ഗാന്ധിനഗർ: സുസുക്കി കമ്പനിയുടെ ഇന്ത്യയിലെ നാൽപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 18300കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റ്, ഗുജറാത്തിലെ സുസുക്കി ഇലക്ട്രിക് വാഹനനിർമ്മാണ യൂണിറ്റ്, ഗുജറാത്തിലെ സുസുക്കി ഇലക്ട്രിക് വാഹന ബാറ്ററി പ്ലാൻ്റ് എന്നിവയാണ് പുതിയ പദ്ധതികള്‍.
ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റിലൂടെ 11,000 കോടി രൂപയുടെയും ഗുജറാത്തിലെ ഹന്‍സല്‍പൂരില്‍ സ്ഥാപിക്കുന്ന സുസുക്കി ഇലക്ട്രോണിക് വാഹന ബാറ്ററി പ്ലാൻ്റിലൂടെ 7,300 കോടി രൂപയുടെയും നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പുതിയ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റിലൂടെ പ്രതിവര്‍ഷം 10 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും.
മാരുതിയുടെ വിജയത്തിന് പിന്നില്‍ ഇന്ത്യയിലെ ജനങ്ങളും സര്‍ക്കാരുമാണെന്ന് ആഘോഷത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മേല്‍നോട്ടത്തില്‍ ഉല്‍പാദനരംഗത്തെ സഹായിക്കുന്ന വിവിധ പദ്ധതികള്‍ കാരണം ഇന്ത്യയുടെ സമ്പദ്ഘടന വീണ്ടും കുതിക്കുകയാണെന്നും കിഷിദ പറഞ്ഞു.
ഇന്ത്യ- ജപ്പാൻ സഹകരണത്തിന്റെ ശക്തമായ പ്രതീകമാണ് മാരുതി- സുസുക്കിയുടെ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അക്രമിയുടെ വെടിയേറ്റ് ഈയിടെ കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള സൗഹൃദവും പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി പറഞ്ഞു. ഷിന്‍സോ ആബെ ഇന്ത്യയില്‍ എത്തിയപ്പോഴുള്ള ഓര്‍മ്മകള്‍ ഗുജറാത്തിലെ ജനങ്ങള്‍ ഇന്നും ഓര്‍മ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തും ജപ്പാനും തമ്മിലുള്ള ബന്ധം വെറും നയതന്ത്ര ബന്ധത്തിനും അപ്പുറമാണെന്നും മോദി വ്യക്തമാക്കി.
മൃഗങ്ങളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങള്‍ (ഇവയില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ലഭിക്കുന്നത്) ഒഴിവാക്കിക്കൊണ്ടുള്ള ഉറവിടങ്ങൾ പ്രയോജനപ്പെടുത്തി വൈദ്യുതീകൃത വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് കോപ്പൻഹേഗൻ ഉച്ചകോടിയിൽ ഇന്ത്യപ്രഖ്യാപിച്ച വിവരം ചടങ്ങിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. നികുതി ഇളവുകൾ നൽകിയും വായ്പ സൗകര്യങ്ങൾ ഉദാരമാക്കിയും രാജ്യത്ത് ഇലക്ട്രോണിക് വാഹന വിപ്ലവത്തിന് കളമൊരുങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വൈദ്യുതി വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അത് ടൂ വീലറായാലും ഫോര്‍ വീലറായാലും ശബ്ദമില്ലെന്നുള്ളതാണ്. ഈ നിശ്ശബ്ദത അതിന് പിന്നിലെ എഞ്ചിനീയറിംഗിന്റെ സവിശേഷത മാത്രമല്ല, ഇപ്പോള്‍ നടന്നുവരുന്ന ഒരു നിശ്ശബ്ദവിപ്ലവത്തിന്റെ ഭാഗം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2030ഓടെ ഇന്ത്യയുടെ വൈദ്യുതോല്‍പാദനത്തിന്റെ 50 ശതമാനവും മൃഗ-സസ്യ അവശിഷ്ടങ്ങളല്ലാത്ത ഉറവിടങ്ങളില്‍ നിന്നായിരിക്കുമെന്ന് ഇന്ത്യ കോപ് 26ല്‍ പ്രഖ്യാപിച്ചതാണെന്നും ആ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുസുക്കി മോട്ടോര്‍ കോര്‍പ്. മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി, പ്രസിഡന്‍റ് തോഷിറോ സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. പ്രായാധിക്യം വകവെയ്‌ക്കാതെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ തോഷിറോ സുസുക്കി എത്തിയത്. മോദിയും ഒസാമു സുസുക്കിയും തോഷിറോ സുസുക്കിയും കൈകോര്‍ത്തുപിടിച്ച് നില്‍ക്കുന്ന പടം ജപ്പാനില്‍ ഏറെ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: