ലോക മാലിന്യത്തെ ദൂരീകരിക്കുന്ന ഭഗവാന്റെ തൃപ്പാദങ്ങളെ ഉപാസിച്ചാണ് വിവേകികള്‍ ഇഹത്തിലും പരത്തിലുമുള്ള സര്‍വ്വസംഗങ്ങളും വെടിഞ്ഞ് സായൂജ്യം നേടുന്നത്. മൃഗങ്ങളെ  വേട്ടയാടുന്നവരും ദ്വീപുകളില്‍ സ്വതന്ത്രമായി ജീവിക്കുന്നവരും കാട്ടാളരും പശുഹിംസകരും ഇത്തരത്തിലുള്ള മറ്റാരു തന്നെയായാലും ഭഗവാനെ ആശ്രയിച്ചാല്‍ അവരുടെ മേലും കരുണ ചൊരിഞ്ഞ് അവരുടെ അശുദ്ധി മാറ്റി ശുദ്ധി നല്‍കി ആത്മജ്ഞാനം പകരുന്ന പരമപൂജനീയ ഗുരുവേ അങ്ങേയ്‌ക്ക് എന്റെ നമസ്‌കാരം. ത്രിമൂര്‍ത്തികളുടെ പതിയും ലക്ഷ്മീ പതിയും യജ്ഞപതിയും ബുദ്ധിപതിയും ധരാപതിയും അന്തകര്‍ വൃഷ്ണികള്‍ തുടങ്ങിയവരുടെ പതിയും സ്വത്തുക്കളുടെ രക്ഷാ പതിയും സമാധിസ്ഥര്‍ക്ക് ആത്മതത്ത്വം പ്രകാശിപ്പിക്കുന്നവനും ജ്ഞാനികള്‍ക്ക് സഗുണമായും നിര്‍ഗുണമായും മുക്തിപ്രദാനമായി ശോഭിക്കുന്നവനും കല്‍പ്പാദി കാലത്തില്‍ ബ്രഹ്മഹൃദയത്തില്‍ സൃഷ്ടികളെ ചിന്തിപ്പിക്കുന്നവനും വേദവാണിയെ ബ്രഹ്മമുഖത്തു നിന്ന്  ഉത്ഭവിക്കുന്നവനുമായ പ്രഭുവേ അങ്ങേയ്‌ക്ക് എന്റെ നമസ്‌കാരം.  

തുടര്‍ന്ന് മുഖമാകുന്ന താമരപ്പൂവില്‍ നിന്ന് ജ്ഞാനമകരന്ദം ഒഴുക്കിയ ഭാഗവത കര്‍ത്താവായ പിതാവ് വ്യാസനേയും വണങ്ങിക്കൊണ്ട് സ്തുതി ഭഗവാന് സമര്‍പ്പിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by